ഇഴയരുത്, ഇരട്ടപ്പാത നിർമാണം

12.66 കിലോമീറ്റർ വരുന്ന ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 324.16 കോടി രൂപയും 1.80 കിലോമീറ്റർ വരുന്ന പാലക്കാട് ടൗൺ– പറളി ബൈപാസ് ലൈനിന് 163.57 കോടി രൂപയുമാണ് റെയ്‌ൽവേ അനുവദിച്ചിരിക്കുന്നത്.
Don't delay, dual carriageway construction

ഇഴയരുത്, ഇരട്ടപ്പാത നിർമാണം

file photo

Updated on

കഴിഞ്ഞ ദിവസം റെയ്‌ൽവേ അംഗീകാരം നൽകിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ കേരളത്തിലെ രണ്ടു സുപ്രധാന പാതകൾ ഉൾപ്പെടുന്നുണ്ട്. 12.66 കിലോമീറ്റർ വരുന്ന ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 324.16 കോടി രൂപയും 1.80 കിലോമീറ്റർ വരുന്ന പാലക്കാട് ടൗൺ– പറളി ബൈപാസ് ലൈനിന് 163.57 കോടി രൂപയുമാണ് റെയ്‌ൽവേ അനുവദിച്ചിരിക്കുന്നത്.

ട്രെയ്‌ൻ യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ഈ രണ്ടു പദ്ധതികളും യാഥാർഥ്യമാവുമ്പോൾ ഉണ്ടാവുന്നത്. സമയബന്ധിതമായി ഈ പദ്ധതികളുടെ പ്രവർത്തനങ്ങൾ നടക്കണമെന്നു കേരളം ആഗ്രഹിക്കുന്നുണ്ട്. എറണാകുളം മുതൽ ആലപ്പുഴ വഴി കായംകുളം വരെയുള്ള തീരദേശ റെയ്‌ൽ പാതയിൽ ഇരട്ടപ്പാതയുടെ നിർമാണം പൂർത്തിയാവുന്നതു വർഷങ്ങളായി കേരളം കാത്തിരിക്കുന്നതാണ്.

ആയിരക്കണക്കിനു ജനങ്ങളുടെ ട്രെയ്ൻ യാത്ര സുഗമമാവുന്നതിന് ഈ മേഖലയിൽ ഇരട്ടപ്പാത പൂർത്തിയാവേണ്ടതുണ്ട്. ട്രെയ്‌നുകൾ പിടിച്ചിടുന്നതു മൂലം യാത്രാസമയം വൈകുന്നത് ഈ വഴിയുള്ള യാത്രയിൽ സ്ഥിരം പ്രശ്നമാണ്. ഒറ്റപ്പാതയായതുകൊണ്ട് ഈ റൂട്ടിൽ കൂടുതൽ ട്രെയ്നുകൾ അനുവദിക്കുന്നുമില്ല. ട്രെയ്ൻ കിട്ടാൻ ഏറെ നേരം കാത്തിരിക്കേണ്ട ഗതികേടുണ്ട്. നിലവിലുള്ള ട്രെയ്‌നുകളിലാവട്ടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇരട്ടപ്പാതയുള്ള കോട്ടയം വഴി കൂടുതൽ ട്രെയ്‌നുകൾ അനുവദിക്കുമ്പോൾ ആലപ്പുഴയെ തഴയുന്നു എന്ന പരാതി സ്ഥിരമായി ഉയരുന്നതാണ്. കേരളത്തിലെ റെയ്‌ൽവേ വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രാധാന്യമുള്ള പദ്ധതി എന്ന നിലയിൽ വേണം ഈ ഇരട്ടപ്പാതയുടെ നിർമാണ പ്രവർത്തനങ്ങളെ കാണേണ്ടത്. നിർഭാഗ്യവശാൽ അതുണ്ടായില്ല എന്നതു നിരാശാജനകമാണ്.

കായംകുളം മുതൽ അമ്പലപ്പുഴ വരെ ഇപ്പോൾ ഇരട്ടപ്പാതയുണ്ട്. എറണാകുളം മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇവിടെ സ്ഥലമേറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. പാലങ്ങളുടെ പണി നടക്കുന്നു. പാതയ്ക്കു വേണ്ടി മണ്ണിട്ട് ഉയർത്തുന്ന പ്രവർത്തനങ്ങളും നടക്കുകയാണ്. തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള 46 കിലോമീറ്റർ രണ്ടാം പാതയാണ് വർഷങ്ങളായി അനുമതി കിട്ടാതെ കിടന്നിരുന്നത്.

ഈ മേഖലയിലെ പാത ഇരട്ടിപ്പിക്കലിന് 1,720 കോടി രൂപയുടെ എസ്റ്റിമേറ്റ് 2017ൽ തയാറാക്കിയതാണ്. പക്ഷേ, അനുമതി ലഭിച്ചില്ല. ഇതേത്തുടർന്നാണു പദ്ധതിയെ മൂന്നായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കി തയാറാക്കിയത്. അതിലൊരു വിഭാഗമാണ് അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ളത്. ആലപ്പുഴ- മാരാരിക്കുളം, മാരാരിക്കുളം- തുറവൂർ എന്നിവയാണു മറ്റു രണ്ടു ഭാഗങ്ങൾ.

ഇതിൽ മാരാരിക്കുളം- തുറവൂർ പാതയ്ക്ക് 434 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ഇതിന് അംഗീകാരം നേടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എംപി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എത്രയും വേഗം ഈ ഭാഗത്തും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയണം. അതു കഴിഞ്ഞാൽ ആലപ്പുഴ മുതൽ മാരാരിക്കുളം വരെയുള്ള ഭാഗമുണ്ട്.

അതു പരിഗണിക്കാനും വൈകിക്കൂടാ. ഇപ്പോൾ അനുമതി കിട്ടിയ അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള പാതയുടെ സ്ഥലമേറ്റെടുപ്പും നിർമാണ പ്രവർത്തനങ്ങളും നീണ്ടുപോകാതെ നോക്കേണ്ടതുണ്ട്. ഈ ഭാഗം പൂർത്തിയായാൽ ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ ഇരട്ടപ്പാതയാവുമല്ലോ. അത്രയും സൗകര്യമാവും.

ആലപ്പുഴയ്ക്കു കൂടുതൽ ട്രെയ്‌നുകൾ അതോടെ കിട്ടുകയും ചെയ്യും. ചരക്കു ഗതാഗതത്തിനുള്ള സൗകര്യവും ഇതുവഴി വർധിക്കും. റെയ്‌ൽവേയുടെ വരുമാനം വർധിപ്പിക്കുന്നതിനും ഇതു സഹായമാവും. ഷൊർണൂരിൽ നിന്നുള്ള ട്രെയ്‌നുകൾക്ക് പാലക്കാട് ജംക്‌ഷനിൽ പോകാതെ ടൗൺ സ്റ്റേഷനിലൂടെ പൊള്ളാച്ചി, മധുര ഭാഗത്തേക്കു പോകാൻ സൗകര്യമൊരുക്കുന്നതാണ് പാലക്കാട് ടൗൺ– പറളി ബൈപാസ് ലൈൻ.

പാലക്കാട് ജംക്‌ഷനിലെ എൻജിൻ റിവേഴ്സൽ ഒഴിവാകും. ജംക്‌ഷനിലെ തിരക്കിനും കാലതാമസത്തിനും പരിഹാരമാവും. യാത്രാസമയത്തിലുണ്ടാവുന്ന ലാഭം യാത്രക്കാർക്കു ഗുണകരമാവുകയും ചെയ്യും. പാലക്കാടു നിന്ന് കൂടുതൽ ട്രെയ്നുകൾ തുടങ്ങാനും ഇത് അവസരമൊരുക്കും.

വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് പാലക്കാട് റെയ്‌ൽവേ സ്റ്റേഷനിൽ നടക്കുന്നത്. പാലക്കാട് ടൗൺ റെയ്‌ൽവേ സ്റ്റേഷനിൽ 62 കോടി രൂപ ചെലവിൽ നടക്കുന്ന പിറ്റ് ലൈൻ നിർമാണം അവസാന ഘട്ടത്തിലാണ്. മേയ് മാസത്തോടെ പദ്ധതി കമ്മിഷൻ ചെയ്യാനാവുമെന്നാണു കരുതുന്നത്.

സിക്ക് ലൈൻ, സ്റ്റേബിളിങ് ലൈൻ എന്നിവയും വൈകാതെ പൂർത്തിയാവും. ഇതോടെ കൂടുതൽ ട്രെയ്‌നുകൾ പാലക്കാട് ടൗണിൽ നിന്ന് ആരംഭിക്കാനാവും. കോയമ്പത്തൂർ- ബംഗളൂരു വന്ദേഭാരത് പാലക്കാട്ടേക്കു നീട്ടുന്നതു പറഞ്ഞുകേൾക്കുന്നുണ്ട്. മംഗളൂരുവിൽ നിന്ന് പൊള്ളാച്ചി വഴിയുള്ള പുതിയ സർവീസിനെക്കുറിച്ചും കേൾക്കുന്നു. ഇത്തരം വികസന പദ്ധതികളുടെ ഭാഗമായാണ് ബൈപാസ് ലൈനും പദ്ധതിയിട്ടിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com