പൊറുക്കാനാവില്ല, സ്വർണക്കൊള്ളക്കാരോട്

അയ്യപ്പ സ്വാമിയുടെ സ്വർണം മോഷ്ടിച്ച ഒരാളോടു പോലും പൊറുക്കാനാവില്ല. അതിനു കൂട്ടുനിന്നവർ ആരൊക്കെയായാലും, അവർ എത്ര കൊമ്പത്തിരിക്കുന്നവരായാലും, അവരെ താഴെയിറക്കി പൊതുജനസമക്ഷം തുറന്നുകാണിക്കേണ്ടതുണ്ട്
sabarimala gold theft

ശബരിമല

Updated on

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണു ശബരിമലയിൽ നടന്നിരിക്കുന്നതെന്നാണ് ഓരോ ദിവസം കഴിയുംതോറും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നു മനസിലാവുന്നത്. ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പ ഭക്തർ സമർപ്പിച്ച കോടിക്കണക്കിനു രൂപയുടെ സ്വർണം ഈ നാട്ടിലെ വിശ്വാസി സമൂഹത്തെ മുഴുവൻ കബളിപ്പിച്ചുകൊണ്ട് ഒരു സംഘം തട്ടിപ്പുകാർ അപഹരിച്ചുകൊണ്ടുപോയി എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. സ്വർണത്തട്ടിപ്പ് വർഷങ്ങൾ മൂടിവയ്ക്കപ്പെട്ടു എന്നതും കാണാതിരുന്നുകൂടാ. ഹൈക്കോടതി ഇടപെടലിലാണു കൊള്ള പുറത്തുവന്നതു തന്നെ. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇനിയും എന്തൊക്കെ അടിച്ചുമാറ്റിയേനേ എന്ന ആശങ്ക ഉയരുന്നതു സ്വാഭാവികമാണ്. എത്ര ആവർത്തിച്ചു പറയേണ്ടിവന്നാലും ഈ കേസിന്‍റെ ഗൗരവം പറഞ്ഞുകൊണ്ടിരിക്കുക തന്നെ വേണം. അയ്യപ്പ സ്വാമിയുടെ സ്വർണം മോഷ്ടിച്ച ഒരാളോടു പോലും പൊറുക്കാനാവില്ല. അതിനു കൂട്ടുനിന്നവർ ആരൊക്കെയായാലും, അവർ എത്ര കൊമ്പത്തിരിക്കുന്നവരായാലും, അവരെ താഴെയിറക്കി പൊതുജനസമക്ഷം തുറന്നുകാണിക്കേണ്ടതുണ്ട്. മാതൃകാപരമായ കടുത്ത ശിക്ഷ തന്നെ കുറ്റവാളികൾക്കു നൽകേണ്ടതുണ്ട്.

രാഷ്‌​ട്രയ താത്പര്യമോ മറ്റേതെങ്കിലും തരത്തിലുള്ള താത്പര്യങ്ങളോ ഇക്കാര്യത്തിൽ നോക്കാനാവില്ല. താത്പര്യങ്ങളുള്ളവരുണ്ടാകാം. അവർക്കു വഴങ്ങുന്നതാവരുത് അന്വേഷണം. എല്ലാ സ്വാർഥ താത്പര്യങ്ങൾക്കും അപ്പുറം ജനങ്ങൾ ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നത് ഈ സംസ്ഥാനത്തോടു കൊടും കുറ്റകൃത്യം ചെയ്തവർ പിടിക്കപ്പെടണം എന്നതു തന്നെയാണ്. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളും അന്വേഷണത്തിൽ അനുവദിക്കരുത്. ഇപ്പോഴും ഒളിഞ്ഞിരിക്കുന്ന കുറ്റവാളികളുണ്ടെങ്കിൽ അവരെ പുറത്തുകൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘം ജനപക്ഷത്തുനിന്നുകൊണ്ട് ഊർജിതമായി അന്വേഷണം നടത്തണം. കുറ്റവാളികൾക്കു രക്ഷപെടാനുള്ള ഒരവസരവും ഉണ്ടാവരുത്. അന്വേഷണം ഇഴയുകയാണ് എന്ന തോന്നൽ തന്നെ നിർഭാഗ്യകരം എന്നേ പറയേണ്ടൂ. ഇപ്പോൾ അറസ്റ്റിലായവർക്കു സ്വാഭാവിക ജാമ്യത്തിനു വഴിയൊരുങ്ങുന്ന രൂപത്തിലാണ് അന്വേഷണം നീങ്ങുന്നത് എന്ന ആശങ്ക ഉയർന്നിട്ടുണ്ടല്ലോ.

എത്ര സ്വർണം അപഹരിച്ചു, ആരൊക്കെയാണു കൊണ്ടുപോയത് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഇപ്പോഴും ഉത്തരമായിട്ടില്ല. തുടക്കത്തിൽ കേട്ടതിനെക്കാൾ എത്രയോ വലുതാണ് ശബരിമലയിലെ സ്വർണക്കൊള്ള. ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിന്‍റെ കട്ടിളയിലെയും സ്വർണപ്പാളികൾ മാത്രമല്ല അടിച്ചുമാറ്റിയിരിക്കുന്നത്. പ്രഭാമണ്ഡലത്തിലെ സ്വർണം കൊള്ളയടിച്ചതായും കട്ടിള പാളികൾക്കു മുകളിലുള്ള ശിവരൂപം, വ‍്യാളി രൂപം എന്നിവയിൽ പൊതിഞ്ഞ സ്വർണം തട്ടിയെടുത്തതായും പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ടത്രേ. സ്വർണം കടത്തിയതിൽ രാജ്യാന്തര ഇടപാടുകളുണ്ടായിട്ടുണ്ടോ എന്നതിലും വ്യക്തതയായിട്ടില്ല. കോടതി തന്നെ സൂചിപ്പിച്ചതു പോലെ വൻ തോക്കുകളുണ്ടെങ്കിൽ അവരെ കണ്ടെത്താനുമുണ്ട്. തട്ടിപ്പിന് അന്താരാഷ്‌​ട്ര ബന്ധങ്ങളുണ്ടെന്നും പുരാവസ്തുക്കൾ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയിൽ വിൽക്കുന്ന സംഘവുമായി ദേവസ്വം ബോർഡിലെ ചിലർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സീനിയർ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഒരു പ്രവാസി വ്യ​വ​സാ​യി​യു​ടെ മൊ​ഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ചില നടപടികളൊക്കെ അന്വേഷണ സംഘം എടുത്തിട്ടുണ്ടെങ്കിലും ഒന്നിനും വ്യക്തതയായിട്ടില്ല.

സ്വർണം വിദേശത്തേക്കു കടത്തി പുരാവസ്തുവായി വിറ്റഴിച്ചു കോടികൾ ലാഭമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ വളരെ വലിയ സംഘം തന്നെയുണ്ടാവണം. അവർക്കു പലവിധ സ്വാധീനങ്ങളും കാണണം. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷ‍ണം എന്ന ആവശ്യം പ്രസക്തമാവുന്നതും. പ്രധാന പ്രതിയായ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ള്‍ ക്ഷേ​ത്രഭ​ര​ണം ന​ട​ത്തു​ന്ന ചിലരുടെയെങ്കിലും അറിവില്ലാതെ നടക്കുമെന്ന് ആർക്കും വിശ്വസിക്കാനാവില്ല. ശബരിമലയിൽ നിന്നു സ്വ​ര്‍ണ​പ്പാ​ളി​ക​ള്‍ പു​റ​ത്തു​കൊ​ണ്ടു​പോ​കാൻ അതിനു വേണ്ട അനുമതികളില്ലാതെ കഴിയില്ലല്ലോ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി സ​ന്നി​ധാ​ന​ത്ത് അ​നി​യ​ന്ത്രി​ത​മാ​യ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യാ​ണു വി​ല​സി​യ​ത് എന്നാണു കരുതേണ്ടത്. ഈ ​സ്വാ​ത​ന്ത്ര്യം ആ​രു ന​ൽ​കി​, ആരൊക്കെ ചേർന്നു നൽകി എന്നതു സംശ‍യങ്ങളില്ലാതെ തെളിയേണ്ടതുണ്ട്. എല്ലാ കാര്യത്തിലും വ്യക്തത വരുത്തേണ്ടത് അന്വേഷണ സംഘമാണ്. അവരെ വിശ്വസിക്കുന്ന ജനങ്ങളെ മാത്രം അന്വേഷണ ഉദ്യോഗസ്ഥർ മുന്നിൽ കണ്ടാൽ മതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com