കയറു കൊണ്ടല്ല വഴി തടയേണ്ടത്| മുഖപ്രസംഗം

റോഡരികിൽ മണ്ണും കല്ലും കൂട്ടിയിടുന്നതടക്കം സുഗമമായ ഗതാഗതത്തിനു തടസമുണ്ടാക്കുന്ന ഘടകങ്ങൾ പലതുണ്ട്
കയറു കൊണ്ടല്ല വഴി തടയേണ്ടത്| മുഖപ്രസംഗം

ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം റോഡിൽ മനുഷ്യ ജീവനുകൾ പൊലിയുന്നത് ഇവിടെ തുടർക്കഥയാണ്. യഥാസമയം അടയ്ക്കാത്ത റോഡുകളിലെ കുഴികളിൽ വീണും വെട്ടിപ്പൊളിച്ച കാനകളിൽ അകപ്പെട്ടും ഒക്കെ വാഹനാപകടങ്ങളുണ്ടായി നിരവധിയാളുകൾ മരിച്ചിട്ടുണ്ട്. കേബിളുകളിൽ കുരുങ്ങിയുണ്ടാവുന്ന അപകടങ്ങളും സമീപകാലത്തു പലതുണ്ടായി. റോഡരികിൽ മണ്ണും കല്ലും കൂട്ടിയിടുന്നതടക്കം സുഗമമായ ഗതാഗതത്തിനു തടസമുണ്ടാക്കുന്ന ഘടകങ്ങൾ പലതുണ്ട്. ഇതിനൊക്കെ പുറമേയാണു പൊലീസുകാരുടെ കയർ കഴുത്തിൽ കുരുങ്ങി ഒരു യുവാവിന്‍റെ മരണം സംഭവിച്ചിരിക്കുന്നത്. കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി സുരക്ഷ ഒരുക്കിയപ്പോഴാണ് എംജി റോഡ് ബ്ലോക്ക് ചെയ്യുന്നതിനായി പൊലീസ് റോഡിനു കുറുകേ പ്ലാസ്റ്റിക് കയർ കെട്ടിയത്. എസ്എ റോഡിൽ നിന്ന് എംജി റോഡിലേക്കു കയറുന്ന ഭാഗത്ത് പള്ളിമുക്ക് ജംക്ഷനു സമീപമായിരുന്നു കയർ കെട്ടിയുള്ള സുരക്ഷ.

കാണാൻ കഴിയാത്ത വിധമുള്ള ചെറിയ പ്ലാസ്റ്റിക് കയർ ഉപയോഗിച്ചാണോ റോഡ് തടയേണ്ടത് എന്ന ചോദ്യമാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നത്. കയർ ശ്രദ്ധയിൽപ്പെടാതെ സ്കൂട്ടർ ഓടിച്ചുപോയ മനോജ് ഉണ്ണിയെന്ന ഇരുപത്തെട്ടുകാരനാണ് കയറിൽ കുടുങ്ങി റോഡിൽ തലയിടിച്ചു വീണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മുന്നിൽ നിന്നിരുന്ന പൊലീസുകാർ കൈകാണിച്ചിട്ടും നിർത്താതെ പോയ, അമിത വേഗമുണ്ടായിരുന്ന ഇരുചക്ര വാഹനമാണ് അപകടത്തിൽ പെട്ടതെന്നു പൊലീസ് പറയുന്നുണ്ട്. അതു ശരിയാണെങ്കിൽ പോലും ഇങ്ങനെയൊരു അപകടമുണ്ടാക്കിയതിന് അതു ന്യായീകരണമാവുന്നില്ല. ആർക്കും എളുപ്പത്തിൽ കാണാവുന്ന വിധം ബാരിക്കേഡ് വയ്ക്കുന്നതുപോലുള്ള മാർഗങ്ങളാണു പൊലീസ് സ്വീകരിക്കേണ്ടിയിരുന്നത്. കയറിൽ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ഒരു റിബൺ പോലും കെട്ടിയിരുന്നില്ല എന്നു നാട്ടുകാർ പറയുന്നുണ്ട്. സാങ്കേതിക വിദ്യകൾ എത്രയോ പുരോഗമിച്ചു കഴിഞ്ഞു. അപ്പോഴും നമ്മുടെ പൊലീസും സുരക്ഷാ സംവിധാനങ്ങളും എവിടെയാണു നിൽക്കുന്നതെന്നു ചിന്തിപ്പിക്കുകയാണ് ഈ ദുരന്തം. എറണാകുളം പോലൊരു മെട്രൊ നഗരത്തിൽ, പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന പൊലീസിന്, കാണാൻ പോലും വലുപ്പമില്ലാത്ത പ്ലാസ്റ്റിക് കയർ കെട്ടി ഗതാഗതം തടയേണ്ട അവസ്ഥയാണെങ്കിൽ അതെത്ര ദയനീയമാണ്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒക്കെ സുരക്ഷയൊരുക്കുമ്പോൾ സാധാരണ ജനങ്ങളുടെ സുരക്ഷ കൂടി ഉറപ്പുവരുത്താൻ പൊലീസിനു ബാധ്യതയുണ്ട്.

ഒരു കുടുംബത്തിന്‍റെ മുഴുവൻ ആശ്രയമാണ് കയർ കുടുങ്ങി അറ്റുപോയത്. ഇത്തരം പ്രാകൃതമായ "തടയൽ രീതി'കൾ ഇനി ആവർത്തിക്കാതിരിക്കട്ടെ. അതിനു സർക്കാർ പൊലീസിനു കർശന നിർദേശം നൽകട്ടെ. റോഡിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കേണ്ട സാഹചര്യം ആവർത്തിക്കപ്പെടുന്നതാണ്. വലിയ നഗരങ്ങളിൽ പ്രത്യേകിച്ചും വിവിഐപി സന്ദർശനങ്ങൾ ധാരാളമായുണ്ടാവാം. റോഡ് തടയേണ്ട മറ്റു സാഹചര്യങ്ങളും ഉണ്ടാവാം. അതുകൊണ്ടുതന്നെ ഏറ്റവും ശാസ്ത്രീയമായ സംവിധാനങ്ങൾ അധികൃതർ ഒരുക്കിവയ്ക്കേണ്ടതാണ്, ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ തക്കവണ്ണം. കയർ എന്ന സൂത്രവിദ്യ ഇനി പരീക്ഷിക്കപ്പെടരുത്.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്കായി റോഡിനു കുറുകെ കെട്ടിയ കയറിൽ കുടുങ്ങി ഇരുചക്ര വാഹന യാത്രികൻ മരിക്കുന്നത് കേരളത്തിൽ ഇതാദ്യ സംഭവമല്ലെന്നതു പ്രത്യേകം ഓർക്കേണ്ടതാണ്. 2018 ഓഗസ്റ്റിൽ പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിച്ചപ്പോഴായിരുന്നു സമാനമായ ദുരന്തമുണ്ടായത്. കവടിയാർ മൻമോഹൻ ബംഗ്ലാവിനു സമീപമായിരുന്നു അന്നു കയർ കെട്ടി ഗതാഗതം തടഞ്ഞിരുന്നത്. അർധരാത്രിയോടെ ബൈക്കിൽ ആ വഴി വന്ന റെനി റോബിൻസൺ എന്ന യുവാവ് കയർ ശ്രദ്ധയിൽ പെടാതെ അപകടത്തിൽ പെട്ടു മരിക്കുകയായിരുന്നു. അന്നും ബൈക്ക് അമിത വേഗത്തിലായിരുന്നെന്ന വിശദീകരണമാണു പൊലീസ് നൽകിയത്. വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വേഗം കൂടുതലായതിനാൽ നിർത്താനായില്ലെന്നും പൊലീസ് പറഞ്ഞു.

ഈ ദുരന്തം ചർച്ചയായപ്പോൾ ഗതാഗതം നിയന്ത്രിക്കാൻ റോഡിനു കുറുകെ കയർ കെട്ടുന്നതു വിലക്കിക്കൊണ്ട് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടതാണ്. ബാരിക്കേഡുകൾ സ്ഥാപിക്കുമ്പോൾ അകലെനിന്നു കാണാവുന്ന വിധത്തിൽ റിഫ്ലക്റ്ററുകളും ഉണ്ടാവണമെന്നും നിർദേശിച്ചിരുന്നു. ഗതാഗതം തിരിച്ചുവിടുന്നതിനു മുൻപു തന്നെ അത് അറിയിച്ചുകൊണ്ടുള്ള ബോർഡ് വയ്ക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി. എന്നാൽ, പൊലീസിന് ഇപ്പോഴും കയർ തന്നെ ആശ്രയം എന്നതാണ് പരിതാപകരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com