മാധ്യമ രംഗത്തെ വളർച്ചയിൽ ആശങ്കയോ...?

വിവരങ്ങള്‍ നിമിഷനേരം കൊണ്ട് അറിയുന്ന യുഗത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്
We live in an era where information is available in an instant.

വിവരങ്ങള്‍ നിമിഷനേരം കൊണ്ട് അറിയുന്ന യുഗത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്

file poto

Updated on

വിജയ് ചൗക്ക്|സുധീർനാഥ്

ആദ്യ കാലത്ത് പറഞ്ഞിരുന്നത് ഒരു പത്രവാര്‍ത്തയ്ക്ക് ഒരു ദിവസത്തിന്‍റെ ആയുസ്സേ ഉള്ളൂ എന്നാണ്. പിറ്റേന്ന് പുതിയ വാര്‍ത്താ പത്രം വന്നാല്‍ തലേന്നത്തെ വാര്‍ത്തയ്ക്ക് ഒരു വിലയുമില്ലാതാകുമായിരുന്നു. പിന്നീട് ടെലിവിഷന്‍ വന്നപ്പോള്‍ വാര്‍ത്തകളുടെ ആയുസ് വാര്‍ത്താ ബുള്ളറ്റിനുകള്‍ തമ്മിലുള്ള സമയത്തിന്‍റെ അടിസ്ഥാനത്തിലായി. വാര്‍ത്താ ചാനലുകള്‍ വാര്‍ത്തകളുടെ ആയുസ് നിമിഷങ്ങളിലേയ്ക്ക് മാറ്റി. ഇന്‍റര്‍ നെറ്റും, ഫോര്‍ജിയും, ഫൈവ്ജിയും വാര്‍ത്തകളുടെ വേഗത കൂട്ടി. വിവരങ്ങള്‍ നിമിഷനേരം കൊണ്ട് അറിയുന്ന യുഗത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. സോഷ്യല്‍ മീഡിയ വാര്‍ത്തകളുടെ ആയുസ് നിമിഷ നേരമാക്കി മാറ്റി.

ഒരു വാര്‍ത്തയില്‍ നിന്ന് അടുത്ത വാര്‍ത്തയിലേയ്ക്ക് നാം ഒഴുകി പോകുകയാണ്. ഒരിക്കല്‍ കേരളീയരുടെ പ്രയങ്കരനായ ലീഡര്‍ കെ കരുണാകരനുമായി പ്രൊഫസര്‍ കെ വി തോമസിന്‍റെ എന്‍റെ ലീഡര്‍ എന്ന പുസ്തകത്തിന്‍റെ രചനാ വേളയില്‍ ഒരു ചോദ്യം ചോദിച്ചു. ലേഖകനായിരുന്നു എന്‍റെ ലീഡര്‍ എന്ന പുസ്തകത്തിലെ കാര്‍ട്ടൂണുകളും ചിത്രീകരണവും നിര്‍വ്വഹിച്ചത്. ലീഡര്‍ക്കെതിരെ ദിവസവും ആരോപണങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടല്ലോ...? വിഷമം തോന്നുന്നില്ലേ...? ചോദ്യം കേട്ട അദ്ദേഹം എന്നോട് രണ്ട് ദിവസം മുന്നിലത്തെ ഒരു പത്രത്തിലെ പ്രധാന തലക്കെട്ട് ചോദിച്ചു. ഓര്‍മ്മയില്ലെന്ന് പറഞ്ഞ ഉടനെ തലേന്നത്തെ ഒരു പ്രമുഖ പത്രത്തിലെ പ്രധാന തലക്കെട്ട് എന്തായിരുന്നു എന്നായി ചോദ്യം... ലീഡര്‍ തന്നെ മറുപടി തന്നത് ഇവിടെ പ്രസക്തമാണ്. ജനങ്ങള്‍ വാര്‍ത്തകള്‍ മറക്കും. ആരോപണങ്ങള്‍ നിലനില്‍ക്കില്ല. വാര്‍ത്തകള്‍ ആരോപണങ്ങളെ മൂടും. പക്ഷെ കളവ് ചെയതെങ്കില്‍ അത് എത്ര വാര്‍ത്ത കൊണ്ടും മൂടുവാനും സാധിക്കില്ല.

കുട്ടിക്കാലത്ത് വാര്‍ത്തകള്‍ അറിഞ്ഞിരുന്നത് പത്രത്തിലൂടെയും, റേഡിയോ വഴിയുമായിരുന്നു. ആകാശവാണിയുടെ തിരുവനന്തപുരം വാര്‍ത്തയും, ഡല്‍ഹി വാര്‍ത്തയും അക്കാലത്ത് വിശേഷപ്പെട്ടതായിരുന്നു. മനസില്‍ മായാതെ നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. 1984 ഒക്ടോബര്‍ 31. അന്ന് പതിവ് പോലെ സ്ക്കൂളിലേയ്ക്ക് പോയി. ഉച്ചയ്ക്ക് മുന്‍പ് തന്നെ സ്ക്കൂളിലെ ഉച്ചഭാഷിണിയില്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരണവാര്‍ത്ത പ്രഖ്യാപിച്ച് സ്ക്കൂളിന് അവധി നല്‍കുന്നു. വീട്ടിലേിയക്ക് നടന്ന് പോകുന്ന അവസരത്തില്‍ കവലകളില്‍ റേഡിയോയുടെ ചുറ്റും ആളുകള്‍ കൂട്ടം കൂടി നിന്ന് വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. വീടിന് സമീപമുള്ള ചായകടയിലെ റേഡിയോ അന്ന് ഉച്ചത്തിലാണ് വെച്ചിരുന്നത്. നല്ല ആള്‍കൂട്ടം വാര്‍ത്ത കേള്‍ക്കാന്‍ ചായകടയുടെ മുന്നിലുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള ആകാശവാണി വാര്‍ത്തയില്‍ വാര്‍ത്ത വായിച്ചിരുന്ന ഗോപന്‍ മരണ കാരണം സുരക്ഷാ ഭടന്‍മാരുടെ വെടിയുണ്ടകളാലാണെന്ന് പറയുന്നതും, തുടര്‍ന്ന് ചായകടയില്‍ നടന്ന നാടന്‍ ചര്‍ച്ചയും മനസിലെ മാറാത്ത ചിത്രവും, ശബ്ദവുമാണ്.

പത്രവായന കുട്ടി കാലം മുതല്‍ ഒരു ശീലമായിരുന്നു. എഡിറ്റോറിയലുകള്‍ക്ക് വാര്‍ത്തകളേക്കാള്‍ ശക്തി ഉണ്ടായിരുന്ന ഒരു കാലമായിരുന്നു അന്ന്. ജേര്‍ണലിസത്തിലേയ്ക്ക് താത്പര്യം ഉണ്ടാകാന്‍ വായന ഒരു ഘടകമായിരുന്നു. രാഷ്ട്രീയ ചലനങ്ങള്‍ നിയന്ത്രിക്കാന്‍ പലപ്പോഴും എഡിറ്റോറിയലുകള്‍ക്കും, ഒരു പരിധി വരെ വാര്‍ത്തകള്‍ക്കും സാധിച്ചിരുന്നു. ഇന്ന് അത് എത്ര കണ്ട് ശക്തമാണെന്ന് പറയുവാന്‍ സാധിക്കില്ല. ഇന്ന് മാധ്യമ സിന്‍റിക്കേറ്റുകളുടെ കാലമാണ്. വാര്‍ത്തകള്‍ ഏത് നിലയില്‍ വരണം എന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നു. അത് ഏത് മാധ്യമത്തിലായാലും സാധിക്കുന്നു എന്നിടത്താണ് വായനക്കാര്‍, അല്ലെങ്കില്‍ പ്രേക്ഷകര്‍ പരാജിതരാകുന്നത്. ഇന്ന് എഡിറ്റോറിയല്‍ എഴുതിയത് തെറ്റായി പോയെന്ന് പറഞ്ഞ് തിരുത്ത് കൊടുക്കുന്ന കാലമാണ്.

കാര്‍ട്ടൂണ്‍ വരയില്‍ തത്പരനായ സ്ക്കൂള്‍ കാലം ഓര്‍ത്തു പോകുകയാണ്. പത്ര താളുകളിലെ വാര്‍ത്തകള്‍ അധികരിച്ചായിരുന്നു അക്കാലത്ത് പിറ്റേന്നത്തെ കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെട്ടത്. സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ഏറെ മാറിയിരിക്കുന്നു. വായനക്കാര്‍ വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയുന്നു. ഒരു നേതാവിന്‍റെ പ്രസ്ഥാവന ഇറങ്ങി കഴിഞ്ഞാല്‍ ലോകത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും പരിഹാസവും, വിമര്‍ശന കമന്‍റുകളും, ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. ഇതിനെയൊക്കെ കവയ്ച്ചു വെയ്ക്കുന്നതായിരിക്കണം കാര്‍ട്ടൂണുകള്‍ എന്നതാണ് പ്രധാന വെല്ലു വിളി. മുന്‍ കാലങ്ങളില്‍ ജനങ്ങള്‍ നേതാക്കളെ കണ്ടിരുന്നത് പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകള്‍ കണ്ടിട്ടാണ്. ഇന്ന് നേതാക്കളെ ടിവിയിലൂടെ ദിവസവും ജനങ്ങള്‍ കാണുകയാണ്. സോഷ്യല്‍ മീഡിയയിലും, ഇന്‍റര്‍നെറ്റിലും തത്സമയ ചിത്രങ്ങള്‍ അവര്‍ കാണുന്നു. പോക്കറ്റിലുള്ള മൊബൈല്‍ ഫോണിലും ഇതൊക്കെ ലഭ്യമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് കാര്‍ട്ടൂണിലും നേതാക്കളുടെ മുഖം ക്യത്യമായി വരേണ്ടതുണ്ട്. അല്ലെങ്കില്‍ ജനം കാര്‍ട്ടൂണുകള്‍ തിരസ്ക്കരിക്കും. രൂപസാദ്യശ്യം ഉണ്ടാകണം എന്നത് പ്രാധാന്യമുള്ള കാര്യമാണ്.

കാര്‍ട്ടൂണിസ്റ്റുകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി അതിവേഗം ജനങ്ങളുടെ ക്കൈയ്യില്‍ എത്തുന്ന വാര്‍ത്തകള്‍കൊപ്പം സഞ്ചരിക്കുക എന്നതാണ്. പണ്ടൊക്കെ പത്രങ്ങളിലെ വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന ശീലമായിരുന്നു കാര്‍ട്ടൂണിസ്റ്റുകള്‍ പിന്തുടര്‍ന്നിരുന്നത്. വായനക്കാര്‍ അതു തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. പത്രം ഇറങ്ങുന്നതിന്‍റെ തലേന്ന് രാവിലെ തന്നെ കാര്‍ട്ടൂണുകള്‍ തയ്യാറാകുമായിരുന്നു. കാര്‍ട്ടൂണിന്‍റെ ബ്ലോക്കുകള്‍ ഉണ്ടാക്കുകയും, അത് മറ്റ് എഡിഷനുകളില്‍ എത്തിക്കുകയും ചെയ്യുന്നതിന് സമയം വേണം. ഇന്ന് പത്രം പ്രിന്‍റിങ്ങിന് പോകുന്നതിന്‍റെ തൊട്ട് മുന്‍പത്തെ വാര്‍ത്തയോ പ്രസ്ഥാവനയോ കാര്‍ട്ടൂണിന് വിഷയമാകും. അപ്പോഴും മറ്റൊരു വെല്ലുവിളി കാര്‍ട്ടൂണിസ്റ്റുകള്‍ക്കുണ്ട്. ട്രോളുകളാണത്. ഒരു പ്രത്ഥാവനയോ, പ്രഖ്യാപനമോ, രാഷ്ട്രീയ ചലനങ്ങളോ ഉണ്ടായാല്‍ ഉടന്‍ രസകരമായ ഒട്ടേറെ ട്രോളുകള്‍ ഇറങ്ങും. മുന്‍പ് ഒന്നോ രണ്ടോ ആശയങ്ങള്‍ കാര്‍ട്ടൂണിന് കരുതി വെയ്ക്കുന്ന കാര്‍ട്ടൂണിസ്റ്റിന്‍റെ ആശയം പലപ്പോഴും ട്രോളുകളില്‍ പ്രത്യക്ഷപ്പെട്ട് പ്രചരിക്കുന്നു. ഒരു കാര്‍ഡ്ഡൂണിസ്റ്റിന് ഇരുപതോളം ആശയം കണ്ടെത്തേണ്ട സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.

മുന്‍ കേന്ദ്രമന്ത്രിയും ലക്ഷദ്വീപിലെ ജനപ്രതിനിധിയുമായ പി എം സെയ്തിന്‍റെ മാധ്യമ സെക്രട്ടറിയായി സേവനം ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം ലേഖകനോട് പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ത്ത് പോകുന്നു. ലക്ഷദ്വീപുകാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വിവരം അറിഞ്ഞത് മാസങ്ങള്‍ കഴിഞ്ഞാണ്. കരയുമായി വാര്‍ത്താ വിനിമയ ബന്ധമില്ലാത്തതായിരുന്നു അതിന്‍റെ കാരണം. ഉരുകള്‍ കരയിലേയ്ക്ക് പോയി തിരിച്ച് വരുന്നത് ദ്വീപ് വാസികളുടെ നിത്യോപക സാധനങ്ങള്‍ മാത്രം കൊണ്ടായിരുന്നില്ല. ലോക വാര്‍ത്തകളും കൊണ്ടായിരുന്നു. ഇന്ത്യ സ്വാതന്ത്രമായെന്ന് ദീപുകാര്‍ തിരിച്ചറിഞ്ഞത് കരയില്‍ നിന്ന് എത്തിയ കപ്പലിലെ ത്രിവര്‍ണ്ണ പതാക കണ്ടത് വഴിയാണ്. മുന്‍പ് ബ്രിട്ടീഷ് പതാക മാത്രമായിരുന്നു കപ്പലുകളിലും ഉരുകളിലും പാറിയിരുന്നത്.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2004ല്‍ കൊറിയയില്‍ പി എം സെയ്ത് മരണ വാര്‍ത്ത അദ്ദേഹത്തിന്‍റെ മാധ്യമ സെക്രട്ടറിയായ ലേഖകന്‍ ഡല്‍ഹിയില്‍ ഇരുന്ന് സ്ഥിരീകരിച്ചത് ലക്ഷദ്വീപില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് എന്ന് പറയുമ്പോള്‍ നമ്മടെ വാര്‍ത്താ സംവിധാനം എത്ര കണ്ട് മുന്നേറി എന്ന് കാണുവാന്‍ സാധിക്കും. കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ എത്രണ്ട് ശരിയാണെന്ന് അറിയുവാനുള്ള ഒരു മാര്‍ഗ്ഗമാണ് പത്രം. ഇന്ന് പത്രങ്ങള്‍ വാര്‍ത്തകളുടെ സ്ഥിരീകരണത്തിനും സംഭവങ്ങളുടെ വിശകലനത്തിനുമായി ജനങ്ങള്‍ കാണുന്നു എന്നത് പരമാര്‍ത്ഥമാണ്. മരണ വാര്‍ത്തകാണ് പുതിയ കാലത്തെ അച്ചടി മാധ്യമങ്ങുടെ നിലനില്‍പ്പിന് താങ്ങായുള്ളത്. അത് മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കത്തത് ഒരു കാരണവുമാണ്.

ടൈലിഷനുകളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പലപ്പോഴും വിശ്വാസത കുറഞ്ഞ് വരികയാണ്. ചാനലുകളുടെ എണ്ണം കൂടിയതോടെ ബ്രേക്കിങ്ങ് ന്യൂസുകള്‍ നല്‍കി മുന്നില്‍ നില്‍ക്കാന്‍ മത്സരിക്കുകയാണ് എല്ലാവരും. പണ്ട് കാരണവന്‍മാര്‍ പറയുന്ന ചൊല്ല് പലപ്പോഴും ഇവിടെ ആവര്‍ത്തിക്കപെടേണ്ടതുണ്ട്. കാള പെറ്റൂന്ന് കേട്ടപ്പഴേ കയറെടുത്തൂ എന്നത്. അതുകൊണ്ടാണ് പലപ്പോഴും ബ്രേക്കിങ്ങായി കൊടുക്കുന്ന വാര്‍ത്തകള്‍ പിന്‍വലിക്കപ്പെടുന്നത്. ഇത്തരത്തില്‍ എത്രയോ ആളുകളാണ് പല ചാനലുകളിലൂടെ മരണപ്പെടുകയും മറ്റും ഉണ്ടായത്. അച്ചടി മാധ്യമങ്ങളിലെ പോലെ എഡിറ്ററും, ന്യൂസ് ഡെസ്ക്കും ഉണ്ടായിട്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. 24 മണിക്കൂറും വാര്‍ത്തകള്‍ നല്‍കേണ്ടി വരുന്നത് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളായി മാത്രമേ നമുക്കിതിനെ കാണുവാന്‍ സാധിക്കൂ.

ഇന്ന് സാമൂഹ്യ മാധ്യമങ്ങളുടെ കാലമാണ്. ഇവിടെ എഡിറ്ററും, പ്രൂഫ് റീഡറും, റിപ്പോര്‍ട്ടറും എല്ലാം ഒരാള്‍ തന്നെയാകുന്നു. ഏറ്റവും വലിയ അപകടം പതിയിരിക്കുന്നത് അവിടെയാണ്. സത്യവും, അസത്യവും കണ്ടെത്താന്‍ സാധിക്കില്ല. ഒരാള്‍ക്ക് പറയുവാനുള്ളത് തുറന്ന് പറയുവാന്‍ കഴിയുന്നു. ലക്ഷമണ രേഖകള്‍ പലപ്പോഴും കടന്നു പോകുന്നു. സഭ്യതയുടെ അതിര്‍ വരമ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തകര്‍ക്കപ്പെടുന്നു. അങ്ങിനെയുള്ള സാഹചര്യങ്ങള്‍ സമൂഹത്തില്‍ വളര്‍ന്ന് വരുന്നത് അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും. പത്രങ്ങള്‍ നിലനില്‍ക്കുവാന്‍ സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരം കാരണമാണ്. വിശ്വാസ്യതയാണല്ലോ പരമപ്രധാനം...

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com