

സമാധാനം, സ്ഥിരത എന്നിവയ്ക്കും മൂന്നു രാജ്യങ്ങളുടെയും താത്പര്യങ്ങൾക്കും ത്രികക്ഷി സഹകരണം ഉപകരിക്കും: ഗുവോ
Photo Credit: Reuters
റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ കഴിഞ്ഞയാഴ്ചയിലെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് ചൈനയുടെ പ്രതികരണം ശ്രദ്ധേയമാണ്. പുടിന്‍റെ ഇന്ത്യാ സന്ദർശനത്തോട് അനുകൂല നിലപാട് സ്വീകരിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം റഷ്യയും ഇന്ത്യയും ചൈനയും തമ്മിലുള്ള ത്രികക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പറയുകയുണ്ടായി. മേഖലയിലെയും ആഗോളതലത്തിലെയും സമാധാനം, സ്ഥിരത എന്നിവയ്ക്കും മൂന്നു രാജ്യങ്ങളുടെയും താത്പര്യങ്ങൾക്കും ത്രികക്ഷി സഹകരണം ഉപകരിക്കുമെന്നാണ് ഗുവോ അവകാശപ്പെടുന്നത്.
വളർന്നുവരുന്ന സാമ്പത്തിക വ്യവസ്ഥകളാണ് മൂന്നു രാജ്യങ്ങൾക്കുമുള്ളതെന്നും റഷ്യയും ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ തയാറാണെന്നും ചൈന പറയുന്നുണ്ട്. റഷ്യയുമായി വളരെ അടുത്ത ബന്ധമാണു ചൈനയ്ക്കുള്ളത്. അതുപോലെ തന്നെയാണ് റഷ്യയുടെ ഇന്ത്യാ ബന്ധവും. ചൈനയും ഇന്ത്യയും റഷ്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായുള്ള ഒരഭിമുഖത്തിൽ പുടിൻ വ്യക്തമാക്കിയിരുന്നു.
ആഴത്തിലുള്ള ഈ സൗഹൃദത്തിന് റഷ്യ വലിയ വില കൽപ്പിക്കുന്നുവെന്നാണു പുടിൻ പറയുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ത്രികക്ഷി സൗഹൃദത്തെക്കുറിച്ചു ചൈനയുടെ പ്രതികരണം. ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടെന്നും ഗുവോ അവകാശപ്പെടുന്നുണ്ട്. ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കു ചൈന തയാറാണെന്നും വ്യക്തമാക്കുന്നു.
റഷ്യ- ഇന്ത്യ- ചൈന (ആർഐസി) ത്രികക്ഷി സഹകരണം തൊണ്ണൂറുകളുടെ അവസാനം റഷ്യ നിർദേശിച്ചതാണ്. ആഗോള, മേഖലാ വിഷയങ്ങളിൽ മൂന്നു വൻ ശക്തികൾ സഹകരിച്ചുള്ള പ്രവർത്തനത്തിന് ഒരു സംവിധാനമുണ്ടാവുന്നത് യുഎസ് ആധിപത്യത്തിനു തടയിടാൻ സഹായിക്കുമെന്ന കാഴ്ചപ്പാടാണു റഷ്യയ്ക്കുണ്ടായിരുന്നത്. വിദേശ നയം, സാമ്പത്തിക നയം, സുരക്ഷ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിതല കൂടിയാലോചനകൾ ഇതിന്‍റെ ഭാഗമായി നടന്നിട്ടുണ്ട്. എന്നാൽ, പിന്നീട് ഇതിന്‍റെ പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു.
പ്രത്യേകിച്ച് 2020ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാവുന്ന അവസ്ഥയുണ്ടായി. പിന്നീട് ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നടപടികൾ ഇരു രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. ത്രികക്ഷി സഹകരണം ശക്തമാക്കുന്നതിന് റഷ്യ ഇപ്പോൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ചൈനയും അതിനോടു യോജിക്കുകയാണ്. എന്നാൽ, ചൈനയെ വിശ്വാസത്തിലെടുക്കുമ്പോൾ ഒരു ജാഗ്രത ഇന്ത്യയ്ക്ക് ആവശ്യമാണ്. മുൻ അനുഭവങ്ങളാണ് ഈ ജാഗ്രത അനിവാര്യമാക്കുന്നത്.
അമെരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കാതെ വേണം ഇന്ത്യയ്ക്കു ത്രികക്ഷി സൗഹൃദത്തെക്കുറിച്ച് ആലോചിക്കാൻ എന്നതും വിഷയമാണ്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് യുഎസ് ചുമത്തിയ ഒരു ന്യായീകരണവുമില്ലാത്ത 50 ശതമാനം തീരുവക്കെതിരേ ചൈന രംഗത്തുവരുകയുണ്ടായി. ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനീസ് വിപണിയിലേക്ക് അവർ സ്വാഗതം ചെയ്തു. ഇന്ത്യയും ചൈനയും പരസ്പര വിശ്വാസം വർധിപ്പിക്കുന്നത് ഏഷ്യയ്ക്കു മൊത്തത്തിൽ ഗുണം ചെയ്യുമെന്നു ചൈനീസ് നേതാക്കൾ വിശദീകരിക്കുന്നുണ്ട്.
അതിർത്തിയിൽ സമാധാനം തകർക്കാതിരിക്കാൻ ചൈന തയാറാവുക എന്നതാണ് ഏതു തലത്തിലുള്ള സഹകരണത്തിനും അനിവാര്യമായിട്ടുള്ളത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുടിന്‍റെ സന്ദർശനം വഴിയൊരുക്കിയിട്ടുണ്ടെന്നതു വസ്തുതയാണ്. വാണിജ്യ- സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താനുതകുന്ന കരാറുകൾ ഈ സന്ദർശനത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നു. 2030ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൻ ഡോളറായി ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് ഇരു രാജ്യങ്ങളും നീങ്ങുന്നത്. വ്യാപാരബന്ധം വിപുലമാക്കുന്നതു വഴി ഇരു രാജ്യങ്ങൾക്കും നേട്ടങ്ങളുണ്ടാകും. നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതും ലക്ഷ്യമാണ്. റഷ്യൻ ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും ഘടകങ്ങൾ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ ഇന്ത്യയിൽ നിർമിക്കാനുള്ള തീരുമാനം വളരെ പ്രാധാന്യമുള്ളതാണ്.
ഇന്ത്യൻ സേനയ്ക്ക് ഇതു സഹായകരമാവുമെന്നു മാത്രമല്ല മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും സാധ്യതയാണ്. ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണം കൂടുതൽ ദൃഢമാവുകയാണു ചെയ്യുന്നത്. ഊർജ മേഖലയിലെ സഹകരണവും ശക്തമായി തുടരും. കൃഷി, ആരോഗ്യം, ടൂറിസം തുടങ്ങി പല മേഖലകളിലും സഹകരണം വ്യാപിപ്പിക്കുന്നതിനാണ് ഇരു രാജ്യങ്ങളും സന്നദ്ധമാവുന്നത്. ഭീകരപ്രവർത്തനത്തിനെതിരേ ഒന്നിച്ചുനിന്നു പൊരുതുമെന്നാണ് നരേന്ദ്ര മോദിയും പുടിനും വ്യക്തമാക്കിയിട്ടുള്ളത്.
ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു റഷ്യയുടെ പിന്തുണ പുടിൻ വാഗ്ദാനം ചെയ്യുന്നതു പ്രധാനമാണ്. ഏതാനും മാസം മുൻപ് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും കഴിഞ്ഞവർഷം മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ഭീകരാക്രമണത്തെയും ഇരു നേതാക്കളും അപലപിക്കുകയുണ്ടായി. ഭീകരതക്കെതിരേ പ്രമുഖ ലോക രാജ്യങ്ങൾ ഒന്നിച്ചുനിന്നു പോരാടേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഏതു തരത്തിലുള്ള ഭീകരവാദവും ലോകസമാധാനത്തിനു ഭീഷണിയാണ്. പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു റഷ്യ പിന്തുണ നൽകിയെന്നത് ഇതോടു ചേർത്തു പറയേണ്ടതാണ്.