

ഏഷ്യൻ ഗെയിംസ്: നൂറിലെത്താതെ ഇന്ത്യ
ചൈനയിലെ ഹാങ്ചൗവിൽ 2023ൽ നടന്ന പത്തൊമ്പതാം ഏഷ്യൻ ഗെയിംസിൽ അഭിമാനകരമായ റെക്കോഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. നൂറിലേറെ മെഡലുകൾ എന്ന ലക്ഷ്യവുമായി ചൈനയിലേക്കു തിരിച്ച ഇന്ത്യൻ സംഘം അതിൽ വിജയം നേടുകയുണ്ടായി. 28 സ്വർണവും 38 വെള്ളിയും അടക്കമാണു 107 മെഡലുകൾ ഇന്ത്യയ്ക്കു കിട്ടിയത്. സ്വർണ മെഡലുകളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യാൻ ഇന്ത്യൻ സംഘത്തിനു കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ മെഡലെണ്ണം 100 കടന്നത്. സ്വാഭാവികമായും ഇക്കുറിയും നൂറിലേറെ മെഡലുകൾ എന്ന പ്രതീക്ഷ നമുക്കുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ജപ്പാനിലെ നഗോയയിൽ അവസാനിച്ച ഇരുപതാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മൊത്തം നേടിയത് 85 മെഡലുകളാണ്. 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും. മെഡൽ നിലയിൽ നാലാം സ്ഥാനത്ത് എത്തിയെങ്കിലും പ്രതീക്ഷിച്ച പല മെഡലുകളും നമുക്കു നഷ്ടമായി എന്നതു നിരാശപ്പെടുത്തുന്നതാണ്. അവസാന ദിവസങ്ങളിലെ സ്വർണ മെഡലുകളാണ് ഇന്ത്യയുടെ നില ഇത്രയെങ്കിലും മെച്ചപ്പെടുത്തിയത് എന്നു കൂടി ഇതോടൊപ്പം പറയേണ്ടതുണ്ട്.
ചൈനയും ജപ്പാനുമൊക്കെ കായിക രംഗത്തു തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു നിർത്തുമ്പോൾ അവരോടു മത്സരിക്കുന്ന പല കായിക ഇനങ്ങളിലും ഇന്ത്യയ്ക്ക് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട് എന്നതാണു വാസ്തവം. എന്തായാലും രാജ്യത്തിനായി മെഡലുകൾ നേടി ജപ്പാനിൽ നിന്നു തിരിച്ചുവരുന്ന മലയാളികൾ അടക്കം മുഴുവൻ കായിക താരങ്ങളും രാജ്യത്തിന്‍റെ അഭിനന്ദനം അർഹിക്കുന്നുണ്ട്. അവരുടെ നേട്ടങ്ങളെയൊന്നും ആർക്കും കുറച്ചുകാണാനാവില്ല. ഏഷ്യൻ ഗെയിംസ് പോലുള്ള വലിയ മത്സരങ്ങളിൽ മെഡൽ നേടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലല്ലോ. ഈ നേട്ടത്തിനു പിന്നിൽ അവരുടെ കഠിനാധ്വാനമുണ്ട്, ദൃഢനിശ്ചയമുണ്ട്, ആത്മവിശ്വാസമുണ്ട്. ഇന്ത്യൻ കായിക രംഗത്തിനു പുതിയ ഉണർവു പകരാൻ ഇവരുടെ നേട്ടങ്ങൾ ഉപകരിക്കട്ടെ.
ഇവിടെ നിന്ന് ഒളിംപിക്സിലെ റെക്കോഡ് പ്രകടനത്തിനുള്ള പരിശ്രമങ്ങൾ ആരംഭിക്കണം. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണ്. 2024ലെ പാരിസ് ഒളിംപിക്സിൽ ഒരു വെള്ളിയും അഞ്ചു വെങ്കലവുമാണ് ഇന്ത്യ നേടിയത്. അതായത് ഒരു സ്വർണ മെഡൽ പോലുമില്ലാത്ത മടക്കം. സ്വർണം അടക്കം മെഡലുകളുടെ എണ്ണത്തിൽ ഇരട്ടയക്കം തികയ്ക്കുക എന്നതാവണം അടുത്ത ഒളിംപിക്സിൽ നമ്മുടെ ലക്ഷ്യം. ഏഷ്യൻ ഗെയിംസിലെ നേട്ടങ്ങളും കോട്ടങ്ങളും വിശദമായി വിലയിരുത്തുകയും പോരായ്മകൾ പരിഹരിക്കുന്നതിന് കായിക താരങ്ങൾക്ക് ആവശ്യമായ മുഴുവൻ പിന്തുണയും നൽകുകയും ചെയ്യേണ്ടതുണ്ട്. 2036ഓടെ കായിക രംഗത്ത് ലോകത്തെ മികച്ച 10 രാജ്യങ്ങളിൽ ഉൾപ്പെടുക എന്നതാണ് നമ്മുടെ ലക്ഷ്യം. 2047ൽ ആദ്യത്തെ അഞ്ചു റാങ്കുകളിൽ ഉൾപ്പെടണമെന്നും പദ്ധതിയിട്ടിട്ടുണ്ട്. ഇതിലേക്ക് എത്തണമെങ്കിൽ കഠിനമായ പാതയാണു മുന്നിലുള്ളതെന്നു തിരിച്ചറിയേണ്ടതുണ്ട്.
ജപ്പാനിൽ 341 മെഡലുകളോടെയാണു ചൈന ഏഷ്യയിലെ കായികാധിപത്യം ഒരിക്കൽക്കൂടി തെളിയിച്ചത്. 169 സ്വർണമാണ് അവർക്കുള്ളത്. 83 സ്വർണം അടക്കം 269 മെഡലുകൾ ആതിഥേയരായ ജപ്പാൻ കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയ്ക്ക് 39 സ്വർണം അടക്കം 150 മെഡലുകളുണ്ട്. ഏഷ്യയിൽ നാലാം സ്ഥാനം ഇന്ത്യയ്ക്കു മോശം അവസ്ഥയാണെന്നു പറയാനാവില്ല. പക്ഷേ, ചൈനയും ജപ്പാനുമായിട്ടുള്ള നമ്മുടെ അകലം വളരെ കൂടുതലാണ്. അവസാന രണ്ടു ദിവസത്തിനിടെ 11 സ്വർണ മെഡലുകൾ വാരിക്കൂട്ടിയില്ലായിരുന്നുവെങ്കിൽ അഞ്ചാം സ്ഥാനം പോലും സാധ്യമായിരുന്നില്ല. ഷൂട്ടിങ്ങിലും അത്‌ലറ്റിക്സിലും വേണ്ടത്ര നേട്ടമുണ്ടാക്കാൻ കഴിയാതെപോയത് ഇന്ത്യയ്ക്കു തിരിച്ചടിയായിട്ടുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ഈ രണ്ടിനങ്ങളിലും ഇന്ത്യൻ താരങ്ങൾ മത്സരിക്കാൻ ഇറങ്ങിയത്. പക്ഷേ, ഹാങ്ചൗവിലെ അത്രയും മെഡലുകൾ ഇവർക്കു കിട്ടിയില്ല.
ഷൂട്ടിങ്ങിൽ ഏഴു സ്വർണവും ഒമ്പതു വെള്ളിയും ആറു വെങ്കലവുമായിരുന്നു കഴിഞ്ഞ തവണ. ജപ്പാനിൽ മൂന്നു സ്വർണം അടക്കം 15 മെഡലുകളേയുള്ളൂ. പല ഇന്ത്യൻ ഷൂട്ടർമാരും നല്ല തുടക്കം പാഴാക്കി; പ്രത്യേകിച്ചു ചൈനയ്ക്കും ദക്ഷിണ കൊറിയയ്ക്കും എതിരേ. മത്സരം തുടങ്ങും മുൻപു തന്നെ സ്വർണ പ്രതീക്ഷയുള്ള ജാവലിൻ താരം നീരജ് ചോപ്ര പരുക്കേറ്റു പിന്മാറിയത് അത്‌ലറ്റിക്സിൽ വലിയ നിരാശയുണ്ടാക്കി. അത്‌ലറ്റിക്സിലെ ഏക സ്വർണം വനിതകളുടെ 4-400 മീറ്റർ റിലേയിലാണ്. അഞ്ചു സ്വർണം അടക്കം ഒമ്പതു മെഡലുകൾ നേടിയ അമ്പെയ്ത്ത് ടീം പ്രതീക്ഷ പകർന്നു. രണ്ടു സ്വർണം അടക്കം ആറു മെഡലുകളാണു ഗുസ്തിയിൽ ഉള്ളത്. ടെന്നിസിൽ 40 വർഷത്തിനിടെ ഇതാദ്യമായി വെറുംകൈയോടെ മടങ്ങേണ്ടിവന്നതു വലിയ നിരാശയുണ്ടാക്കുന്നുണ്ട്