

മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ പലവിധ പകർച്ചപ്പനികൾ വ്യാപിക്കുന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിൽ ആശങ്ക ഉയർത്തുകയാണ്. ലക്ഷക്കണക്കിനാളുകളാണു പനിക്കിടക്കയിലായിരിക്കുന്നത്. ദിവസം പനി ബാധിച്ചു ചികിത്സ തേടുന്നവർ പതിമൂവായിരം കടന്നുവെന്നാണു റിപ്പോർട്ടുകൾ. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ കണക്കുകൾ കൂടിയാവുമ്പോൾ ഈ സംഖ്യ ഇനിയും ഉയരും. പനി മരണങ്ങളും കൂടുകയാണ്. ഇന്നലെ മാത്രം പനി ബാധിച്ച് ആറു പേരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഇതിൽ നാലു പേരും മരിച്ചത് ഡെങ്കിപ്പനി ബാധിച്ചാണ്. എലിപ്പനിയും പലയിടത്തും പടരുന്നുണ്ട്. ഈ മാസം തന്നെ ഇരുപതോളം പേർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചിട്ടുണ്ട്. പത്തോളം പേർ ഈ മാസം എലിപ്പനി ബാധിച്ചു മരിച്ചിട്ടുണ്ടെന്നും കണക്കുകൾ കാണിക്കുന്നു. ഈ വർഷം ഇതുവരെ അറുപതിലേറെ പേർക്ക് എലിപ്പനി മൂലം ജീവൻ നഷ്ടമായിട്ടുണ്ട്. വളരെപ്പെട്ടെന്നു ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാൽ അതീവ ജാഗ്രത തന്നെ പുലർത്തേണ്ടതാണ്. മഴ കൂടുതൽ ശക്തമാവുന്ന ദിനങ്ങൾ വരാനിരിക്കുകയാണ്. അതു മുന്നിൽക്കണ്ട് ഇനിയും വേണ്ടത്ര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ കേരളം പകർച്ചപ്പനികളുടെ ഭീഷണിയിൽ അകപ്പെടുന്ന അവസ്ഥയുണ്ടാകും.
2017നു സമാനമായ രീതിയിൽ കേസുകൾ വർധിച്ചുവരുന്നുണ്ടെന്നും ആശുപത്രികൾ അതിനനുസരിച്ച് സജ്ജമാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. ജൂലൈയിൽ ഡെങ്കിപ്പനി വ്യാപനം ശക്തമാകാനുള്ള സാധ്യതയും സർക്കാർ മുന്നിൽകാണുന്നുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിങ് സെൽ രൂപവത്കരിക്കുന്നതു പോലുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു. ഇതിനൊപ്പം ആശുപത്രികളിൽ മരുന്നും ടെസ്റ്റ് കിറ്റുകളും ചികിത്സയ്ക്കാവശ്യമായ മറ്റു സൗകര്യങ്ങളും എല്ലാം ഉറപ്പുവരുത്തുന്നതിനും സർക്കാരിനു കഴിയുമെന്നു പ്രതീക്ഷിക്കാം.
പനിപ്രതിരോധത്തിന് കൂട്ടായ പ്രവർത്തനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ കാണിക്കുന്ന ഗൗരവം താഴെത്തട്ടുവരെ എത്തുക എന്നതാണു രോഗപ്രതിരോധത്തിൽ അനിവാര്യമായിട്ടുള്ളത്. കൊതുകിന്റെ ഉറവിട നശീകരണത്തിനായുള്ള പ്രവര്ത്തനങ്ങള് അടിയന്തരമായി നടത്തണമെന്നു മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്ത്തനങ്ങള് ഫലപ്രദമായി നടപ്പിലാക്കുന്നു എന്നു തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ജനങ്ങൾ ഇക്കാര്യത്തിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൊതുകു വളരാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കുകയാണു വേണ്ടതെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാനുള്ള തീരുമാനംസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സ്കൂളുകൾ, ശനിയാഴ്ച ഓഫിസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ജനകീയ സംഘടനകളുടെ കൂട്ടായ പ്രവർത്തനവും രോഗപ്രതിരോധത്തിലുണ്ടാവണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും ചേർന്നുള്ള പ്രവർത്തനങ്ങൾ മുഴുവൻ ആളുകൾക്കും ഉപകാരപ്രദവുമാകണം. സാഹചര്യം എന്താണ് എന്നതു സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ആരോഗ്യ പ്രവർത്തകർക്കും കഴിയണം. ഗൃഹസന്ദർശന വേളയിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവർത്തകർ ജനങ്ങൾക്ക് കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യ മന്ത്രി നിർദേശിക്കുകയുണ്ടായി. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഇക്കാര്യത്തിൽ നല്ല പങ്ക് വഹിക്കാനാവും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓരോ പ്രദേശത്തും മഴക്കാലത്തിനു മുൻപ് നടത്തേണ്ടിയിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടത്തിയിട്ടില്ലെന്ന പരാതി സംസ്ഥാന വ്യാപകമായി ഉയരുന്നുണ്ട്. പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നു. വെള്ളം ഒഴുകേണ്ട തോടുകളും ചാലുകളും അടഞ്ഞു കിടക്കുന്ന അവസ്ഥയുമുണ്ട്. ഇക്കാര്യങ്ങളിൽ ഇനിയെങ്കിലും നടപടികളുണ്ടാവണം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും മുഴുവൻ വാർഡുകളിലും ബാക്കിയുള്ള ശുചീകരണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് നടത്തുന്നുവെന്ന് ഉറപ്പാക്കാനാവണം.