പ്ലസ് വൺ സീറ്റ് വർധിപ്പിക്കും, ഇത്തവണ എല്ലാവർക്കും പ്രവേശനം: മന്ത്രി ശിവൻകുട്ടി

കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കും
30 seat hike in government school plus one
Minister V Sivankutty
Updated on

തിരുവനന്തപുരം: 2025- 26 അധ്യയനവർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കാനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികളുടെയും പ്രവേശനം ഉറപ്പാക്കാനും അലോട്ട്‌മെന്‍റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ മാർജിനൽ സീറ്റ് വർധന അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനവും എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനവും വർധന അനുവദിക്കും. കൂടുതൽ ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർധിപ്പിക്കുന്നതിന് അനുമതി നൽകും. കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 20 ശതമാനവും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിൽ 20 ശതമാനവുമാണ് മാർജിനൽ സീറ്റ് വർധന. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർധന ഇല്ല.

2022 - 23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാലു ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023 - 24 അധ്യയന വർഷം താത്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി 111 ബാച്ചുകളും 2024 - 25 അധ്യയന വർഷം താത്കാലികമായി അനുവദിച്ച 138 ബാച്ചുകളും ഈ വർഷം കൂടി തുടരും. 64,040 സീറ്റുകളാണ് മാർജിനൽ വർധനയിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ. 17,290സീറ്റുകളാണ് താത്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുക. 81330 സീറ്റുകളാണ് ആകെ ലഭിക്കുക. സംസ്ഥാന തലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ഹയർസെക്കൻഡറി മേഖലയിൽ 4,41,887 സീറ്റുകളും വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലയിൽ 33,030 സീറ്റുകളും ചേർന്ന് പ്ലസ് വൺ പഠനത്തിന് ആകെ 4,74,917 സീറ്റുകളാണുള്ളത്.

ഇതിനു പുറമേ ഐറ്റിഐ മേഖലയിൽ 61,429 സീറ്റുകളും പോളിടെക്‌നിക്ക് മേഖലയിൽ 9,990 സീറ്റുകളും ഉപരിപഠനത്തിന് ലഭ്യമാണ്. എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന് ആകെ 5,46,336 സീറ്റുകളുണ്ടെന്നും മന്ത്രി അറിയിച്ചു. മേയ് 14 ന് ബോർഡ് മീറ്റിങ് കൂടി 21 ന് പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂണിൽ പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com