പരീക്ഷക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

പഠനത്തിന് അനുകൂലമായ സ്നേഹവും സൗഹൃദവുമുള്ള കുടുംബാന്തരീക്ഷം പരീക്ഷ വേളയിൽ ഉണ്ടാകണം.
Exam period: Face it with confidence

പരീക്ഷക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

file photo

Updated on

അഡ്വ. ചാർളി പോൾ

പഠനം കഴിഞ്ഞ്, പരീക്ഷകളിലേക്ക് പ്രവേശിക്കുകയാണ് വിദ്യാർഥികൾ. കുട്ടികൾക്കു മാത്രമല്ല മാതാപിതാക്കൾക്കും അധ്യാപകർക്കും പരീക്ഷക്കാലം ടെൻഷൻ കാലമാണ്. ചെറിയ ടെൻഷൻ ഉള്ളതും നല്ലതാണ്, അധികമാകുന്നത് ആപത്തും. തങ്ങളുടെ ഭാവി, പഠനം, ജോലി, ഉയർച്ച എന്നിവയെല്ലാം ഒരു പരിധിവരെ പരീക്ഷകളിലൂടെയാണ് തീരുമാനിക്കപ്പെടുന്നതെന്ന തിരിച്ചറിവ് കുട്ടികൾക്ക് വേണം. എന്നാൽ മറ്റുള്ളവർ കുട്ടികളുടെ ടെൻഷൻ വർധിപ്പിക്കുന്ന സമീപനങ്ങൾ സ്വീകരിക്കുത്.

സാന്ത്വന കൗൺസിലർമാർ

പരീക്ഷാക്കാലത്ത് മാതാപിതാക്കളും അധ്യാപകരും കുട്ടികൾക്ക് സാന്ത്വനം പകരുന്ന കൗൺസിലർ മാരായി മാറണം. കുട്ടികളുടെ പിരിമുറുക്കം വർധിപ്പിച്ചാൽ നല്ല പ്രകടനം പരീക്ഷയിൽ കാഴ്ചവയ്ക്കാൻ സാധിക്കാതെ വരും. പിരിമുറുക്കം വർധിക്കുമ്പോൾ കുട്ടികളുടെ ചിന്താശേഷി വഴി വിട്ടു പോകും. മനസിന്‍റെ സമനിലയിൽ വ്യത്യാസം വരും. യുക്തിഭദ്രത കുറയും. ആത്മവിശ്വാസം കുറയും. പ്രവർത്തനക്ഷമത മോശമാകും. അറിയാവുന്ന ഉത്തരവും എഴുതി ഫലിപ്പിക്കാൻ കഴിയാതെ പോകും. സ്വന്തം കഴിവ് മുഴുവൻ പ്രകടമാക്കാൻ കഴിയാതെ വരും. ശാരീരിക - മാനസിക അസ്വസ്ഥതകളും രോഗങ്ങളും തലപൊക്കിയേക്കാം. കുട്ടിയെ മനസിലാക്കുക. കുട്ടിക്ക് കഴിയുന്നതിനു മപ്പുറം പ്രതീക്ഷിക്കരുത്. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാൻ ശ്രമിക്കരുത്.

വഴക്കുകൾ, ശാസനകൾ, ശാപവാക്കുകൾ, കളിയാക്കൽ, ടെൻഷൻ ഉണ്ടാക്കുന്ന ക്രോസ് വിസ് താരങ്ങൾ, നെഗറ്റീവ് വാക്കുകൾ എന്നിവ ഒഴിവാക്കണം. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത്, കൊച്ചാക്കി അവരുടെ മനസിനെ ഇടിച്ച് താഴ്ത്തരുത്. നീണ്ട ഉപദേശങ്ങൾ വേണ്ട. ക്രിയാത്മക നിർദേശങ്ങൾ മതി. പഠനത്തിന് അനുകൂലമായ സ്നേഹവും സൗഹൃദവുമുള്ള കുടുംബാന്തരീക്ഷം പരീക്ഷ വേളയിൽ ഉണ്ടാകണം. ആത്മവിശ്വാസം പകരുന്ന, ഒരു സുഹൃത്തിനെപ്പോലെ സാന്നിധ്യം കൊണ്ട് സഹായിക്കുന്ന, പഠന സഹായങ്ങൾ ചെയ്തു കൊടുക്കുന്ന, നന്മ പറയുന്ന, പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളാണ് ഗുണം ചെയ്യുക.

പരീക്ഷ കഴിഞ്ഞെത്തിയ കുട്ടിയെ തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടി പിരിമുറുക്കം കൂട്ടരുത്. "പോട്ടെ സാരമില്ല' എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച ശേഷം വന്നുപോയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് പറയുക. അടുത്ത പരീക്ഷയ്ക്ക് ഭംഗിയായി പങ്കെടുക്കാൻ സഹായിക്കുക. അനുഭാവപൂർവം സമാധാനത്തിന്‍റെ ഭാഷയിൽ സംസാരിക്കുക. "നീ മിടുക്കനാണ്, നാളെ മികച്ച പ്രകടനം നടത്താൻ നിനക്ക് കഴിയും, അതിനായി ഒരുങ്ങുക' എന്ന് പറയുക. താത്പര്യവും പ്രസന്നതയും ഊഷ്മളതയും പകർന്നു നൽകുക. മക്കൾ വിഷമിക്കുന്നതും മക്കളെ വിഷമിപ്പിക്കുന്നതും നന്നല്ല എന്ന് തിരിച്ചറിയുക. ഏതു പ്രതിസന്ധിയിലും മാതാപിതാക്കൾ ഒപ്പമുണ്ടെന്ന ചിന്തയാണ് കുട്ടികൾക്ക് പകർന്നു നൽകേണ്ടത്.

റിവിഷനാകണം പ്രധാന ചര്യ

ഏറ്റവും സാധാരണവും ഫലപ്രദവുമായ പഠനം മാർഗം റിവിഷനാണ്. ഹൃസ്വകാല ഓർമയിൽ നിന്ന് ദീർഘകാല ഓർമയിലേക്ക് പഠിച്ചവയെ കൊണ്ട് പോകാൻ റിവിഷൻ സഹായിക്കും. ആവർത്തിച്ചു ഉറക്കെ വായിച്ചാൽ അത് ഓർമയിൽ അടിയുറയ്ക്കും. തലച്ചോറിലെ "ന്യൂറൽ പാത് വേ'കൾ പഠിച്ച കാര്യത്തിലേക്ക് കൂടുതൽ വഴി തുറക്കാൻ സഹായിക്കും. ആവർത്തനമാണ് ഓർമയുടെ ശാസ്ത്രം. ആവർത്തിച്ചുള്ള പഠനം ഓർമശക്തിയെ വർധിപ്പിക്കും.

മറവിയെ മറികടക്കാം

മറവിയെ മറികടക്കാൻ മാർഗങ്ങളുണ്ട്. 1. പഠിച്ച കാര്യം കൂടെക്കൂടെ ഓർമിക്കുക. 2. ശ്രദ്ധയോടും ഏകാഗ്രതയോടും കൂടി പഠിക്കുക. 3. സ്വന്തം ഓർമ ശക്തിയിൽ വിശ്വസിക്കുക. 4. അർഥമറിഞ്ഞ് പഠിക്കുക. 5. മുന്നറിവുമായി ബന്ധിപ്പിച്ച് പഠിക്കുക. 6. പഠിച്ചവ വീണ്ടും കൂടുതൽ പഠിക്കുക. 7. പഠിച്ചവ സ്വന്തം വാക്കുകളിൽ പറഞ്ഞു നോക്കുക. 8. പഠിച്ച പാഠം 24 മണിക്കൂറിനുള്ളിൽ റിവൈസ് ചെയ്യുക. 9. യുക്തിപൂർവം പഠിക്കുക. 10. പ്രധാന പോയിന്‍റുകൾ മനസിലുറപ്പിക്കുക. 11. ആസ്വദിച്ചു പഠിക്കുക. 12. ചെയ്തു പഠിക്കുക. ഈ മാർഗങ്ങളെല്ലാം മറവിയെ തരണം ചെയ്യാൻ സഹായകമാണ്. പഠിച്ചിട്ടും ഓർമയിൽ നിൽക്കാത്ത സൂത്രവാക്യങ്ങൾ, തത്വങ്ങൾ, ഉദ്ധരണികൾ, ഫോർമുല, വർഷം, പേര് തുടങ്ങിയവ ചെറിയ കാർഡുകളിൽ എഴുതി സൂക്ഷിക്കുക. ഇടയ്ക്കിടയ്ക്ക് മറിച്ചു നോക്കിയാൽ ഓർമയിൽ കൊണ്ടുവരാനാകും.

ആത്മവിശ്വാസം വർധിപ്പിക്കുക

എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങണമെന്ന നിശ്ചയദാർഢ്യത്തോടെ, വിഷയങ്ങൾ മനസിലാക്കി പഠിക്കണം. മനസാണ് പഠനത്തിൽ പ്രധാന പങ്കു വഹിക്കുന്നത്. മനസിരുത്തി പഠിക്കണം. ശ്രദ്ധയും ഏകാഗ്രതയും പഠനത്തിൽ പ്രധാനമാണ്. നിഷേധചിന്തകൾ ഒഴിവാക്കി, ഉത്സാഹശീലരുമായി കൂട്ടുകൂടുക. ഓരോ വിഷയത്തിലും പഴയ ചോദ്യപേപ്പർ സംഘടിപ്പിച്ച് ട്രയൽ എക്സാം എഴുതി നോക്കണം. ഓരോ ട്രയൽ എക്സാം കഴിയുമ്പോഴും ആത്മവിശ്വാസം വർധിക്കും. ടെൻഷൻ മാറും.

പഠിക്കുമ്പോൾ തന്നെ പ്രധാന ആശയങ്ങൾ, ഫോർമുലകൾ, രാസനാമങ്ങൾ, നിർവചനങ്ങൾ എന്നിവയുടെ നോട്ടുകൾ കാർഡുകളിൽ തയ്യാറാക്കുക. ഇവ യാത്രക്കിടയിലും വിശ്രമാവസരങ്ങളിലും നോക്കി പഠിക്കുക. കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ എഴുതി പഠിക്കണം. ചിത്രങ്ങൾ വരച്ചു പഠിക്കണം. ഭാഷാ വിഷയങ്ങൾ പഠിക്കുമ്പോൾ ഓരോ വാക്കിന്‍റെയും കൃത്യമായ അർഥം, വ്യാകരണം, ശൈലി എന്നിവ ശ്രദ്ധിക്കണം. ഉദ്ധരണികൾ, പഴമൊഴികൾ, കവിതകൾ എന്നിവ കഴിയുന്നത്ര മനഃപ്പാഠമാക്കുക. ശാസ്ത്ര- സാങ്കേതിക പദങ്ങൾ പഠിക്കുമ്പോൾ അവയ്ക്ക് ഭാഷയിൽ സാധാരണമായുള്ള അർഥവും മനസിലാക്കുക. ഗ്രാഫുകൾ, ചാർട്ടുകൾ, പട്ടികകൾ, ചുരുക്കെഴുത്തുകൾ തുടങ്ങിയവ എഴുതി പഠിക്കണം.

പ്രാർഥനയുടെ ശക്തി

പ്രാർഥന, പഠനത്തിനും മനഃശാന്തിക്കും ഏറെ ഗുണം ചെയ്യും. പ്രാർഥിച്ചു ഉണരുക, പ്രാർഥിച്ചു ഉറങ്ങുക. പ്രാർഥിച്ചു പഠിക്കുമ്പോൾ ഏകാഗ്രത വർധിക്കും. ആത്മബലം കൂടും പരീക്ഷ ഭീതി, ഉത്കണ്ഠ എന്നിവ വിട്ടകലും. പഠിക്കുക എന്ന കൃത്യത്തിന് പകരമല്ല പ്രാർഥന. എല്ലാം നിങ്ങളിലാണാശ്രയിച്ചിരിക്കുന്നതെന്ന് കരുതി പഠിക്കുക. അതോടൊപ്പം എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് കരുതി പ്രാർഥിക്കുക. ദൈവം നമ്മെ കാത്തുകൊള്ളും.

ആഹാരക്രമം

ദിവസവും ധാരാളം വെള്ളം കുടിക്കുക. വെള്ളം തലച്ചോറിന് ഒരു നല്ല സ്റ്റിമുലന്‍റാണ്. ദിവസം 10- 12 ഗ്ലാസ് വെള്ളം കുടിക്കണം. ഓരോ 45 മിനിറ്റ് പഠനം കഴിയുമ്പോഴും വെള്ളം കുടിക്കണം. പച്ചക്കറികളും ഇലക്കറികളും പഴങ്ങളും കൂടുതൽ ഉപയോഗിക്കുക. ജങ്ക്ഫുഡ് ഒഴിവാക്കുക. നെല്ലിക്കാ ജ്യൂസും നാരങ്ങാവെള്ളവും കുടിക്കുക. ക്ഷീണം അകറ്റാൻ ഡോക്റ്ററുടെ നിർദേശപ്രകാരം ടോണിക്കുകൾ കഴിക്കാം. വിശന്നിരുന്നു പഠിക്കരുത്. അത് ഏകാഗ്രത കുറയ്ക്കും. അമിതാഹാരവും വേണ്ട, കൂടുതൽ കഴിച്ചാൽ ഉറക്കം വരും.

പരീക്ഷാത്തലേന്ന്

പരീക്ഷയുടെ തലേന്നും സാധാരണപോലെ പഠിച്ചാൽ മതി. പുതുതായി ഒന്നും പഠിക്കാതിരിക്കുകയാണ് അഭികാമ്യം. ശാന്തതയോടെ, ആത്മവിശ്വാസത്തോടെ, ഏകാഗ്രതയോടെ പഠിക്കുക. പഠിച്ച പാഠങ്ങൾ ആവർത്തിക്കുക. പ്രധാനപ്പെട്ട ആശയങ്ങൾ മനസിലുണ്ടെന്ന് ഉറപ്പുവരുത്തുക. പഠിക്കുമ്പോൾ തയ്യാറാക്കിയ നോട്ടുകൾ ഒന്നുകൂടി മറച്ചു നോക്കുക. ഉറങ്ങാൻ പോകുന്നതിനുമുൻപ് പരീക്ഷയ്ക്ക് കൊണ്ട് പോകാനുള്ള സാധനസാമഗ്രികൾ, സ്കൂളിൽ കൊണ്ടുപോകാനുള്ള ബാഗിൽ എടുത്തു വയ്ക്കുക. എഴുതുന്നതും മഷി നിറച്ചതുമായി പേനകൾ, പെൻസിൽ, കട്ടർ, റബ്ബർ, ജോമട്രി ബോക്സ്, സ്കെയിൽ, കാൽക്കുലേറ്റർ, കർച്ചീഫ്, ഹാൾടിക്കറ്റ് എന്നിവയെല്ലാം എടുക്കാൻ മറക്കരുത്. വാച്ച് കറക്റ്റ് ചെയ്യുക. കൃത്യസമയത്ത് ഉണരാൻ അലാറം വച്ചിട്ട് കിടക്കുക.

പരീക്ഷാ ദിനത്തിൽ

പരീക്ഷാ ദിനത്തിൽ കുളിച്ച് വൃത്തിയായി വസ്ത്രം ധരിച്ച് ശുഭാപ്തി വിശ്വാസത്തോടെ പുറപ്പെടുക. പരീക്ഷ തുടങ്ങുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും സ്കൂളിൽ / കോളേജിൽ എത്തുക. എവിടെയാണ് പരീക്ഷ ഹാൾ എന്ന് മനസിലാക്കി അതിന്‍റെ പരിസരത്ത് ഇരിക്കുക. പഠിച്ചവ ഒന്നുകൂടി മറിച്ചു നോക്കുക. ആവശ്യമെങ്കിൽ ടോയ്‌ലറ്റിൽ പോവുക. സമയമാകുമ്പോൾ പ്രസന്നതയോടെ ഹാളിൽ പ്രവേശിച്ച്, സ്വന്തം സ്ഥലം കണ്ടെത്തി ശാന്തതയോടെ ഇരിക്കുക. ' ഞാനും തയ്യാറെടുത്തിട്ടുണ്ട്, ഞാൻ നന്നായിത്തന്നെ പരീക്ഷ എഴുതും, വിജയിക്കും' എന്ന് മനസിൽ പറയുക. ജയത്തെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. ചോദ്യ പേപ്പർ ലഭിച്ചതിനുശേഷമുള്ള 15 മിനിറ്റ് "കൂൾ ഓഫ് ടൈം ' ആണ്. ആ സമയം ചോദിക്കടലാസിലെ നിർദേശങ്ങൾ, ചോദ്യങ്ങൾ എല്ലാം ശ്രദ്ധയോടെ വായിക്കുക. ഏതെല്ലാം എഴുതാമെന്ന് തീരുമാനിച്ചു അടയാളപ്പെടുത്തുക. എഴുതുന്നതിന്‍റെ ക്രമം, രീതി തീരുമാനിക്കുക. ഹാൾ ടിക്കറ്റ് നോക്കി രജിസ്റ്റർ നമ്പർ ഉത്തരക്കാസിലേക്ക് പകർത്തുക. പ്രധാന പേജിൽ പൂരിപ്പിക്കേണ്ടവ ശ്രദ്ധാപൂർവം ചെയ്യുക. പേര്, നമ്പർ എന്നിവ വ്യക്തമായി എഴുതണം.

എങ്ങനെ എഴുതണം

ആദ്യം ഉത്തരം നന്നായി അറിയുന്നവ ആയാൽ നന്ന്. ആദ്യ പേജിൽ നല്ല കൈയക്ഷരത്തിൽ വെട്ടും തിരുത്തും ഒഴിവാക്കി എഴുതിയാൽ നല്ല ഇംപ്രഷൻ കൊടുക്കാൻ സാധിക്കും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. അറിയാത്തവയിലും എന്തെങ്കിലും എഴുതാൻ ശ്രമിക്കുക. മാർക്ക് ലഭിക്കും. ഏതെങ്കിലും ഒരു വാക്കോ, വർഷമോ ഫോർമുലയോ കിട്ടുന്നില്ലെങ്കിൽ അവ ഓർത്തിരുന്നു സമയം കളയാതെ പരീക്ഷ തുടരുക. ഓർമ വരുമ്പോൾ അത് എഴുതുക. എല്ലാം സമയബന്ധിതമായി, മാർക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രം എഴുതണം. അവസാന ചോദ്യത്തിന് സമയമില്ലാതെ വന്നാൽ പ്രധാന ആശയങ്ങൾ എഴുതുക. സയൻസ് വിഷയങ്ങളിൽ ചിത്രങ്ങൾ ചേർക്കാം. കണക്കിന് ക്രിയകൾ ചെയ്താലും ക്രമത്തിന് മാർക്ക് ലഭിക്കും. ആലോചിച്ചു ചോദ്യത്തിന്‍റെ പൊരുൾ മനസിലാക്കി ഉത്തരങ്ങൾ എഴുതണം. ചോദ്യത്തിന് കൃത്യമായ ഉത്തരം അത് മതി.

പരീക്ഷ തീരുന്നതിന് 5 മിനിറ്റ് മുമ്പ് എഴുത്തു നിർത്തുക. പേജ് നമ്പർ അനുസരിച്ച് പേപ്പർ തുന്നിക്കെട്ടുക. അഡീഷണൽ പേപ്പർ വാങ്ങുമ്പോൾ തന്നെ നമ്പർ ഇട്ടുവച്ചാൽ എളുപ്പമായിരിക്കും. ചോദ്യ നമ്പറുകൾ ഇട്ടിട്ടുള്ളത് ശരിയല്ലേ എന്ന് ഉറപ്പുവരുത്തുക. ഉത്തരപേപ്പർ ഒന്നുകൂടി വായിച്ച് അക്ഷരത്തെറ്റുകൾ, എഴുതാൻ മറന്നുപോയവ, വ്യാകരണ പിശകുകൾ, എന്നിവ തിരുത്തുക. പരീക്ഷ കഴിഞ്ഞാൽ അതിനെക്കുറിച്ച് വിശകലനമോ ചർച്ചയോ വേണ്ട. മാർക്ക് കൂട്ടലും സങ്കടപ്പെടലും വേണ്ട. തൊട്ടടുത്ത പരീക്ഷയ്ക്ക് വേണ്ടി കൃത്യമായി തയ്യാറെടുക്കുക. റിസൾട്ട് എന്തുതന്നെയായാലും ശാന്തതയോടെ സ്വീകരിക്കുക.

(അഭിഭാഷകനും ട്രെയ്നറും മെന്‍ററും ലൈഫ് കോച്ചുമായ ലേഖകൻ, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്. 8075789768 )

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com