Illustration of university graduates.
Illustration of university graduates.Freepik

ഡിഗ്രി പഠനം ഇനി നാലു വർഷം: അറിയേണ്ടതെല്ലാം

യുജിസിയുടെ ബിരുദ പ്രോഗ്രാമുകളും കേരളത്തിലെ ഡിഗ്രി കോഴ്സുകളുമെല്ലാം നാലു വർഷം തന്നെയാകുമെങ്കിലും, രണ്ടും തമ്മിൽ വ്യത്യാസമുണ്ടാകും

തയാറാക്കിയത്: എൻ. അജിത്കുമാർ

മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്തതു പ്രകാരമുള്ളതാണ് നാലു വർഷം നീളുന്ന ബിരുദപഠനം. കേരളത്തിൽ നാല് തലങ്ങളിലായാണ് കോഴ്സ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. രണ്ടു വർഷത്തെ പ്രാഥമിക ഫൗണ്ടേഷൻ കോഴ്സ് (4 സെമസ്റ്റർ), ഒരു വർഷ ഇന്‍റർമീഡിയറ്റ് ഡിഗ്രി കോഴ്സ്, അവസാന വർഷ ഡിഗ്രി (ഓണേഴ്സ്) അല്ലെങ്കിൽ ഓണേഴ്സ് വിത്ത് റിസർച്ച് കോഴ്സ് എന്നിവയാണ് അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ഡിഗ്രിയുടെ വിവിധ ഘട്ടങ്ങൾ.

വിദേശ പ്രോഗ്രാമുകൾക്കു തുല്യം

ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ച കേരള ഹയർ എജ്യുക്കേഷൻ കരിക്കുലം ഫ്രെയിം വർക്കിന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗീകാരം നൽകി. ഇത് നടപ്പിൽ വരുന്നതോടെ സംസ്ഥാനത്തെ ഡിഗ്രി പ്രോഗ്രാമുകൾ വിദേശ സർവകലാശാലകളുടേതിനു തുല്യമാകും.

യുജിസി പ്രോഗ്രാമിൽ നാലു വർഷത്തെ 8 സെമസ്റ്ററിൽ ഓരോ വർഷവും രണ്ടെണ്ണം വീതം വിജയകരമായി പൂർത്തീകരിച്ചാൽ അതതുവർഷത്തെ സർട്ടിഫിക്കറ്റുമായി പുറത്തു പോകാം. പഠനം പൂർത്തിയാക്കണമെങ്കിൽ മൂന്നു വർഷത്തിനുള്ളിൽ തിരികെ വന്ന് പഠനം തുടരാനും ഏഴു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനും കഴിയും. എന്നാൽ, കേരളത്തിലെ ബിരുദ പ്രോഗ്രാമിൽ മൂന്നാം വർഷം അല്ലെങ്കിൽ നാലാം വർഷം അവസാനം ലഭിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് നേടിയാലേ പഠനം അവസാനിപ്പിക്കാൻ സാധിക്കൂ.

ആറ് വിഷയ ഗ്രൂപ്പുകൾ

കേരളത്തിലെ ബിരുദ പ്രോഗ്രാമിൽ വിഷയാധിഷ്ഠിതഭാഷാ നൈപുണ്യ വികസന, തൊഴിൽ നൈപുണ്യ വികസന മൂല്യവർധിത കോഴ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിഗ്രി പഠനം രണ്ടു മേജർ വിഷയങ്ങളിലോ പരസ്പരബന്ധമുള്ള മേജർ - മൈനർ വിഷയങ്ങളിലോ മേജർ വിഷയത്തോടൊപ്പമുള്ള തൊഴിലധിഷ്ഠിത മൈനർ വിഷയത്തിലോ ആകാം.

  1. ഇംഗ്ലീഷ്- ഭാഷാഗ്രൂപ്പ്

  2. നാച്ചുറൽ ആൻഡ് ഫിസിക്കൽ സയൻസ്

  3. ഗണിതം, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്

  4. ലൈബ്രറി, ഐടി & മീഡിയ സയൻസ്

  5. കൊമേഴ്സ് & മാനേജ്മെന്‍റ്

  6. ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസ്

ഈ ഗ്രൂപ്പുകളില്‍ നിന്ന് ഒന്നോ രണ്ടോ മേജര്‍ വിഷയങ്ങളും മൈനര്‍ ഇലക്ടീവ് വിഷയങ്ങളും തിരഞ്ഞെടുക്കണം. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, സോഫ്റ്റ്‌വെയർ, വിവര്‍ത്തനം, ഇന്‍റീരിയര്‍ ഡിസൈനിംഗ്, ഹാന്‍ഡി ക്രാഫ്റ്റ്, വിദേശ ഭാഷ, ടാലി, മൊബൈല്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ നെറ്റ് വര്‍ക് മാനേജ്‌മെന്‍റ്, വെബ് ഡിസൈനിംഗ്, ടൂറിസം, ഇവന്‍റ് മാനേജ്‌മെന്‍റ്, ഓഫീസ് മാനേജ്‌മെന്‍റ്, അഡ്വര്‍ടൈസ്‌മെന്‍റ് ഡിസൈനിംഗ് എന്നിവയാണ് തൊഴിലധിഷ്ഠിത മൈനര്‍ കോഴ്‌സുകള്‍.

ഇവയ്ക്കു പുറമെ ബിഗ് ഡേറ്റ അനാലിസിസ്, ബിസിനസ് കമ്യൂണിക്കേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രിഷന്‍, പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കസ്റ്റമര്‍ കെയര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് തുടങ്ങിയ തൊഴില്‍ നൈപുണ്യ കോഴ്‌സുകളുമുണ്ട്.

പരിസ്ഥിതി പഠനം, ഡിജിറ്റല്‍ എജ്യുക്കേഷന്‍, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിറ്റിക്‌സ് & കമ്പ്യൂട്ടര്‍ അനാലിസിസ്, കേരള മോഡല്‍ ഡെവലപ്‌മെന്‍റ് തുടങ്ങിയവയാണ് പ്രധാന മൂല്യവര്‍ധിത കോഴ്‌സുകള്‍.

പാഠ്യപദ്ധതി ഇങ്ങനെ

രണ്ട് വര്‍ഷ - നാല് സെമസ്റ്റര്‍ - പ്രാഥമിക ഫൗണ്ടേഷന്‍ കോഴ്‌സ്, ഒരു വര്‍ഷ ഇന്‍റര്‍മീഡിയറ്റ് ഡിഗ്രി കോഴ്‌സ്, അവസാന വര്‍ഷ ഡിഗ്രി - ഓണേഴ്‌സ് - അല്ലെങ്കില്‍ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് എന്നിവയാണ് നാലുവര്‍ഷ ഡിഗ്രിയുടെ വിവിധ ഘട്ടങ്ങള്‍. ഡിഗ്രിക്ക് പോകാനാഗ്രഹിക്കുന്നവര്‍ മുകളില്‍ പറഞ്ഞ വിഷയാധിഷ്ഠിത കോഴ്‌സുകളില്‍ നിന്നു രണ്ടെണ്ണം മേജര്‍ വിഷയങ്ങളായും ഒരെണ്ണം മൈനര്‍ വിഷയമായും ആദ്യ വര്‍ഷം തിരഞെടുത്തുപഠിക്കണം.രണ്ടാം വര്‍ഷത്തില്‍ ആവിഷയങ്ങള്‍ തന്നെ തുടരുകയോ പുതിയ മൂന്ന് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കുകയോ ചെയ്യാം. ഇവ കൂടാതെ മൂന്ന് ഇലക്ടീവ് വിഷയങ്ങളും ഫൗണ്ടേഷന്‍ കോഴ്‌സിനു പഠിക്കണം. ഈ മൂന്നു വിഷയങ്ങളില്‍ ഒന്ന് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഗ്രൂപ്പില്‍ നിന്നുള്ളതായിരിക്കണം.

മറ്റ് രണ്ട് ഇലക്ടീവ് വിഷയങ്ങള്‍ മറ്റു ഗ്രൂപ്പുകളില്‍ നിന്ന് ഇഷ്ടം പോലെ തിരഞ്ഞെടുക്കാം. ഇംഗ്ലീഷ്, ഒരു ഇന്ത്യന്‍ ഭാഷ എന്നിങ്ങനെ രണ്ടു ഭാഷാനൈപുണ്യ കോഴ്‌സുകളും പൂര്‍ത്തിയാക്കണം ഇവയ്ക്കു പുറമെ മൂല്യ വര്‍ധന കോഴ്‌സുകളും ക്യാപ് സ്റ്റോണ്‍ വിഭാഗത്തില്‍ പെടുന്ന ഒരു തൊഴില്‍ നൈപുണ്യ കോഴ്‌സും ചെയ്യണം.

അവധിക്കാലത്ത് ഇന്‍റേണ്‍ഷിപ് പൂര്‍ത്തിയിക്കുന്നതും നല്ലതാണ്. എല്ലാറ്റിനുമായി 88 ക്രെഡിറ്റ് പോയിന്‍റെങ്കിലും നേടിയാല്‍ ഫൗണ്ടേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്‍റര്‍മീഡിയറ്റ് ഡിഗ്രി പഠനത്തിന് ചേരാം. ഇന്‍റര്‍മീഡിയറ്റ് തലത്തിലുള്ള ആദ്യ ഡിഗ്രി കോഴ്‌സിനു രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ട് കോര്‍ വിഷയങ്ങളിലും രണ്ട് ഇലക്ടീവ് വിഷയങ്ങളിലും ഡെപ്തിലുള്ള പഠനം പൂര്‍ത്തിയാക്കണം.

ക്യാപ് സ്റ്റോണ്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് തൊഴില്‍ നൈപുണ്യ വികസന കോഴ്‌സും ഒരു മൂല്യവര്‍ധന കോഴ്സും AICTE, സ്വയം എന്നിവ പോലുള്ള ഓണ്‍ലൈന്‍ പഠന പരിശീലന കോഴ്‌സും പൂര്‍ത്തിയാക്കാം. ഇങ്ങനെ 45 ക്രെഡിറ്റ് പോയിന്‍റുകള്‍ കൂടി നേടി ആകെ -88+ 45- ക്രെഡിറ്റ് പോയിന്‍റുകളെങ്കിലും നേടിയാല്‍ ഡിഗ്രി പൂര്‍ത്തിയാക്കി ജോലിക്കോ ഉപരിപഠനത്തിനോ ശ്രമിക്കാം.

അവസാന ഘട്ടമായ നാലാം വര്‍ഷത്തില്‍ ഡിഗ്രിക്കു പഠിച്ച മൂന്നു വിഷയങ്ങളില്‍ അഡ്വാന്‍സ് ലെവല്‍ പഠനം പൂര്‍ത്തിയാക്കി സ്വയം പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഒരു സ്വയംതൊഴില്‍ പരിശീലന കോഴ്‌സ് കൂടി പൂര്‍ത്തിയാക്കി 44 ക്രെഡിറ്റ് പോയിന്‍റുകള്‍ കരസ്ഥമാക്കിയെങ്കിലും മൊത്തം ക്രെഡിറ്റ് 177 ആക്കിയാല്‍ ഡിഗ്രി ഓണേഴ്‌സ നേടി പഠനം അവസാനിപ്പിക്കാം: മൂന്നു വിഷയാധിഷ്ഠിത കോഴ്‌സുകള്‍ക്കു പകരം ഒരു കോര്‍ വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി പ്രബന്ധം അവതരിപ്പിച്ചാലും ഈ ഡിഗ്രി സ്വന്തമാക്കാം.

ഗവേഷണ സാധ്യത

ഗവേഷണത്തില്‍ താത്പര്യമുള്ളവര്‍ക്ക് സര്‍വകലാശാല കോളേജ് പ്രൊഫസറുടെ മേല്‍ നോട്ടത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി പ്രബന്ധം അവതരിപ്പിച്ച് റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയോ പേറ്റന്‍റ് സ്വന്തമാക്കുകയോ ചെയ്യാം. ശാസ്ത്രവിഷയങ്ങളില്‍ ഓണേഴ്‌സ് റിസര്‍ച്ച് നേടുന്നവര്‍ക്ക് ISRO, CSIR, DRDO, TIFR, National Institute of Health (USA), Maxplank Institute (ജര്‍മനി), Europian Organisation for Nuclear Research തുടങ്ങിയ സ്ഥാപനങ്ങളിലും അവയുടെ പ്രോജക്റ്റുകളിലും ഇന്‍റേണ്‍ഷിപ്പിലും അവസരം ലഭിക്കും. ഡിഗ്രി ഓണേഴ്‌സ് നേടുന്നവര്‍ക്ക് NIT, IIT, ഇന്ത്യൻ ഇന്‍സ്റ്റിറ്റൂട്ട് ഒഫ് സയന്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയിലും അവസരമുണ്ട്.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എന്നിങ്ങനെ വിഷയ കേന്ദ്രീകൃതമായ വേര്‍തിരിവുകള്‍ ഇല്ലാതെ വിദ്യാര്‍ഥികളുടെ അക്കാഡമിക് ജീവിതം വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Trending

No stories found.

Latest News

No stories found.