കലോത്സവം: ഓരോ വിധികർത്താവും നൽകുന്ന മാർക്ക് പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

സ്‌കൂള്‍ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികളിലാണ് ഉത്തരവ്.
Arts Festival: Child Rights Commission directs that marks awarded by individual judges be displayed

കലോത്സവം: ഓരോ വിധികർത്താക്കൾ നൽകുന്ന മാർക്കും പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

Updated on

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവ മത്സരത്തിന്‍റെ വിധി നിര്‍ണയം നടത്തുമ്പോള്‍ ഓരോ മത്സരാര്‍ഥിയുടെയും ഗ്രൂപ്പിന്‍റെയും മാര്‍ക്കുകള്‍ വിധികര്‍ത്താക്കള്‍ രേഖപ്പെടുത്തിയത് ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി സ്‌ക്രോള്‍ ചെയ്ത് സ്‌റ്റേജില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ കലോത്സവനടത്തിപ്പില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കലോത്സവത്തിന്‍റെ പേരില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പണം പിരിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. മേഖലയില്‍ പ്രാവീണ്യമുള്ളവരെ ഉള്‍പ്പെടുത്തി കലോത്സവ മാനുവല്‍ പരിഷ്‌കരിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ് കുമാര്‍, അംഗങ്ങളായ ബി .മോഹന്‍കുമാര്‍, കെ .കെ ഷാജു, ഡോ. എഫ്. വില്‍സണ്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഉത്തരവിട്ടു. സ്‌കൂള്‍ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികളിലാണ് ഉത്തരവ്.

മത്സര സമയത്ത് കലോല്‍സവ വേദികളില്‍ പ്രോഗ്രാം കണ്‍വീനര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ പേരും മൊബൈല്‍ നമ്പറും മത്സരാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വിവിധ മേളകളിലെ ഇനങ്ങള്‍ തരംതിരിച്ച് സൗകര്യപ്രദമായ ക്ലാസ് മുറികള്‍- മറ്റു സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടതാണ്. വിധികര്‍ത്താക്കളെ നിയമിക്കുമ്പോള്‍ സാംസ്‌കാരിക വകുപ്പിന്‍റെ പാനലിലുള്ള യോഗ്യരായ വിധികര്‍ത്താക്കളെയും കൂടി പരിഗണിക്കണം. വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കേണ്ടതും വിധികര്‍ത്താക്കളെ മത്സരാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മനസിലാക്കാന്‍ സബ്ജില്ലാ മത്സരം മുതല്‍ സംസ്ഥാനതല മത്സരം വരെ അവരുടെ യോഗ്യതകള്‍ (പേര്, വിദ്യാഭ്യാസ യോഗ്യത, മികവ് ) മത്സര സമയം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

സബ്ജില്ലാ-റവന്യൂ ജില്ലാ മല്‍സരങ്ങളുടെ വിധികര്‍ത്താക്കളെ നിയമിക്കുമ്പോള്‍ യഥാക്രമം റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ അംഗീകരിച്ച് നല്‍കുന്ന പാനലില്‍ നിന്ന് മാത്രം ജഡ്ജസിനെ നിയമിക്കേണ്ടതാണ്. ഓരോ മത്സര ഇനങ്ങള്‍ ആരംഭിച്ച് അവസാനിക്കുന്നത് വരെ വിധികര്‍ത്താക്കളായി ഇരിക്കുന്നവര്‍ അവര്‍ക്ക് നിശ്ചയിച്ച് നല്‍കിയ ഇരിപ്പിടങ്ങളില്‍ ഇരുന്ന് മത്സരം വിലയിരുത്തുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്. വിധികര്‍ത്താക്കള്‍ മത്സരം നടക്കുന്ന സമയങ്ങളില്‍ അതാത് ഇരിപ്പിടങ്ങളില്‍ ഇരിക്കാതെ എഴുന്നേറ്റ് പോകുന്നതായും ഒരുമിച്ചിരിക്കുന്നതായും ശ്രദ്ധയില്‍പെട്ടതിനാലാണിത്. മത്സരത്തിന്‍റെ വിധികര്‍ത്താക്കളായി നിയോഗിക്കപ്പെടുന്നവര്‍ തങ്ങളില്‍ നിക്ഷിപ്തമായ ഡ്യൂട്ടി തീരുംവരെ വിധികര്‍ത്താക്കള്‍ തമ്മിലോ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഖേനയോ (മൊബൈല്‍ ഫോണ്‍, ടാബ്, സ്മാര്‍ട്ട് വാച്ച് മുതലായവ ഉള്‍പ്പെടെ) യാതൊരുവിധ ഇകമ്മ്യൂണിക്കേഷനും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. റവന്യൂ ജില്ലാതല മത്സരങ്ങളില്‍ നിര്‍ബന്ധമായും മറ്റ് ജില്ലകളിലെ ജഡ്ജസിനെയും (സബ്ജില്ലാതല മത്സരങ്ങളില്‍ മറ്റ് സബ്ജില്ലകളില്‍ നിന്നും) നിയമിക്കണം. അപ്പീല്‍ കമ്മിറ്റിയുടെ ഉത്തരവ് സമയബന്ധിതമായും (മത്സരം കഴിഞ്ഞ് 3 ദിവസത്തിനുള്ളില്‍) വ്യക്തമായും ലഭ്യമാക്കണം. അപ്പീല്‍കമ്മിറ്റിയുടെ ഉത്തരവുകളില്‍ തീരുമാനമെടുക്കന്ന കാര്യങ്ങള്‍ കാര്യകാരണ സഹിതം വിശദമാക്കേണ്ടതാണ്. അപ്പീല്‍ കമ്മിറ്റി സബ്ജില്ലാ-ജില്ലാതല മത്സരങ്ങളുടെ അപ്പീല്‍ പരിശോധന വേളയില്‍ മത്സരാര്‍ഥി പങ്കെടുത്ത മത്സരത്തിന്‍റെ വീഡിയോ കാണിച്ച് തെറ്റുകള്‍ മനസിലാക്കി കൊടുക്കേണ്ടതാണ്. അപ്പീല്‍കമ്മിറ്റി അപ്പീല്‍ പരിശോധിക്കുമ്പോള്‍ പരാതിക്കാരന്‍റെ പ്രകടനവും ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയുടെ പ്രകടനവും വീഡിയോ റിക്കോഡിങ് വഴി താരതമ്യം ചെയ്യണം. അപ്പീല്‍ കമ്മിറ്റിയുടെ ഉത്തരവിന്‍മേല്‍ മത്സരാര്‍ഥികള്‍ക്ക് കോടതികളെ സമീപിക്കേണ്ട സാഹചര്യം വരുമ്പോള്‍ ആവശ്യമായ സമയം ലഭ്യമാക്കണം. സബ്ജില്ലാതല ജില്ലാതല മത്സരത്തിനുള്ള ഇടവേളകള്‍ കുറഞ്ഞത് പത്ത് ദിവസവും ജില്ലാതല സംസ്ഥാനതല മത്സരത്തിന് കുറഞ്ഞത് 15 ദിവസവും ഇടവേളകള്‍ ലഭ്യമാക്കേണ്ടതാണ്. കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന വേദികള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

logo
Metro Vaartha
www.metrovaartha.com