
സ്കൂളിലേക്കു മടങ്ങുമ്പോൾ ഓർക്കാൻ.
Freepik.com
എൻ. അജിത്കുമാർ
വീണ്ടുമൊരു അധ്യയന വര്‍ഷം തുടങ്ങിക്കഴിഞ്ഞു. പുതിയ പുസ്തകങ്ങളും പുതിയ യൂണിഫോമുമൊക്കെയായി ആഹ്ലാദത്തോടെ സ്‌കൂളിലേക്കു മടങ്ങുന്ന സമയം. പാഠ പുസ്തകങ്ങള്‍ക്കു പുറമെ വായനയിലും കലാ-സാഹിത്യ കായിക മേഖലകളിലും ഓരോരുത്തരും പ്രാവീണ്യം നേടേണ്ടതുണ്ട്. എഴുത്തു പരീക്ഷയുടെ പ്രാധാന്യവും തിരിച്ചു വന്നു. ചിലകാര്യങ്ങളില്‍ ശ്രദ്ധയും ചിട്ടവട്ടങ്ങളുമുണ്ടായാല്‍ എല്ലാ കൂട്ടുകാര്‍ക്കും ഈ അധ്യയന വര്‍ഷം സന്തോഷപ്രദവും വിജയപ്രദവുമായി മാറ്റാന്‍ കഴിയും.
ആരോഗ്യമുള്ള ശരീരവും മനസുമുണ്ടെങ്കില്‍ ബാക്കിയെല്ലാം പിറകെ വന്നുകൊള്ളും. അല്പം കഠിനാദ്ധ്വാനവും കൂടിയുണ്ടായാല്‍ മതി. ആഹാരകാര്യങ്ങളിലുള്ള ശ്രദ്ധയും ശരിയായ വ്യായാമവുമുണ്ടെങ്കില്‍ ശാരീരികാരോഗ്യം ഉറപ്പാക്കാം. വളരുന്ന നിങ്ങളുടെ പ്രായത്തില്‍ ശരിയായ വളര്‍ച്ച ഉറപ്പാക്കാന്‍ സമീകൃതാഹാരത്തിനും പ്രഭാത ഭക്ഷണത്തിനും വലിയ പ്രാധാന്യമുണ്ട്. കേരളത്തിലെ വിദ്യാര്‍ഥികളില്‍ വലിയൊരു ശതമാനവും ശരിയായ വിധം പ്രാതല്‍ കഴിക്കാതെയാണ് സ്കൂളിലേക്ക് പോകുന്നത്. രാത്രി വൈകിയുള്ള ഉറക്കം, രാവിലെ വൈകിയെഴുന്നേല്‍ക്കല്‍, ട്യൂഷന്‍, യാത്രാപ്രശ്‌നങ്ങള്‍ എന്നിവ മൂലം പ്രഭാതഭക്ഷണം കഴിക്കാന്‍ പലര്‍ക്കും സമയം കിട്ടുന്നില്ല എന്ന് പഠനങ്ങള്‍ പറയുന്നു.
പ്രഭാതഭക്ഷണം നന്നായി കഴിച്ചില്ലെങ്കില്‍ തലച്ചോറിന് ആവശ്യമുള്ള ഗ്ലൂക്കോസ് ലഭിക്കില്ല. അന്ന് പഠിപ്പിച്ചതൊന്നും തലയില്‍ കേറുകയുമില്ല. വൈകിട്ട് വീട്ടില്‍ വന്നാല്‍ തളര്‍ച്ചയും ഉറക്കവും. പ്രാതല്‍ ശരിയാംവിധം കഴിക്കാതിരുന്നാല്‍ ഒരു വിദ്യാര്‍ഥിയുടെ ആ ദിവസം തുലഞ്ഞതു തന്നെ. അല്‍പ്പം ചിട്ടയും മുന്‍കരുതലുമുണ്ടെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാം. പുട്ടും ചെറുപയറും, ഇഡ്ഡലിയും, ദോശയും, കഞ്ഞിയും പയറും, അപ്പവും മുട്ടക്കറിയുമൊക്കെ നല്ല പ്രഭാത ഭക്ഷണങ്ങളാണ്. ചെറുപയറും കടലയുമൊക്കെ തലേന്നു തന്നെ വെള്ളത്തിലിട്ടു വയ്ക്കണം. മുളപ്പിച്ചതാണെങ്കില്‍ ബഹുകേമം.
രാത്രി പത്തുമണിക്കു തന്നെ കിടന്നുറങ്ങുക. സൂര്യോദയത്തിന് മുൻപുതന്നെ ഉണര്‍ന്ന് പ്രാഥമിക പരിപാടികള്‍ കഴിച്ച് പഠനത്തിനും ഹോം വര്‍ക്കിനുമുള്ള സമയം കണ്ടെത്തുക. സ്കൂളില്‍ കൊണ്ടു പോകേണ്ട പുസ്തകങ്ങളും പേനയും, പെന്‍സിലുമൊക്കെ ബാഗില്‍ ഒരുക്കി വയ്ക്കുക. കൃത്യസമയത്തു തന്നെ പ്രാതല്‍ കഴിക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ കഴിക്കുക. കൃത്രിമ നിറങ്ങളും രുചിരുചികളുമുള്ള ബേക്കറി പലഹാരങ്ങള്‍ രാവിലെ തൊട്ടു പോകരുത്. എല്ലാ പോഷകങ്ങളും ലഭിക്കത്തക്കവണ്ണമുള്ള ഭക്ഷണക്രമം വേണം ഒരു ദിവസം ചിട്ടപ്പെടുത്താന്‍. ആവശ്യത്തിനുള്ള പ്രോട്ടീനും വൈറ്റമിനുകളും ജീവകങ്ങളുമെല്ലാം അടങ്ങിയതായിരിക്കണം ഒരു ദിവസത്തെ ഭക്ഷണമെന്നും സമീകൃതാഹാരമെന്നാല്‍ വിലപിടിച്ച ഭക്ഷണമല്ല. വീടിനു ചുറ്റും നിന്നുകിട്ടുന്ന ഇലക്കറികള്‍, നാടന്‍ പഴങ്ങള്‍, കിഴങ്ങുവർഗങ്ങള്‍, കോഴിമുട്ട തുടങ്ങിയവയെല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ മതി.
മറക്കേണ്ട, നന്നായി പ്രാതല്‍ കഴിക്കുന്ന കുട്ടികളാണ് ശാരീരികവളര്‍ച്ചയിലും ബുദ്ധിയുടെ നിലവാരത്തിലും രോഗപ്രതിരോധശേഷിയിലും മുന്നില്‍ നില്‍ക്കുന്നവര്‍. ജീവിതത്തിലെ ഉയരങ്ങള്‍ നിഷ്പ്രയാസം കീഴടക്കുന്നവര്‍ ഇവരായിരിക്കും.
സ്‌കൂളിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പീരിഡിലും വൈകിട്ട് സ്കൂള്‍ വിട്ടു വന്നാലും കൂട്ടംകൂടിയുള്ള കളികളോ വ്യായാമമോ ശീലമാക്കണം. പാഠത്തിനപ്പുറമുള്ള ജീവിതപാഠങ്ങള്‍ കളികളിലൂടെ ഓരോ കുട്ടിയും പഠിക്കുന്നുണ്ട് എന്നകാര്യം രക്ഷിതാക്കള്‍ മനസിലാക്കണം. എല്ലാ കാര്യങ്ങള്‍ക്കും നിയമങ്ങള്‍ ഉണ്ടെന്നും നിയമങ്ങള്‍ അനുസരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പഠിപ്പിക്കുന്നവയാണ് ഓരോകളികളും. വിജയത്തോടൊപ്പം തോല്‍വിയും സാധാരണമാണെന്നും ഏത് പ്രതിസന്ധിയേയും നേരിടാനും കുട്ടികള്‍ കളികളിലൂടെ പരിശീലിക്കുന്നു. ഒരാള്‍ക്കു മാത്രമായി വിജയിക്കാനാവില്ല എന്നതാണ് കളികള്‍ നല്‍കുന്ന മറ്റൊരു നല്ല ജീവിതപാഠം. ഒരു ടീമിലെ എല്ലാവരും ഒത്തൊരുമിച്ച്, കൂടെക്കളിക്കുന്നവന് കൊടുത്തും അവനില്‍ നിന്ന് വാങ്ങിയും ഒരേ ലക്ഷ്യത്തോടെ കഠിനമായി, കളി നിയമങ്ങളെല്ലാം പാലിച്ച് കളിക്കുന്നവരുടെ കൂടെയായിരിക്കും വിജയം. നല്ല സൗഹൃദമുണ്ടാക്കാനും പെരുമാറ്റ രീതികള്‍ പരിശീലിക്കാനും കളികള്‍ അവസരം നല്‍കുന്നു. കോപം, അസൂയ, ഭയം എന്നീ നെഗറ്റീവ് വികാരങ്ങള്‍ അലിഞ്ഞില്ലാതാകുന്നതിനും കളികള്‍ സഹായിക്കുന്നു.
വീട്ടില്‍ വന്ന ഉടന്‍ പുസ്തകം ഒരു വശത്തിട്ട് കൊറിക്കാനുള്ള ബേക്കറി പലഹാരങ്ങളുമായി ടി. വി. യുടെ മുന്നിലോ കമ്പ്യൂട്ടറിന്‍റെയോ, മൊബൈല്‍ ഗെയിമുകളുടെയോ മുന്നിലോ ചടഞ്ഞിരുന്നാല്‍ പണികിട്ടും. കുഞ്ഞുന്നാളിലെ രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം എന്നിവ പിടികൂടി ജീവിതം തുടങ്ങുമ്പോഴേക്കും രോഗങ്ങള്‍ക്കും മരുന്നുകള്‍ക്കും അടിമയാകും. കളിക്കാന്‍ കൂട്ടുകാരില്ലെങ്കില്‍ നന്നായി സൈക്കിള്‍ ചവിട്ടാം. പച്ചക്കറിത്തോട്ടമുണ്ടാക്കാം. മഴക്കുഴികളുണ്ടാക്കാം. കളിച്ചു കഴിഞ്ഞാല്‍ വിയര്‍പ്പാറിയ ശേഷം കുളിച്ച് അല്പസമയം വിശ്രമിക്കാം. അരമണിക്കൂര്‍ വേണമെങ്കില്‍ ടി. വി. കണ്ടോളൂ. ടി. വി യില്‍ തന്നെ സീരിയല്‍ വേണ്ട. വിജ്ഞാനപ്രദമായ ചാനലുകള്‍ തിരഞ്ഞെടുക്കാം.
പാഠഭാഗങ്ങള്‍ ക്ലാസെടുക്കുന്നതിനുമുൻപു തന്നെ പാഠപുസ്തകം ഒന്നു വായിച്ചു നോക്കുന്നത് പഠനം എളുപ്പമാക്കും. ക്ലാസിലെടുത്തു കഴിഞ്ഞാല്‍ വൈകിട്ട് അതൊന്നുകൂടി വായിച്ച് മനസിലുറപ്പിക്കുക. ഉറക്കം വരുമ്പോള്‍ കിടന്നുറങ്ങുക. ഉറക്കത്തില്‍ തലച്ചോര്‍ ഉഷാറാകും. ഏകാഗ്രത കൂടും. പുലര്‍കാലത്തെഴുന്നേറ്റ് ഒന്നുകൂടി നന്നായി വായിച്ചു പഠിക്കുക. പഠിക്കുന്ന കാര്യങ്ങള്‍ അര്‍ത്ഥം മനസിലാക്കി പഠിക്കണം. പ്രധാന പോയിന്‍റുകള്‍, സമവാക്യങ്ങള്‍, രാസസൂത്രങ്ങള്‍, ചാര്‍ട്ടുകള്‍ എന്നിവ എഴുതിപ്പഠിക്കുക, സൂക്ഷിക്കുക. ബുദ്ധിമുട്ടുള്ളവ ഇടയ്ക്കിടെ നോക്കി മന:പ്പാഠമാക്കുക. വെറുതെ ഇരിക്കുമ്പോള്‍ പോലും ഇവ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. ഇത് തലച്ചോറിന് നല്ലൊരു വ്യായാമമാണ്.
ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമുണ്ടാകണമെങ്കില്‍ ഒരു ടൈം ടേബിള്‍ ഉണ്ടായേ പറ്റൂ. ഈ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ പഠനം, ഭക്ഷണം, ഉറക്കം, കളികള്‍ പാഠഭാഗത്തിനപ്പുറമുള്ള വായന, പത്രംവായന, ടി. വി. കാണല്‍ എന്നിവയ്ക്ക് കൃത്യമായ ഒരു ടൈംടേബിള്‍ ഉണ്ടാക്കണം. അവധി ദിവസങ്ങള്‍ പോലും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തണമെന്ന് ടൈംടേബിളില്‍ രേഖപ്പെടുക്കണം. അന്നന്നു പഠിക്കേണ്ട പാഠങ്ങള്‍ അന്നന്നു പഠിക്കാവുന്ന തരത്തിലാവണം ടൈംടേബിള്‍ ക്രമീകരിക്കേണ്ടത്. പരീക്ഷാക്കാലത്ത് മല ചുമക്കാതെ തന്നെ വിജയം സുനിശ്ചിതമാക്കാന്‍ ടൈംടേബിള്‍ സഹായിക്കും.
തലച്ചോര്‍ ഒരുപാട് അറകളുള്ള വലിയൊരു അലമാരയാണ്. അടുക്കും ചിട്ടയുമില്ലാതെ അലമാരയില്‍ സാധനങ്ങള്‍ കുത്തിനിറച്ചാല്‍ ആവശ്യമുള്ളപ്പോള്‍ അതില്‍നിന്നൊരു സാധനം എളുപ്പത്തില്‍ എടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തലച്ചോറിലെ ഓര്‍മകളാകുന്ന അലമാരയില്‍ സൂക്ഷിക്കേണ്ടവ അടുക്കും ചിട്ടയോടുംകൂടി സൂക്ഷിച്ചുവയ്ക്കുക. അന്നന്നുള്ള കാര്യങ്ങള്‍ അന്നന്നുതന്നെ പഠിച്ച് ഓര്‍മയുടെ അറകളില്‍ എളുപ്പം എടുക്കാനാകുന്നവിധം കരുതിവയ്ക്കുക. രൂപങ്ങള്‍, നിറം, ശബ്ദം, മണം, സ്പര്‍ശം, സ്ഥാനം, വികാരം തുടങ്ങിയ ഘടകങ്ങളാലാണ് തലച്ചോറിനുള്ളില്‍ ഓര്‍മകള്‍ അടുക്കപ്പെടുന്നത്. ഉദാഹരണത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരമാണ് പഠനവിഷയമെങ്കില്‍ ആ പാഠഭാഗത്തെ ഒരു സിനിമയിലെ ദൃശ്യങ്ങളെന്നപോലെ അടുക്കിപ്പെറുക്കി ഓര്‍ഡറായി സങ്കൽപിച്ച് പഠിക്കുക. പിന്നെ ആ പാഠഭാഗത്തെ പ്രധാന സംഭവങ്ങള്‍ ജീവിതകാലം നിങ്ങള്‍ മറക്കില്ല.
അടിസ്ഥാന വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും ബുദ്ധിവികാസത്തിലും ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിലും ആസ്വാദനനിലവാരം ഉയര്‍ത്തുന്നതിലും ഒക്കെ വായന പ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ടാണ് ഈ വര്‍ഷം മുതല്‍ വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. നല്ല ജീവചരിത്രങ്ങള്‍, ആത്മകഥകള്‍, ക്ലാസിക് നോവലുകള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, വര്‍ത്തമാനപത്രങ്ങള്‍, മറ്റ് ആനുകാലികങ്ങള്‍ എന്നിവ തെരഞ്ഞെടുത്ത് വായിച്ചു തുടങ്ങാം.
ഡയറിയെഴുത്ത്: അന്നന്നുള്ള കാര്യങ്ങള്‍ കൂടാതെ പത്രങ്ങളിലും ആനുകാലികങ്ങളിലും വരുന്ന, ഭാവിയില്‍ സഹായകരമാകുന്ന വാര്‍ത്തകളും വിശകലനങ്ങളും കണക്കുകളുമെല്ലാം കുറിച്ചെടുത്ത് വയ്ക്കുക. വായനയ്ക്ക് ഈ വര്‍ഷം മുതല്‍ പ്രത്യേക മാര്‍ക്കും ലഭിക്കും.
പഠനത്തോടൊപ്പം കുട്ടികള്‍ കലാ കായികപ്രവര്‍ത്തനങ്ങളിലും വിനോദങ്ങളിലും ഹോബികളിലുമൊക്കെ വ്യാപൃതരാവണം. അടുക്കളജോലികളിലും വീടുവൃത്തിയാക്കാനും പൂന്തോട്ടം വെച്ചു പിടിപ്പിക്കാനും പച്ചക്കറികൃഷിയിലുമൊക്കെ കുട്ടികള്‍ ഏര്‍പ്പെടണം. ആണ്‍ പെണ്‍ ഭേദമില്ലാതെ പാചകം പഠിച്ചിരിക്കണം.
അവനവന്‍റെ വസ്ത്രങ്ങള്‍ അലക്കുന്നതിലും അവനവന്‍ തിന്ന പാത്രങ്ങള്‍ കഴുകി വയ്ക്കുന്നതിലും ഒട്ടും മടി വിചാരിക്കേണ്ട. ഇപ്പഴേ അതൊക്കെ പരിശീലിച്ചാല്‍ ഭാവി ജീവിതം വളരെ സന്തോഷപ്രദമാകും.
പഠിക്കാന്‍ തീരെ ബുദ്ധിമുട്ടുള്ള വിഷയം ഏതാണോ അതിനു വേണമെങ്കില്‍ ട്യൂഷന്‍ ഏര്‍പ്പെടത്താം.
പല സ്കൂളുകളിലും വൃത്തിയുള്ള ടോയ്‌ലറ്റ്കളുണ്ടാവില്ല. ഇതില്‍ നിന്നും രക്ഷനേടാന്‍ കുട്ടികള്‍ കണ്ടെത്തുന്ന മാർഗമാണ് വെള്ളംകുടിക്കാതിരിക്കലും മൂത്രമൊഴിക്കാതിരിക്കലും. പെണ്‍കുട്ടികളാണ് ഇതില്‍ മുന്നിലുള്ളത്. ഗുരുതരമായ പല രോഗങ്ങള്‍ക്കും ജീവിതലക്ഷ്യം നേടുന്നതിലും ഇത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ശരീരത്തിന്‍റെയും തലച്ചോറിന്‍റെയും സുഗമമായ പ്രവര്‍ത്തനത്തിന് വെള്ളം കൂടിയേ തീരൂ.
ഒരു ദിവസം രണ്ടരലിറ്ററെങ്കിലും വെള്ളം ഇടയ്ക്കിടെയായി ഒരു കുട്ടി കുടിച്ചിരിക്കണം. ഒരു ദിവസം ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും മൂത്രമൊഴിച്ചിരിക്കുകയും വേണം. മൂത്രനാളികളിലും മറ്റും അണുബാധയുണ്ടാവാതിരിക്കാനും സുഗമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇതു കൂടിയേ കഴിയൂ. എന്നാല്‍ രക്ഷിതാക്കളോ അദ്ധ്യാപകരോ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പാലിക്കാറില്ല.
വെള്ളം കുടിക്കുന്ന കാര്യത്തില്‍ മാത്രമല്ല, കുടിക്കുന്ന വെള്ളത്തിന്‍റെ ഗുണനിലവാരത്തിലും വലിയ ശ്രദ്ധ വേണം. വീട്ടില്‍ നിന്നും തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക. കുട്ടികള്‍ ദിവസവും സ്‌കൂളില്‍ കൊണ്ടുപോകുന്ന വാട്ടര്‍ ബോട്ടിലുകള്‍ കൃത്യമായി കഴുകി വൃത്തിയാക്കാറില്ല എന്ന് പല പഠനങ്ങളും പറയുന്നുണ്ട്.
ദിവസങ്ങളോളം ശരിയായി വൃത്തിയാക്കാത്ത ബോട്ടിലുകളില്‍ മാരകമായ ബാക്ടീരിയകളും അണുക്കളും വളരുകയും ഇത് ഗുരുതരമായ വയറുവേദനയ്ക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും കാരണമാവുകയും ചെയ്യും. അതിനാല്‍ ദിവസവും വാട്ടര്‍ ബോട്ടിലുകള്‍ സോപ്പോ ചൂടുവെള്ളമോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നുണ്ടെന്ന് രക്ഷിതാക്കളും കുട്ടികളും ഉറപ്പുവരുത്തണം.
ഓരോ കുട്ടിയും വ്യത്യസ്തമായ കഴിവുകളുടെ ഉടമകളാണ്. അതത് മേഖലയിലെ അവരുടെ മികവുകള്‍ തിരിച്ചറിഞ്ഞ് ആ മേഖലയില്‍ മുന്നേറാനുള്ള പരീശീലനം കുട്ടികള്‍ക്ക് ലഭിച്ചിരിക്കണം. ചിത്രം വരയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ അതില്‍ വൈദഗ്ധ്യം നേടട്ടെ. പാടാന്‍ കഴിവുള്ളവരും നൃത്തത്തിലും കഴിവുള്ളവരും ആ മേഖലയിലെ പരിശീലനവും തുടങ്ങട്ടെ.
ഓട്ടോമൊബൈല്‍, ഫാഷന്‍ ഡിസൈനിങ്ങ്, പാചകം എന്ന് തുടങ്ങി ഏത് മേഖലയിലാണ് കുട്ടികള്‍ താല്‍പര്യം കാണിക്കുന്നത് ആ മേഖലയില്‍ കൂടുതല്‍ അറിവുകള്‍ നേടാനുള്ള അവസരം അവര്‍ക്കുണ്ടാക്കിക്കൊടുക്കണം. ഭാവിയില്‍ തനിക്കേറ്റവും അനുയോജ്യമായ സന്തോഷം തരുന്ന ഒരു കരിയര്‍ തിരഞ്ഞെടുക്കാനും അതില്‍ ഒന്നാമനാകാനും ഈ പരിശീലനം അവരെ സഹായിക്കും.
ഓരോ വാഹനങ്ങളിലും അനുവദിച്ചിട്ടുള്ളതിലേറെ കുട്ടികളെ കുത്തിനിറച്ച് സ്‌ക്കൂള്‍ ബാഗുകളും, ഓട്ടോറിക്ഷകളും, ജീപ്പുകളും വാനുകളുമൊക്കെ ഓടുന്നുണ്ടോ എന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ബസുകളില്‍ യാത്രചെയ്യുന്ന കുട്ടികള്‍ ഫുട്‌ബോര്‍ഡില്‍ തൂങ്ങിനിന്നുള്ള യാത്ര ഒഴിവാക്കുക. ബസ് നിറുത്തുന്നതിന് മുമ്പ് ഇറങ്ങുന്നതിന് തിടുക്കം കൂട്ടരുത്.
ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്ന കുട്ടികള്‍ ഇരുവശത്തേക്കും കാലുകളിട്ട് ഇരിക്കുക. ഹെല്‍മെറ്റ് ധരിക്കുന്നത് യാത്ര സുരക്ഷിതമാക്കും. ചുരിദാര്‍ ഷാളോ, മറ്റു വസ്ത്രഭാഗങ്ങളോ കാറ്റില്‍ പറന്നു നടക്കാതെ കരുതുക. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ തോളില്‍ തൂക്കിയിടാതെ സ്‌ക്കൂള്‍ ബാഗ് സുരക്ഷിതമായ ഭാഗത്ത് വയ്ക്കുക. കാല്‍നടക്കാര്‍ റോഡിന്‍റെ വലതുവശം ചേര്‍ന്നു നടക്കുക. ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കി മാത്രം റോഡ് മുറിച്ചു കടക്കുക. കുട്ടികള്‍ കൂട്ടായിമാത്രം റോഡ് മുറിച്ചു കടക്കുക. സ്‌ക്കൂളുകളോട് ചേര്‍ന്നുള്ള റോഡുകളിലെ വേഗത 15 മുതല്‍ 25 കിലോ മീറ്റര്‍ വരെയാണെന്ന് ഉറപ്പുവരുത്തുക. സ്‌ക്കൂളിന് മുന്നില്‍ സ്പീഡ് ബ്രേക്കേഴ്‌സ്, ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
എല്ലാ വിഷയങ്ങളെയും സ്‌നേഹിക്കുക. ആ വിഷയത്തെക്കുറിച്ച് സിലബസിനു പുറത്തുള്ള കാര്യങ്ങള്‍ കിട്ടാവുന്നിടങ്ങളില്‍നിന്നെല്ലാം ശേഖരിച്ച് വായിക്കുക. പഠിക്കാനേറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ വേണം ആദ്യം പഠിക്കാനെടുക്കാന്‍. അത് മറ്റുള്ള വിഷയങ്ങളെ കൂടുതലെളുപ്പമാക്കുകയും ബുദ്ധിമുട്ടുള്ള വിഷയത്തിന്‍റെ അടഞ്ഞ വാതിലുകള്‍ എളുപ്പം തുറക്കുകയും ചെയ്യും. ക്രമേണ ആ വിഷയം നിങ്ങളെയും തിരിച്ചും സ്‌നേഹിക്കാന്‍ തുടങ്ങും.
ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും പഠനത്തിനായുള്ള മികച്ച ആയുധങ്ങളാണ്. ഓണ്‍ലൈന്‍ സ്റ്റഡി പോര്‍ട്ടലുകളും വിജ്ഞാനപ്രദമായ വിദ്യാഭ്യാസ ആപ്പുകളും കൃത്യമായി പ്രയോജനപ്പെടുത്തിയാല്‍ കഠിനമായ പാഠഭാഗങ്ങള്‍ പോലും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ പഠനത്തിന്‍റെ മറവില്‍ സോഷ്യല്‍ മീഡിയാ റീലുകളിലും ഗെയിമുകളിലും മണിക്കൂറുകളോളം മുഴുകി സമയം പാഴാക്കാതിരിക്കാന്‍ സ്വയം നിയന്ത്രണം വേണം. സാങ്കേതികവിദ്യ വിവേകത്തോടെ ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ വളര്‍ച്ചയ്ക്ക് തുണയാകും, അല്ലാത്തപക്ഷം അത് നിങ്ങളുടെ വിലപ്പെട്ട സമയം കവര്‍ന്നെടുക്കും.
ഇന്‍റര്‍നെറ്റും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ചും (Cyberbullying) വ്യക്തമായ ധാരണയുണ്ടാകണം. അപരിചിതരുമായി വ്യക്തിവിവരങ്ങളോ പാസ് വേഡുകളോ പങ്കുവെക്കരുത്. ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളോ ഭീഷണികളോ നേരിടേണ്ടി വന്നാല്‍ അത് ഒളിച്ചുവെക്കാതെ ഉടന്‍ തന്നെ മാതാപിതാക്കളെയോ അധ്യാപകരെയോ അറിയിക്കാന്‍ മടിക്കരുത്. നിങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവും നിങ്ങളുടെ കൈകളില്‍ തന്നെയാണ്.
നിങ്ങള്‍ നിങ്ങളാണ്. നിങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തേണ്ട. അയല്‍ക്കാരന്‍റെ അടിപൊളി വസ്ത്രമോ മറ്റു സൗകര്യങ്ങളോ നിങ്ങളുടെ വ്യക്തിത്വത്തെ, വളര്‍ച്ചയെ ഒരുതരത്തിലും സ്വാധീനിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇല്ലായ്മയിലുള്ള അപകര്‍ഷതാ ബോധത്തിന്‍റെ ആവശ്യമേ ഇല്ല.
ഇല്ലായ്മകളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട്, പൊരുത്തപ്പെട്ട് മുന്നേറിയ വരാണ് ലോകത്തെ പല മഹാപ്രതിഭകളും.
നല്ല മനോഭാവം, പെരുമാറ്റം, മേധാശക്തി എന്നിവയാണ് വിജയികളാകുന്ന കുട്ടികളില്‍ കാണാന്‍ കഴിയുന്നത്. വിജയികളുടെ മറ്റു ചില ലക്ഷണങ്ങള്‍ കൂടി നോക്കൂ:
1. ഉത്തരവാദിത്വബോധമുള്ളവരും ഊര്‍ജ്ജസ്വലരും ആയിരിക്കും. അവര്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
സ്വന്തം വിദ്യാഭ്യാസത്തിന്‍റെ ചുമതലകള്‍ സ്വയം ഏറ്റെടുക്കും. അതില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും. നയിക്കുക, നയിക്കപ്പെടുക എന്നതിലെ വ്യത്യാസമാണ് ഉത്തരവാദിത്വ ബോധം. ക്ലാസ്സ് മുറികളില്‍ ശ്രദ്ധയോടെ ഇരിക്കുന്ന ഒരുവന് പഠന സമയം കൂട്ടാതെ തന്നെ നല്ല മാര്‍ക്കു വാങ്ങുവാന്‍ സാധിക്കും. ക്ലാസ്സുകളില്‍ നിങ്ങള്‍ക്ക് ഒരു അലസമനോഭാവത്തോടെ ഇരിക്കാം, സ്വപ്ന ജീവിയെപ്പോലെ നടക്കാം, ഉറങ്ങാം. അല്ലെങ്കില്‍ അതീവ ശ്രദ്ധയോടെ ഇരിക്കാം, ചിന്തിക്കാം, പാഠഭാഗത്തെ സംബന്ധിച്ച കുറിപ്പുകള്‍ തയ്യാറാക്കാം. ഈ രണ്ടു രീതിയിലും നിങ്ങള്‍ക്ക് ഒരു ക്ലാസ്സിലിരിക്കാം. പക്ഷേ ഇതില്‍ ആദ്യത്തെ രീതി പിന്‍തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമനേക്കാള്‍ അധികം പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതായി വരും. എന്നാല്‍ രണ്ടാമന്‍ ആദ്യമേ തന്നെ കാര്യം കാണുകയും ചെയ്യും.
2. വിദ്യാഭ്യാസ ലക്ഷ്യം ഉള്ളവര്‍ ആയിരിക്കും.
വിജയികളാകുന്ന വിദ്യാര്‍തഥികളെ എന്നും മുന്നോട്ടു നയിക്കുന്ന ഘടകം അവരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളും ജീവിതത്തിലെ തീക്ഷണമായ ആഗ്രഹങ്ങളും ആയിരിക്കും. നിങ്ങള്‍ ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഞാന്‍ ഇവിടെ ചെയ്യുന്നതെന്താണ്? ഇതിലും മികച്ചതായ ഒരുസ്ഥലം എനിക്ക് കണ്ടെത്താനാകുമോ?എന്‍റെ ഇവിടുത്തെ സാന്നിധ്യം എങ്ങനെയാണ് എന്നെ സ്വാധീനിക്കുന്നത്? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നിങ്ങളെ പ്രതിനിധീകരിക്കുന്ന നിങ്ങളുടെ ശക്തമായ വിലയിരുത്തലുകളാണ്. കൂടാതെ ഒരു കോളേജ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ നിങ്ങളുടെ വിജയത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളും നിങ്ങളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ അന്യന്‍റേതല്ല, നിങ്ങളുടെ മാത്രമാണെങ്കില്‍ ആ ലക്ഷ്യം ഒരു നല്ല അക്കാദമിക് മനോഭാവം നിങ്ങളില്‍ വളര്‍ത്താന്‍ സഹായിക്കും.
3. ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍
സ്വയം ചോദ്യങ്ങല്‍ ചോദിക്കുക എന്നതാണ് അജ്ഞതയുടേയും അറിവിന്‍റേയും ഇടയ്ക്കുള്ള വിടവ് നികത്താന്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ കണ്ടെത്തുന്ന പോംവഴി. അറിവു നേടുക എന്നതിലുപരിയായി ചോദ്യം ചോദിക്കുക എന്ന പ്രക്രിയയ്ക്ക് പ്രധാനപ്പെട്ട രണ്ട് ഗുണങ്ങള്‍ കൂടിയുണ്ട്. അത് നിങ്ങളുടെ അധ്യാപകനില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു എന്നുമാത്രമല്ല ഇത് തിരിച്ചും സംഭവിക്കുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ അതിനു പിന്നാലെ പോവുക. ഉത്തരം തേടുക. മണ്ടത്തരങ്ങളായ ചോദ്യങ്ങള്‍ എന്നൊന്നില്ല. നിശ്ശബ്ദതയാണ് മണ്ടത്തരം. .
4. അധ്യാപകനും വിദ്യാര്‍ത്ഥിയും ചേര്‍ന്നാണ് ടീം രൂപീകൃതമാകുക എന്ന് മനസ്സിലാക്കുന്നവര്‍
നിങ്ങള്‍ക്ക് വേണ്ടതെന്താണോ, അത് തന്നെയാണ് നിങ്ങളുടെ അധ്യാപകനും വേണ്ടത്. അധ്യാപകര്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ നന്നായി പഠിച്ച് നല്ല മാര്‍ക്ക് വാങ്ങുന്ന ഒരു വിദ്യാര്‍ത്ഥി അധ്യാപകന്‍റെ പ്രയത്‌നത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. അധ്യാപകനുമായി കൈകോര്‍ക്കണം, അവര്‍ നിങ്ങളുടെ ശത്രുക്കളല്ല. നിങ്ങളുടെ ലക്ഷ്യങ്ങള്‍ ഒന്നാണ്. ചുരുക്കത്തില്‍ ഒരേ സംഘാംഗങ്ങളാണ്. നിങ്ങളുടെ അധ്യാപകനെ അറിയൂ. നിങ്ങളുടെ ടീമിലെ ഏറ്റവും വിലയേറിയ കളിക്കാരാണ് നിങ്ങള്‍ രണ്ടും. പരസ്പര വിജയത്തിനായി ഒരുമിച്ച് പ്രയത്‌നിക്കുക എന്നതാണ് നിങ്ങളുടെ ജോലി.
5. പിറകില്‍ ഇരിക്കാത്തവര്‍.
പഠനത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന ഘടകങ്ങളെ ഒഴിവാക്കാന്‍ ഒരു നല്ല വിദ്യാര്‍ത്ഥി എപ്പോഴും ശ്രദ്ധിക്കണം. ക്ലാസ്സ് റൂമുകളില്‍ ഉല്ലാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സഹായകമാകുന്ന ഇരിപ്പിടത്തിനായാണ് വിദ്യാര്‍ത്ഥികള്‍ പൊതുവെ ശ്രമിക്കുന്നത്. എന്നാല്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഇതേ ഇരിപ്പിടങ്ങള്‍ ദോഷം ചെയ്യും എന്നത് മറ്റൊരു വശം. പിറകില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പേ പറഞ്ഞതുപോലെ താനും അധ്യാപകനും അടങ്ങുന്ന ആ ടീമിന്‍റെ ഭാഗമാകുവാന്‍ ഒരിക്കലും സാധിക്കില്ല. പഠനപ്രവര്‍ത്തനത്തിന്‍റെ കാര്യക്ഷമതയെ മോശമായി ബാധിക്കുന്ന കാര്യങ്ങളില്‍ എന്തിനാണവര്‍ മുഴുകുന്നത്. തീര്‍ച്ചായും നമ്മുക്കറിയാം, തങ്ങളുടെ ചെയ്തികളിലെ രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് അവര്‍ പുറകിലെ ഇരിപ്പിടം തെരഞ്ഞെടുക്കുന്നതെന്ന്. ഇതെല്ലാം നല്ല പഠനപ്രവര്‍ത്തനത്തിനെ മോശമായി ബാധിക്കുന്ന കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. നിങ്ങളുടെ ക്ലാസ്സ് മുറിയുടെ ഭാഗമാകുവാന്‍ നിങ്ങള്‍ക്ക് താല്‍പര്യം ഇല്ല എങ്കില്‍, പിന്നെന്തിന് നിങ്ങള്‍ നിങ്ങളുടെ സമയം നഷ്ടപ്പെടുത്തണം. അല്ലെങ്കില്‍ ചിന്തിക്കൂ, നിങ്ങളുടെ സമയം ഉപയോഗിച്ച് നിങ്ങള്‍ക്ക് താല്‍പര്യത്തോടെ ചെയ്യാന്‍ കഴിയുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലുമുണ്ടോ ?
6. മികച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നവര്‍
മികച്ച വിദ്യാര്‍ത്ഥികള്‍ പാഠഭാഗത്തെ സംബന്ധിച്ച കുറിപ്പുകള്‍ തയ്യാറാക്കുന്നു എന്നു മാത്രമല്ല അത് നിലവാരമുള്ളതും സംഘടിതവുമായിരിക്കും. നിങ്ങള്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ എന്തിനാണ് നിങ്ങള്‍ കുറിപ്പുകളില്‍ ചേര്‍ക്കുന്നത്? നിങ്ങളുടെ കുറിപ്പുകളെ കൂടുതല്‍ അര്‍ഥവത്താക്കുവാന്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. കുറിപ്പുകളിലൂടെ ഇടയ്ക്കിടയ്ക്ക് കണ്ണോടിക്കുന്നത് കൂടുതല്‍ പഠിക്കുവാന്‍ സഹായകരമാകും. എത്രമാത്രം കൂടുതല്‍ ഇപ്പോള്‍ പഠിക്കുന്നുവോ അത്രയും കാര്യങ്ങള്‍ കുറച്ച് പിന്നീട് പഠിച്ചാല്‍ മതിയാകും. മാത്രവുമല്ല അത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്യുവാനും സാധിക്കും. കുറിപ്പ് തയ്യാറാക്കുന്നതിന്‍റെ അത്യന്തിക ലക്ഷ്യം അത് ഇപ്പോഴും, എപ്പോഴും ഉപയോഗിക്കുന്നു എന്നതാണ്. എത്രമാത്രം കൂടുതല്‍ അതിനെ നിങ്ങള്‍ ഉപയോഗിക്കുന്നവോ അത്രമാത്രം അത് കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കും.
7. പഠനത്തെ ബാധിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍
പഠനത്തെ ബാധിക്കുന്ന സ്വഭാവ സവിശേഷതകളെ ഒരു മികച്ച വിദ്യാര്‍ത്ഥി മനസ്സിലാക്കിയിരിക്കും. എപ്പോഴെങ്കിലും ഒരു പ്രത്യേക സ്വഭാവ സവിശേഷത ഉള്ളതായി നടിച്ചാല്‍ അല്‍പസമയത്തിനകം ആ വികാരം നിങ്ങളെ കീഴടക്കിയിരിക്കും. നിങ്ങള്‍ ഒരു കാര്യത്തില്‍ മടുപ്പ് വിചാരിക്കുന്നതായി അഭിനയിച്ചാല്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ മടുപ്പ് അുഭവപ്പെടും. താല്‍പര്യമില്ലാത്തതുപോലെ നടിച്ചാല്‍ ആ താല്‍പര്യമില്ലായ്മ നിങ്ങളെ പിടികൂടുകയും ചെയ്യും. അതുകൊണ്ട് അടുത്ത തവണ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വിഷമിക്കുമ്പോള്‍ ഒരു കൃത്രിമമായ താല്‍പര്യം ഉള്ളതായി നടിക്കുക. അല്‍പം മുമ്പോട്ട് ആഞ്ഞ്, കാലുകള്‍ ദൃഢമായി തറയില്‍ ഉറപ്പിച്ച്, അധ്യാപകന്‍റെ കണ്ണില്‍ ദൃഷ്ടി പതിപ്പിച്ച്, ഇടയ്ക്ക് തലയാട്ടി, കുറിപ്പ് തയ്യാറാക്കി ചോദ്യങ്ങള്‍ ചോദിച്ച്, നിങ്ങള്‍ക്ക്‌സ്വയം താല്‍പര്യം നടിക്കുവാന്‍ സാധിക്കും. ഇതില്‍ നിന്നും പ്രയോജനം ലഭിക്കുന്ന ആള്‍ നിങ്ങള്‍ മാത്രമായിരിക്കില്ല. നിങ്ങളുടെ അധ്യാപകനിലും സഹപാഠികളിലും മറ്റും താല്‍പര്യം ജനിപ്പിക്കുന്ന ഒരു ഘടകമാണത്.
8. എന്താണോ പഠിക്കുന്നത് അതിനെക്കുറിച്ച് സംസാരിക്കുന്നവര്‍
ഒരു മികച്ച വിദ്യാര്‍ത്ഥിക്ക് തന്‍റെ മനസ്സിലുള്ള ആശയങ്ങള്‍ വാക്കുകളിലൂടെ വ്യക്തമാക്കുവാന്‍ സാധിക്കുന്നു. കൂട്ടുകാരും സഹപാഠികളുമായി ആശയവിനിമയം നടത്തുമ്പോള്‍ ആ വിഷയത്തില്‍ നിങ്ങള്‍ക്കുള്ള അവഗാഹം സ്വയം പരിശോധിക്കപ്പെടും മാത്രമല്ല, ഈ രീതി ശാസ്ത്രീയമായ തെളിയിക്കപ്പെട്ട ഒരു പഠനോപാധികൂടിയാണ്. ആശയങ്ങളെ വാക്കുകളാക്കി മാറ്റുക എന്ന പ്രക്രിയയിലൂടെ ആ ആശയം നിങ്ങളുടെ തലച്ചോറില്‍ പതിയുന്നു. അപ്രകാരം നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ ആ ആശയത്തെ സംബന്ധിച്ച നിങ്ങളുടെ അറിവ് പരിമിതമാണ് എന്നു വേണം മനസ്സിലാക്കാന്‍. അതുകൊണ്ട്, അടുത്ത തവണ നിങ്ങള്‍ പഠിക്കുമ്പോള്‍ നിശ്ശബ്ദമായി പഠിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. നോട്ടുകളെക്കുറിച്ചും പാഠഭാഗങ്ങളെക്കുറിച്ചും സംസാരിക്കുക, ആശയങ്ങള്‍ സംസാരിച്ച് പഠിക്കാന്‍ താല്‍പര്യമുള്ള ഒരു കൂട്ടത്തെ സംഘടിപ്പിക്കുക. ആ സംഘത്തെ പഠിപ്പിക്കാനുള്ള ചുമതല നിങ്ങളുടേതാണ് എന്ന് വിചാരിക്കുക.
കൂടുതല്‍ അധ്വാനിക്കാതെ ബുദ്ധി പൂര്‍വ്വം എങ്ങനെ പഠിക്കാം എന്നതാണ് ഒരു നല്ല വിദ്യാര്‍ത്ഥിയാവുക എന്നതിന്‍റെ താക്കോല്‍. നിങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ ഈ പറഞ്ഞ കാര്യം സത്യമായി ഭവിക്കുന്നു. ദിവസേന ഒന്നോ രണ്ടോ മണിക്കൂര്‍ പഠിക്കുന്നത് നല്ല മാര്‍ക്ക് നേടാന്‍ ഒരു ഹൈസ്‌ക്കൂള്‍ കുട്ടിയെ സഹായിക്കും. പക്ഷേ, കോളേജില്‍ നിങ്ങള്‍ക്ക് സമയം തികയാതെ വരുന്ന ഒരു അവസ്ഥയുണ്ടാകാം. പ്രത്യേകിച്ചും ?ബുദ്ധിപൂര്‍വ്വം?
എങ്ങനെ പഠിക്കണം എന്നതിനെ സംബന്ധിച്ച് അറിയില്ലെങ്കില്‍. കാര്യക്ഷമമായ ഒരു പഠന പ്രക്രിയ സ്വയം വികസിപ്പിക്കുകയും അതിലൂന്നിയ പഠനം സ്വയം ആവിഷ്‌ക്കരിക്കുകയും ചെയ്യുമ്പോഴാണ് വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ വിജയം സാധ്യമാകുന്നത്. നിങ്ങള്‍ക്കും ഒരു നല്ല വിദ്യാര്‍ത്ഥി ആകണമെങ്കില്‍ ഒരിക്കലും നിരുത്സാഹപ്പെടരുത്, ഒരിക്കലും വിട്ടുകൊടുക്കരുത്. ഈ പറഞ്ഞിരിക്കുന്ന സ്വഭാവ ഗുണങ്ങള്‍ വികസിപ്പിക്കുവാന്‍ സ്വയം ശ്രമിക്കുക. അപ്പോള്‍ നിങ്ങളുടെ ഗ്രേഡുകള്‍ മെച്ചപ്പെടുന്നത് നിങ്ങള്‍ക്ക് കാണാനാവും. നിങ്ങളുടെ വിജ്ഞാനമണ്ഡലം വികസിക്കും. പഠിക്കാനും അതിനെ സംഗ്രഹിക്കാനുമുള്ള കഴിവ് മെച്ചപ്പെടും.