ഒന്നാം ക്ലാസ് പ്രവേശനത്തിൽ കേന്ദ്ര - സംസ്ഥാന തർക്കം

ആറ് വയസ് തികഞ്ഞ ശേഷം ഒന്നാം ക്ലാസ് പ്രവേശനമെന്ന് ദേശീയ വിദ്യാഭ്യാസ നയം. കേരളത്തിൽ അഞ്ച് വയസ് തികഞ്ഞാൽ മതിയെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി
V Sivankutty
V Sivankutty
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസില്‍ തന്നെ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തിന്‍റെ നിലപാടില്‍ മാറ്റമില്ല. 3 വയസ് മുതല്‍ കുട്ടികള്‍ നഴ്സറിയില്‍ പോയിത്തുടങ്ങും. 5 വയസാകുമ്പോള്‍ തന്നെ ഒന്നാം ക്ലാസില്‍ പഠിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകും.

കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് ജനിക്കുന്ന എല്ലാ കുട്ടികളെയും സ്കൂളില്‍ ചേര്‍ക്കും. അതു പോലെയല്ല മറ്റു സംസ്ഥാനങ്ങള്‍. നിലവിലുള്ള സംവിധാനം മാറ്റിയാല്‍ സാമൂഹിക പ്രശ്നം തന്നെയുണ്ടാകും- ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് തികയണമെന്നുള്ളത് ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിർദേശമാണ്. പുതിയ അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 6 വയസാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇതു നടപ്പാക്കണമെന്ന് 2021, 2023 വർഷങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല.

പുതിയ അധ്യയന വർഷത്തേക്കുള്ള നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണു വിദ്യാഭ്യാസ നയം ഓർമിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് സെക്രട്ടറി അർച്ചന ശർമ അവസ്തി കഴിഞ്ഞ ദിവസം വീണ്ടും കത്തയച്ചത്. എന്നാൽ ഇതു കേരളത്തിൽ പറ്റില്ലെന്നാണു മന്ത്രിയുടെ വാദം.

ഇതിനോടകം 14 സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കുന്നതിനുള്ള പ്രായപരിധി 6 വയസാക്കി ഉയർത്തിയിട്ടുണ്ട്. പശ്ചിമ ബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ വരുന്ന അധ്യയന വർഷം മുതൽ ഇതു നടപ്പിലാക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com