കുസാറ്റ് ബിടെക് നേവല്‍ ആർക്കിടെക്ചർ വിദ്യാർഥികൾ 100% പ്ലേസ്‌മെന്‍റിലേക്ക്
CUSATFile

കുസാറ്റ് ബിടെക് നേവല്‍ ആർക്കിടെക്ചർ വിദ്യാർഥികൾ 100% പ്ലേസ്‌മെന്‍റിലേക്ക്

കഴിഞ്ഞ 45 വർഷമായി നൂറു ശതമാനം പ്ലേസ്മെന്‍റ് നേട്ടം നിലനിർത്തുന്ന വിഭാഗമാണിത്

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ് ടെക്നോളജി വകുപ്പിൽ ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിംഗ് അവസാന വർഷ പ്ലേസ്മെന്‍റ് നൂറ് ശതമാനത്തിലേക്ക് എത്തുന്നു. ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിംഗ് കോഴ്‌സിന്‍റെ നാല്പത്തി അഞ്ചാം ബാച്ച് ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്.

ഇത്തവണ കോഴ്സ് പൂർത്തിയാക്കിയ 38 വിദ്യാർത്ഥികളിൽ 36 പേർക്കും പ്ലേസ്മെന്‍റ് ലഭിച്ചു, അതായത് 95 ശതമാനം പ്ലേസ്മെന്‍റ് എന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു. പ്രശസ്തമായ കമ്പനികൾ വരും ദിവസങ്ങളിൽ പ്ലേസ്‌മെന്‍റിന് എത്തുന്നതോടെ കഴിഞ്ഞ നാലര പതിറ്റാണ്ടായി തുടർന്ന് പോരുന്ന നൂറ് ശതമാനം പ്ലേസ്മെന്‍റ് നേട്ടം നിലനിർത്താൻ ഇത്തവണയും ഷിപ് ടെക്നോളജിക്ക്‌ സാധിക്കും.

ഈ വർഷം ഏറ്റവും ഉയർന്ന വാർഷിക ഓഫർ 29.83 ലക്ഷം രൂപയും ശരാശരി ഓഫർ 9.79 ലക്ഷം രൂപയുമാണ്. ഇത് കഴിഞ്ഞ വര്‍ഷം യഥാക്രമം 17.3 ലക്ഷം രൂപയും 8.3 ലക്ഷം രൂപയുമായിരുന്നു. ഡിസൈന്‍ ആൻഡ് കൺസൾട്ടൻസി, ക്ലാസിഫിക്കേഷൻ സൊസൈറ്റി, ഷിപ് യാർഡ് , ഹെവി ലിഫ്റ്റ്‌, ഡ്രഡ്ജിങ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ മേഖലകളിലുള്ള ലോക പ്രശസ്തമായ കമ്പനികളിലാണ് വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്‍റ് ലഭിച്ചിട്ടുള്ളത്. 35 ശതമാനം പേർ യുഎഇയിലും, 30 ശതമാനം പേര്‍ കൊച്ചിയിലും, 30 ശതമാനം പേർ മുംബൈയിലും, 5 ശതമാനം പേർ ചെന്നൈയിലുമാണ് ജോലിയില്‍ പ്രവേശിക്കുക.

ഇന്ത്യൻ നേവിയിൽ കേഡറ്റുകൾ ആയി പ്രവേശിച്ച്, ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിംഗ് കോഴ്‌സ് കുസാറ്റിൽ നിന്നും ഈ വർഷം വിജയകരമായി പൂർത്തിയാക്കിയ 10 പേരും ഷിപ്‌ ടെക്നോളജി വകുപ്പില്‍ നിന്നു പുറത്തിറങ്ങുന്നുണ്ട്. അവർ ഇന്ത്യൻ നേവിയിൽ സബ് ലെഫ്റ്റനന്‍റ് പദവിയിലാണ് ക്യാംപസ് വിടുന്നത്.

ഷിപ് ടെക്നോളജി വകുപ്പ് മേധാവി ഡോ.പി.കെ. സതീഷ് ബാബുവിന്‍റെ കീഴിൽ അരവിന്ദ് കെ. ആര്‍., അനൂപ് ചിത്രസേനൻ എന്നീ ഫാക്കൽറ്റി പ്ലേസ്‌മെന്‍റ് കോഡിനേറ്റേഴ്‌സും ആദര്‍ഷ് ടി.ഒ., വിഷ്ണു.പി.എ, ശിവ എസ്. മോഹന്‍, അഭിഷേക് ശങ്കര്‍ സ്റ്റുഡന്‍റ് പ്ലേസ്‌മെന്‍റ് കോഡിനേറ്റേഴ്‌സും ചേർന്നാണ് പ്ലേസ്മെന്‍റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.