ഉന്നത വിദ്യാഭ്യാസ റാങ്കിങ്ങിൽ കുസാറ്റ് ഒന്നാമത്

കോളെജ് വിഭാഗത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ്, എറണാകുളം രാജഗിരി കോളെജ് ഓഫ് സോഷ്യൽ സയൻസ്, സെന്‍റ് തെരേസാസ് എന്നിവ ആദ്യ മൂന്നു സ്ഥാനങ്ങളിൽ
CUSAT tops higher education ranking
CUSATFile
Updated on

കൊച്ചി: പ്രഥമ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സമ്മാനിച്ചു. സർവകലാശാലകളിൽ ഒന്നാമതായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്കു വേണ്ടി (കുസാറ്റ്) വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി.

സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. കോളെജ് വിഭാഗത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ്, എറണാകുളം രാജഗിരി കോളെജ് ഓഫ് സോഷ്യൽ സയൻസ്, സെന്‍റ് തെരേസാസ് എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. എൻജിനിയറിങ് കോളെജ് വിഭാഗത്തിൽ തിരുവനന്തപുരം സിഇടി, തൃശൂർ എൻജിനിയറിങ് കോളെജ്, കൊല്ലം ടികെഎം എൻജിനിയറിങ് കോളെജ് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.

നഴ്സിംഗ് കോളെജ് വിഭാഗത്തിൽ തിരുവനന്തപുരം നഴ്സിങ് കോളെജ് ഒന്നാമതെത്തി. എഞ്ചിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ്, ടീച്ചർ എഡ്യൂക്കേഷൻ, വെറ്റിനറി, നഴ്സിങ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ റാങ്കിങ്ങുകൾ ഉണ്ട്. സർക്കാർ കോളെജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി കോളെജ് എന്നിവ വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി.

12 വിഭാഗങ്ങളിലായി 449 സ്ഥാപനങ്ങളെയാണ് റാങ്കിങിന് പരിഗണിച്ചത്. ഇതിൽ സർക്കാർ മേഖലയിൽ നിന്ന് കോളെജുകളിൽ 12 ഉം എഞ്ചിനിയറിങ് കോളെജുകളിൽ ആറും നഴ്സിങ്, ടീച്ചർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നു വീതവും കാർഷിക അനുബന്ധ മേഖലയിൽ നിന്ന് അഞ്ചും സ്ഥാപനങ്ങൾ റാങ്കു നേടി. റാങ്കിങിന് പരിഗണിച്ച 449 സ്ഥാപനങ്ങളിൽ വേദിയിലെത്തിയ എല്ലാവർക്കും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമ്മാനിച്ചു.

ചടങ്ങിൽ നാക് മുൻ ഡയറക്റ്റർ രംഗനാഥ് എച്ച്. അന്നേ ഗൗഡ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, സെന്‍റ് തെരേസാസ് കോളെജ് പ്രിൻസിപ്പാൾ ഡോ. അൽഫോൻസ വിജയ് ജോസഫ്, കോളെജ് ഡയറക്റ്റർ സിസ്റ്റർ ടെസ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ രജിസ്ട്രാർ പി.എസ്. വനജ എന്നിവർ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com