അറിയാതെ പോകരുത്, സ്കോളർഷിപ്പുകൾ നിരവധി

അറിയാതെ പോകരുത്, സ്കോളർഷിപ്പുകൾ നിരവധി

പ്ലസ് വണ്‍ മുതല്‍ വിദ്യാർഥികള്‍ക്കു ലഭിക്കുന്ന പ്രധാന സ്കോളർഷിപ്പുകള്‍ ഏതൊക്കെയെന്ന് നോക്കാം.

തയാറാക്കിയത്: എൻ. അജിത്കുമാർ

സമൂഹത്തിൽ തുല്യത ഉറപ്പാക്കാൻ വിദ്യാഭ്യാസത്തിനു സാധിക്കും എന്ന ചിന്തയില്‍ നിന്നാണ് സ്കോളർഷിപ്പുകളുടെ പിറവി. ധാരാളം വ്യക്തികളും സംഘടനകളും ഗവണ്‍മെന്‍റുമൊക്കെ ഇന്ന് ധാരാളം സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലരും ഇതറിയാതെ പോകുന്നതുകൊണ്ട് സമർഥരായ വിദ്യാർഥികള്‍ക്ക് ഇത്തരം സ്‌കോളര്‍ഷിപ്പുകൾ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. പ്ലസ് വണ്‍ മുതല്‍ വിദ്യാർഥികള്‍ക്കു ലഭിക്കുന്ന പ്രധാന സ്കോളർഷിപ്പുകള്‍ ഏതൊക്കെയെന്ന് നോക്കാം.

സ്കോളർഷിപ്പുകള്‍ പലതരം

നിശ്ചിതകാലപരിധിക്കുള്ളില്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടാനായില്ലെങ്കില്‍ സ്കോളർഷിപ്പ് തുക തിരിച്ചടക്കേണ്ടി വന്നേക്കാമെന്നുള്ളതും ശ്രദ്ധിക്കണം. ഇത്തരം കര്‍ശനമായ നിബന്ധനകള്‍ ഇല്ലാതെ ലഭിക്കുന്ന സ്കോളർഷിപ്പുകള്‍ക്ക് മൂല്യം കുറവായിരിക്കും. ചില വിഷയങ്ങള്‍ക്കു മാത്രമായും ചില പ്രത്യേക പഠനത്തിനായുമൊക്കെ നല്‍കുന്ന സ്കോളർഷിപ്പുകളുമുണ്ട്.

പല തരത്തിലുള്ള സ്കോളർഷിപ്പുകള്‍:

  1. പഠനത്തിന്‍റെ മുഴുവന്‍ ചെലവും വഹിക്കുന്നത്.

  2. ഒരു നിശ്ചിത തുക പ്രതിമാസത്തിലോ പ്രതിവര്‍ഷമോ ലഭിക്കുന്നത്.

  3. വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുവാന്‍ യാത്രച്ചെലവുള്‍പ്പെടെ.

  4. പുസ്തകങ്ങളും പഠനോപകരണങ്ങളും വാങ്ങാനുള്ള ഗ്രാന്‍റ് എന്ന നിലയില്‍.

  5. ഗവേഷണ പ്രബന്ധം തയ്യാറാക്കാനുള്ള ചെലവുള്‍പ്പെടെ.

പല വിഭാഗം സ്കോളർഷിപ്പുകൾ:

സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും അഞ്ച് വിഭാഗത്തിലായാണ് ലഭിക്കുന്നത്.

  1. മെറിറ്റ് - വിദ്യാഭ്യാസപരമായ യോഗ്യത താരതമ്യപ്പെടുത്തി ഏറ്റവും മിടുക്കരായ ഏതാനും പേരെ കണ്ടെത്തി അവരുടെ മുന്നോട്ടുള്ള പഠനത്തിന് പ്രോത്സാഹനം നല്‍കുക എന്നതാണ് മെറിറ്റ് സ്കോളർഷിപ്പുകളുടെ ഉദ്ദേശ്യം.

  2. സ്റ്റുഡന്‍സ് സ്‌പെസിഫിക് - വിദ്യാർഥികളുടെ ജാതി, മതം, കുടുംബപശ്ചാത്തലം, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ തുടങ്ങിയവ പരിഗണിച്ച് നല്‍കുന്ന സ്കോളർഷിപ്പുകളാണിവ.

  3. ആവശ്യത്തെ മുന്‍നിര്‍ത്തി - പെണ്‍കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുക, യുവജനങ്ങളില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുക തുടങ്ങി ഏതെങ്കിലും ആവശ്യത്തെ മുന്‍നിര്‍ത്തി നല്‍കപ്പെടുന്ന സ്കോളർഷിപ്പുകള്‍.

  4. കരിയര്‍ കണക്കിലെടുത്ത് - ഏതെങ്കിലും ഒരു പ്രത്യേക കരിയറിലേക്ക് വിദ്യാർഥികളെ ആകര്‍ഷിക്കുന്ന സ്കോളർഷിപ്പുകളാണിവ. ന്യൂക്ലിയര്‍ ഫിസിക്‌സ്, സ്‌പോര്‍ട്‌സ്, സ്‌പെയ്‌സ് സയന്‍സ് എന്നി മേഖലകളിലുള്ള പഠനത്തിനും പരിശീലനത്തിനും നല്‍കുന്ന സ്കോളർഷിപ്പുകള്‍ ഉദാഹരണം.

  5. പ്രത്യേക കോളേജില്‍ ഉപരിപഠനത്തിന് - പ്രസ്തുത കോളേജിലെ പൂര്‍വ്വവിദ്യാർഥികളോ കോളേജുമായി ബന്ധമുള്ളവരോ സംഘടനകളോ ആണ് ഇത്തരം സ്കോളർഷിപ്പുകള്‍ നല്‍കുന്നത്. അന്താരാഷ്‌ട്ര സൗഹൃദം മെച്ചപ്പെടുത്തുന്നതിനായി പല രാജ്യങ്ങളും മറ്റ് രാജ്യങ്ങളിലെ വിദ്യാർഥികള്‍ക്ക് സ്കോളർഷിപ്പുകള്‍ നല്‍കാറുണ്ട്.

നിങ്ങള്‍ക്കും നേടാം സ്കോളർഷിപ്പ്

Image by Freepik

സ്കോളർഷിപ്പ് നേടാനായി ലക്ഷ്യമിട്ടു കഴിഞ്ഞാല്‍ അതിനായുള്ള മാര്‍ഗ്ഗങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യണം. സ്കോളർഷിപ്പ് വിവരങ്ങള്‍ ലഭ്യമായ വെബ്‌സൈറ്റുകളും മറ്റ് വിവരശേഖരണമാധ്യമങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള സ്കോളർഷിപ്പ് ഏതെന്ന് കണ്ടെത്തുക. മറ്റുള്ളവരില്‍ നിന്ന് ഭിന്നാമയി നിങ്ങള്‍ക്കുള്ള കഴിവുകള്‍ പരിഗണിച്ചുവേണം ഏതു സ്കോളർഷിപ്പിനുവേണ്ടിയാണ് അപേക്ഷിക്കേണ്ടതെന്ന് കണ്ടെത്താന്‍.

നാഷണല്‍ സ്കോളർഷിപ്പ് പോര്‍ട്ടല്‍

സ്കോളർഷിപ്പുകളെക്കുറിച്ച് പലപ്പോഴും വിദ്യാർഥികളും രക്ഷിതാക്കളും ബോധവാന്‍മാരല്ല എന്നതാണ് പല മിടുക്കര്‍ക്കും സ്കോളർഷിപ്പ് ലഭിക്കാതിരിക്കാനുള്ള കാരണം. ഈ പ്രശ്‌നം പരിഹരിക്കാനായി ഇ- ഗവണ്‍മെന്‍സ് മിഷന്‍റെ നേതൃത്വത്തില്‍ നാഷണല്‍ സ്കോളർഷിപ്പ് പോര്‍ട്ടല്‍ എന്ന ഏകജാലക സംവിധാനം നടപ്പാക്കിയിട്ടുണ്ട്. www.scholarshisp.gov.in എന്ന വെബ് സൈറ്റില്‍ വിവിധ മന്ത്രാലയങ്ങള്‍ നല്‍കുന്ന 68 ഓളം സ്കോളർഷിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാനും അപേക്ഷിക്കാനും കഴിയും. ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, സാമൂഹ്യ നീതി എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളിലായി നിരവധി സ്കോളർഷിപ്പുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം

Freepik
  1. അപേക്ഷ തയാറാക്കുന്നതിനും അയ്ക്കുന്നതിനും നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളും നിബന്ധനകളും കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.

  2. അപേക്ഷാഫോം സൂക്ഷ്മമായി വായിച്ചു മനസിലാക്കുക.

  3. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി പ്രത്യേകം ശ്രദ്ധിക്കുക.

  4. കൃത്യമായ സമയത്ത് അവശ്യമായ രേഖകളോടു കൂടി അപേക്ഷിക്കുക.

  5. എവിടെ, എപ്പോള്‍, എന്തെല്ലാം രേഖകളോടു കൂടി അപേക്ഷ സമര്‍പ്പിക്കണം, അപേക്ഷഫോറം എവിടെ ലഭിക്കും, ഓണ്‍ലൈനായാണോ അപേക്ഷിക്കേണ്ടത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തി തയാറെടുപ്പ് നടത്തണം.

  6. ശുപാര്‍ശക്കത്തുകള്‍, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, രക്ഷിതാവിന്‍റെ വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,

    വയസ്സ്/ ജാതി/നേറ്റി വിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.

  7. ആവശ്യമെങ്കില്‍ സ്കോളർഷിപ്പിന് നിങ്ങളെ അര്‍ഹനാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു പ്രബന്ധം.

  8. അപേക്ഷ സമര്‍പ്പിക്കേണ്ടത് തപാലില്‍, സ്പീഡ്‌പോസ്റ്റ്, രജിസ്റ്റേര്‍ഡ് പോസ്റ്റ് എന്നിങ്ങനെയുള്ള നിബന്ധനകളുണ്ടെങ്കില്‍ ശ്രദ്ധിക്കണം.

  9. നിശ്ചിത തീയതിക്കു മുമ്പുതന്നെ കിട്ടത്തക്കവിധം അയ്ക്കാന്‍ ശ്രദ്ധിക്കണം.

  10. മേല്‍വിലാസം പൂര്‍ണവും കൃത്യവുമായിരിക്കണം.

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം

ലോകത്തെ 140 ഓളം രാജ്യങ്ങളിലുള്ള 9000 ലധികം കോളേജുകളില്‍ പ്രവേശനത്തിന് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം പരിശോധിക്കുന്ന ഒരംഗീകൃത പരീക്ഷയാണ് TOEFL (Test of English as a Foreign Language) നിങ്ങള്‍ക്ക് ടോഫ്ല്‍ ടെസ്റ്റില്‍ വേണ്ട സ്‌കോര്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ലോകത്തെവിടെയുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലസ്ടു ലെവല്‍ പരീക്ഷ പാസായിട്ടുള്ള ആര്‍ക്കും ടോഫ്ല്‍ പരീക്ഷ എഴുതാം. ഇന്‍റര്‍നെറ്റ് പരീക്ഷയും എഴുത്തു പരീക്ഷയും ഇതിനായുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്

കോളേജ്/സര്‍വകലാശാല ബിരുദ -ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാർഥികള്‍ക്ക് സെന്‍ട്രല്‍ സെക്ടര്‍ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ബോര്‍ഡ് പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് വാങ്ങിയ നോണ്‍ ക്രീമിലയര്‍ വിഭാഗക്കാര്‍ക്കാണ് യോഗ്യത. പ്രതിവര്‍ഷം 82,000 സ്കോളർഷിപ്പുകള്‍ ഉള്ള ഈ വിഭാഗത്തില്‍ 50 ശതമാനം വനിതകള്‍ക്കായി സംവരണണം ചെയ്തിരിക്കുന്നു. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലും (AICTE) യു.ജി.സി യും നിരവധി സ്‌കീമുകള്‍ നടപ്പാക്കിയിട്ടുണ്ട്. ഗേറ്റ് പരീക്ഷ വഴി പഠനത്തിനെത്തുന്ന എല്ലാ വിദ്യാർഥികള്‍ക്കും പ്രതിമാസം 12,000 രൂപയും AICTE നല്‍കാറുണ്ട്.

ഡിപ്ലോമ, ബിരുദ തലത്തില്‍ സാങ്കേതിക വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ക്കായി പ്രഗതി സ്കോളർഷിപ്പുകളും ഇതില്‍ നല്‍കുന്നു.

യുജിസി വഴി നെറ്റ്, ജെആര്‍എഫ് ‌പോസ്റ്റ് ഡോക്ടറല്‍, ഇഷാന്‍ ഉദയ് തുടങ്ങി 14 സ്കോളർഷിപ്പുകള്‍ ലഭ്യമാക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് രംഗത്തെ മിടുക്കന്‍മാരായവര്‍ക്കു വേണ്ടിയുള്ള പ്രത്യേക സ്കോളർഷിപ്പുകളും ഇതില്‍പ്പെടും. കലാവിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് സാംസ്‌ക്കാരിക വകുപ്പ് യങ് ആര്‍ട്ടിസ്റ്റ്, ടാഗോര്‍ ദേശീയ ഫെലോഷിപ്പ്, ഔട്ട്സ്റ്റാന്‍റിങ് പേഴ്‌സണ്‍ തുടങ്ങിയ സ്കോളർഷിപ്പുകളും നല്‍കുന്നുണ്ട്. ശാസ്ത്ര മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതന് ഇന്‍സ്‌പെയര്‍ പോലുള്ള നിരവധി പദ്ധതികളുമുണ്ട്. കേരള സര്‍ക്കാരിന്‍റെ പ്രത്യേക സ്കോളർഷിപ്പുകള്‍ക്കും , മറ്റു സ്കോളർഷിപ്പുകള്‍ക്കുമുള്ള വിജ്ഞാപനം വരുമ്പോള്‍ അപേക്ഷിക്കാന്‍ മറക്കരുത്.

ചില പ്രധാന സ്കോളർഷിപ്പുകള്‍

  1. പിഎംഎസ് - പോസ്റ്റ് മെട്രിക് സ്കോളർഷിപ്പാണ് പി.എം.എസ്. അംഗീകൃത സ്ഥാപനങ്ങളിലെ പ്ലസ് വണ്‍, ബിരുദ - ബിരുദാനന്തര, പി.ച്ച്.ഡി, ഐ.ടി.ഐ കാര്‍ക്ക് അപേക്ഷിക്കാം. ക്രിസ്ത്യന്‍, മുസ്ലീം തുടങ്ങിയ മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരായിരിക്കണം അപേക്ഷകര്‍. എസ്. എസ്.എല്‍.സി യൂണുവേഴ്‌സിറ്റി പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്ക് വേണം. ഒരു വീട്ടില്‍ 2 പേര്‍ക്കേ സ്കോളർഷിപ്പ് കിട്ടൂ. കുടുംബ വരുമാനം 2 ലക്ഷത്തില്‍ കൂടാനും പാടില്ല.

  2. സെന്‍ട്രല്‍ മെറിറ്റ് സ്കോളർഷിപ്പ് - ബിരുദധാരികൾക്ക് പ്രതിവര്‍ഷം 10, 000 രൂപ, പി.ജി ക്കാര്‍ക്ക് പ്രതി വര്‍ഷം 20,000 രൂപ പ്രൊഫഷണല്‍ക്കാര്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ (ആദ്യത്തെ 3 വര്‍ഷം) നാലും അഞ്ചും വര്‍ഷങ്ങളില്‍ 20,000 രൂപ വീതം. മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിന് മുകളില്‍ ആകരുത്. മറ്റേതെങ്കിലും സ്കോളർഷിപ്പ് ഉള്ളവരും അര്‍ഹരല്ല.

  3. സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് - പ്ലസ് വണ്‍, ബിരുദതലത്തില്‍ പ്രതിവര്‍ഷം 1250 രൂപ ലഭിക്കുന്ന 300 സ്കോളർഷിപ്പുകള്‍. പി.ജി തലത്തില്‍ പ്രതിവര്‍ഷം 1500 രൂപ ലഭിക്കുന്ന 150 സ്കോളർഷിപ്പുകള്‍ .യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞ് 50 ശതമാനം മാര്‍ക്ക് വേണം. മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം 1 ലക്ഷം കവിയരുത്.

  4. ഡിസ്ട്രിക്റ്റ് മെറിറ്റ് - എസ്എസ്എല്‍സിക്ക് എല്ലാവിയത്തിലും A+നേടിയ പ്ലസ് വണ്‍ , ഐ.ടി.ഐ, പോളിടെക്‌നിക് പഠിതാക്കള്‍ക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷ സ്കോളർഷിപ്പ് 1250 രൂപ

  5. എംഎസ്‌സിടി - സ്‌ക്കൂള്‍ അധ്യാപകരുടെ മക്കള്‍ക്കാണ് ഈ സ്കോളർഷിപ്പ്. പ്ലസ് വണിനും ബിരുദ പഠനത്തിനും പ്രതിമാസം .50 രൂപ കിട്ടും.

  6. മുസ്ലീം, നാടാര്‍ സ്കോളർഷിപ്പ് - ഇത് പെണ്‍കുട്ടികള്‍ക്ക് മാത്രം. പ്ലസ് വണ്‍ കുട്ടികള്‍ക്ക് പ്രതിമാസം125 രൂപ കിട്ടും. അപേക്ഷകര്‍ ഒ.ബി.സി യോ (പിന്നോക്ക വിഭാഗം) ബി.പി.എല്‍ വിഭാഗത്തിലെ മുന്നോക്കവിഭാഗമോ ആയിരിക്കണം.

  7. സാന്‍സ്‌ക്രിറ്റ് സ്കോളർഷിപ്പ് - സംസ്‌കൃതപഠനത്തിനാണ് ഈ സ്കോളർഷിപ്പ്.ബിരുദ കോഴ്‌സുകള്‍ക്ക് 55 സ്കോളർഷിപ്പുണ്ട്. പ്രതിമാസം 200 രൂപ പി.ജി കോഴ്‌സിന് പ്രതിമാസം 200 രൂപ വീതമുള്ള 25 എണ്ണം.

  8. സുവര്‍ണ ജൂബിലി സ്കോളർഷിപ്പ് - ബി.പി.എല്‍ വിഭാഗത്തില്‍ വരുന്ന ബിരുദ - ബിരുദാനന്തരകോഴ്‌സിലെ കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ കിട്ടുന്ന ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

  9. സി.എച്ച്. മുഹമ്മദ്‌കോയ സ്കോളർഷിപ്പ് - ബിരുദ കോഴ്‌സ്: പ്രതിവര്‍ഷം 4000രൂപ, 1000 സ്കോളർഷിപ്പുകള്‍. ബിരുദാനന്തര കോഴ്‌സുകള്‍: പ്രതിവര്‍ഷം 5000 രൂപയുള്ള 1000 സ്കോളർഷിപ്പുകള്‍. പ്രൊഫഷണല്‍ കോഴ്‌സുകള്‍: പ്രതിവര്‍ഷം 6000 രൂപ വീതം കിട്ടുന്ന 1000 സ്കോളർഷിപ്പുകള്‍. കേരളീയരായ മുസ്ലീം, ലാറ്റിന്‍ ക്രിസ്റ്റ്യന്‍, പുതുതായി ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ എന്നി വിഭാഗകാര്‍ക്ക് അപേക്ഷിക്കാം. കുടുംബ വരുമാനം നാലരലക്ഷത്തില്‍ കൂടുതല്‍ കവിയരുത്.

  10. ഹിന്ദി സ്കോളർഷിപ്പ് - പ്രതിമാസം 500 രൂപ വീതം കിട്ടുന്ന 180 സ്കോളർഷിപ്പുകള്‍ ബിരുദതലത്തിലുംപ്രതിമാസം 1000 രൂപ വീതം കിട്ടുന്ന 59 സ്കോളർഷിപ്പുകള്‍ ബിരുദാനന്തര കോഴ്‌സുകള്‍ക്കുമായി ഉണ്ട്. രണ്ടിനും ഹിന്ദിയായിരിക്കണം മുഖ്യ പാഠ്യ വിഷയം.

Trending

No stories found.

Latest News

No stories found.