വിദ്യാഭ്യാസ വാർത്തകൾ (14/03/2024)

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
വിദ്യാഭ്യാസ വാർത്തകൾ (14/03/2024)

തീയതി നീട്ടി

2024 മെയിൽ നടത്തുന്ന കെ.ജി.റ്റി.ഇ കൊമേഴ്സ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 19നു വൈകിട്ട് അഞ്ചു വരെ നീട്ടി.

ഹൈസ്‌കൂൾ പ്രവേശനം

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേക്കുളള പ്രവേശനത്തിന് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 7907788350, 9605921372, 9037183080, 9446686362, 9400006460.

സ്‌കൂൾ എട്ടാം സ്റ്റാന്‍ഡേർഡ് പ്രവേശനം (2024-25)

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്‍റിന്‍റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481- 2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ മുട്ടം, തൊടുപുഴ (04862-255755/8547005014)യിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010)യിലും പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കന്‍ഡറി സ്‌കൂളുകളിൽ 2024-25 അധ്യയനവർഷത്തിൽ എട്ടാം സ്റ്റാന്‍ഡേർഡ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ/അപേക്ഷക 01.06.2024നു 16 വയസ് തികയാത്തവരായിരിക്കണം.

ഏഴാം സ്റ്റാന്‍ഡേർഡോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും, ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായും സമർപ്പിക്കാം. അപേക്ഷയുടെ രജിസ്‌ട്രേഷൻ ഫീസായി 110 രൂപ (എസ്‌.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്‍റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, പണമടച്ചതിന്‍റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്താം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂൾ ഓഫീസിൽ പണമായോ, പ്രിൻസിപ്പലിന്‍റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാം. 2024-25 വർഷത്തെ പ്രോസ്‌പെക്റ്റസ് ഈ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി മാർച്ച് 25 നു വൈകിട്ട് നാലു വരെയും സ്‌കൂളിൽ നേരിട്ട് 27 നു വൈകിട്ട് നാലു വരെയും സമർപ്പിക്കാം.

ഇ-ജേണലുകൾ ലഭ്യമാക്കുന്നത് പരിഗണിക്കും: ഡോ. ആർ ബിന്ദു

നിലവിൽ സർവകലാശാലകൾക്ക് ലഭ്യമാക്കുന്ന ഇ ജേണൽ പ്ലാറ്റ് ഫോം സേവനം കോളെജുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ഇ- ജേണൽ കൺസോർഷ്യവുമായി ബന്ധപ്പെട്ട ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓൺലൈൻ ജേണലുകൾ സൗജന്യമായി ലഭിച്ചിരുന്നത് യു ജി സി നിർത്തലാക്കിയ പശ്ചാത്തലത്തിലാണ് പരമാവധി ഇ ജേണലുകൾ സമാഹരിച്ചു നമ്മുടെ ഗവേഷകർക്കും അധ്യാപകർക്കും എത്തിക്കുന്നതിനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചത്. നൂതനത്വവും ഏറ്റവും പുതിയ ഗവേഷണാത്മക കണ്ടെത്തലുകളും വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും സമയബന്ധിതമായി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സംഘടിപ്പിക്കപ്പെട്ട, കേരളത്തിൽ വികസിപ്പിച്ചെടുത്ത ബദൽ സംവിധാനമാണ് ഇ ജേണൽ കൺസോർഷ്യം. നിംബസ്, സേവിയർ തുടങ്ങിയ അന്തർദേശീയ സ്വീകാര്യതയുള്ള ഏജൻസികളുടെ സഹായത്തോടുകൂടിയാണ് റീജണൽ കൺസോർഷ്യം പ്രവർത്തിക്കുന്നത് എന്നുള്ളത് അഭിമാനകരമാണ്.

വലിയ വൈജ്ഞാനിക വിസ്‌ഫോടനത്തിന്‍റെ യുഗമെന്ന നിലയിൽ ഒരോ വൈജ്ഞാനിക ശാഖയിലും ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അനിവാര്യതയാണ്. അങ്ങനെ എപ്പോഴും നമ്മുടെ അറിവിനെ കാലാനുസൃതമായി പരിഷ്‌കരിച്ചു കൊണ്ട് മുന്നോട്ടു പോകണം നമ്മുടെ സർവകലാശാലകളിലും കലാലയങ്ങളിലുമുള്ള അക്കാദമിക സമൂഹത്തെ ഏറ്റവും പുതിയ കാലത്തിന് അനുസൃതമായ രീതിയിൽ സജ്ജമാക്കുക എന്നുള്ള വലിയ ഉത്തരവാദിത്തം നമുക്കുണ്ട്. ഓൾ ഇന്ത്യ ഹയർ എജുക്കേഷൻ സർവേ അടിസ്ഥാനത്തിൽ സാമൂഹിക നീതിയിലും തുല്യതയിലുമടക്കം വളരെ മുന്നിലാണ്. എന്നാൽ ഗവേഷക മേഖലയിലടക്കം ഇനി കൂടുതൽ മുന്നോട്ടു പോകേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി ഇന്‍റർ യൂണിവേഴ്‌സിറ്റി, ഇന്‍റർ ഡിസിപ്ലിനറി സെന്‍റർ എന്ന നിലയിൽ മികവിന്‍റെ കേന്ദ്രങ്ങൾ ഗവേഷണ മേഖലയിൽ ഉണ്ടാകണമെന്ന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. അതിന്‍റെ പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുകയണ്. ഇ ജേണൽ കൺസോർഷ്യം ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമിൽ ആക്‌സസ് ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനുള്ള പരിശ്രമം ലൈബ്രറിയന്മാരുടെ ഭാഗത്തുനിന്നും സർവകലാശാല മേധാവികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.

ആളുകൾ വായിക്കുകയും അവരുടെ വൈജ്ഞാനിക ജീവിതത്തിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഇ ജേണൽ കൺസോർഷ്യം എന്ന ആശയം അർത്ഥപൂർണമാകുന്നത്. ഇതിനാവശ്യമായ നിർദേശങ്ങൾ രൂപീകരിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിലിന് സമർപ്പിക്കാൻ ശിൽപശാലക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, എൽസേവിയർ റീജിയണൽ ഡയറക്റ്റർ നിതിൻ റാവത്ത്, ജി ഐ എസ് ടി അസോസിയേറ്റ് ഡയറക്റ്റർ കെ കാർത്തികേയൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ടിഞ്ചു പി ജയിംസ് എന്നിവർ സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.