

എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളെജിലെ എല്ലാ പ്രോഗ്രാമുകൾക്കും എൻ.ബി.എ അക്രഡിറ്റേഷൻ
പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളെജിലെ എല്ലാ പ്രോഗ്രാമുകൾക്കും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) ലഭിച്ചതായി ഡയറക്റ്റർ ഡോ. എം. അബ്ദുൾ റഹ്‌മാൻ അറിയിച്ചു. സിവിൽ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ പ്രോഗ്രാമുകൾക്കാണ് മൂന്നു വർഷത്തേക്ക് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്താൻ ഉത്തരവാദിത്തമുള്ള കേന്ദ്ര സർക്കാർ സ്ഥാപനമാണ് എൻ.ബി.എ. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സപനങ്ങളുടെ അക്കാദമിക് മികവും സാങ്കേതിക സൗകര്യങ്ങളും നേരിട്ടു പരിശോധിച്ചിട്ടാണ് അക്രഡിറ്റേഷൻ നൽകുന്നത്.
ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി
കെൽട്രോണിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി 7561866186, 9388338357 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി, +2, ഐടിഐ, ഡിപ്ലോമ. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. പ്രായപരിധി ഇല്ല. ksg.keltron.in ൽ അപേക്ഷഫോം ലഭിക്കും.
പോളിടെക്നിക് പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ
സംസ്ഥാനത്തെ പോളിടെക്‌നിക് കോളെജുകളായ ഗവ. പോളിടെക്‌നിക് കോളെജ്, കോതമംഗലം, ഗവ. പോളിടെക്‌നിക് കോളെജ്, പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളെജ്, കോഴിക്കോട്, ശ്രീനാരായണ പോളിടെക്‌നിക് കോളെജ്, കൊട്ടിയം, കൊല്ലം, സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളെജ്, മലപ്പുറം, എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എൻജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്റ്റസ് www.polyadmission.org/pt യിൽ ലഭിക്കും.
ഭിന്നശേഷിയുള്ളവർക്ക് അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 10 ശതമാനം വീതം സീറ്റുകൾ സർക്കാർ/ പൊതുമേഖല/ സ്വകാര്യമേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ, രണ്ടു വർഷ ഐ.ടി.ഐ./കെ ജി സി ഇ/വി എച്ച് എസ് ഇ/ടി എച്ച് എസ് എൽ സി യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാവും. അപേക്ഷകർ 18 വയസ് തികഞ്ഞവരാകണം.
പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് One Time Registration ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/pt എന്ന വെബ്സൈറ്റ് മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ സർക്കാർ / സർക്കാർ എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളെജുകളിലെ സർക്കാർ സീറ്റുകളിലേക്കും, Govt / Department group സീറ്റുകളിലേക്കും, സർക്കാർ എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളെജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളെജിലേക്കും ഓൺലൈൻ ആയി പ്രത്യേകം അപേക്ഷകൾ നൽകണം. One-Time Registration അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം 14 ജൂലൈ ആണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലും അതത് പോളിടെക്‌നിക് കോളെജിലും ലഭ്യമാണ്. പാർട്ട് ടൈം ഡിപ്ലോമ ക്ലാസുകൾ ഓഗസ്റ്റ് 16ന് ആരംഭിക്കും.
സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്‍റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ: പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീനം നൽകുന്നു. പി.എസ്.സി നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി കെ.എ.എസ് പരീക്ഷാ പരിശീലനത്തിലേയ്ക്കായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിക്ക് വിധേയമായും അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ: പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്‍ററിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഹോമിൽ ജൂലൈ അഞ്ചിന് മുമ്പായി അപേക്ഷ നൽകണം. പട്ടികജാതി/പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്‌റ്റൈപൻഡ് ലഭിക്കും.