വിദ്യാഭ്യാസ വാർത്തകൾ (30-01-2024)

വിദ്യാഭ്യാസ വാർത്തകൾ (30-01-2024)

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്‍റ് പ്രവേശനം

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്ററുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്‍റ് സെന്‍ററിൽ നടത്തിവരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള  പോസ്റ്റ് ഗ്രാജ്വേറ്റ്  ഡിപ്ലോമ ഇൻ  ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്‍റ് കോഴ്‌സിന്‍റെ 2023-2024 വർഷത്തെ പ്രവേശനത്തിന് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം.

50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സൈക്കോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക്  45 ശതമാനം മാർക്ക് മതിയാകും. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായാൽ മതി.

പ്രോസ്‌പെക്റ്റസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 29 വരെ ഓൺലൈനിലൂടെയോ അല്ലെങ്കിൽ കേരളത്തിലെ എല്ലാ ഫെഡറൽ  ബാങ്കിന്‍റെ  ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെലാൻഫോറം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ്.  തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് ഓൺലൈനായി 2024 മാർച്ച് 2 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64

പരീക്ഷാ ഫലം 

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2023 നവംബർ മാസത്തിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്‍റെ വിശദാംശങ്ങളും പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ടാൽ അറിയാം.

ഐ.എച്ച്.ആർ.ഡി.യുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഫെബ്രുവരി 12 വരെ  പരീക്ഷാ കേന്ദ്രത്തിൽ പിഴ കൂടാതെയും 14 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡി.റ്റി.പി ഓപ്പറേഷൻ കോഴ്സ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്‍റർ ഫോർ അഡ്വാൻസ്ഡ് പ്രിന്‍റിങ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ / മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത  ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപ്പന്‍റും ലഭിക്കും.

ഒബിസി / എസ്ഇബിസി / മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. തിരുവനന്തപുരം (0471 – 2474720), എറണാകുളം (0484 – 2605322), കോഴിക്കോട് (0495 – 2356591) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതാത് സെന്‍ററിൽ നിന്നും നേരിട്ടും മണിഓർഡറായി 130 രൂപ മാനെജിങ് ഡയറക്റ്റർ, കേരള സ്റ്റേറ്റ് സെന്‍റർ ഫോർ അഡ്വാൻസ്ഡ് പ്രിന്‍റിങ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്‍റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ തപാലിലും വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനെജിങ് ഡയറക്റ്റർ, സി-ആപ്റ്റിന്‍റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം.

വിശദ വിവരങ്ങൾക്ക് 0471 – 2474720, 0471 – 2467728 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക. വെബ്സൈറ്റ്: www.captkerala.com. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി 16.

ന്യൂനപക്ഷ സ്കോളർഷിപ്പ്: ഇതുവരെ ചെലവഴിച്ചത് 6.25 കോടി

ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്പ് ഇനത്തിൽ 5956 വിദ്യാർഥികൾക്കായി നടപ്പു സാമ്പത്തിക വർഷം ഇതുവരെ ചെലവഴിച്ചത് 6.25 കോടി രൂപ. ത്രിവത്സര പോളിടെക്‌നിക് കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ് 1164 പേർക്കായി 69.93 ലക്ഷം രൂപ ചെലവഴിച്ചു. പാരാമെഡിക്കൽ ഡിപ്ലോമ, ജനറൽ നഴ്‌സിംഗ് ഡിപ്ലോമ പഠിക്കുന്ന 445 വിദ്യാർഥികൾക്കായി 66.75 ലക്ഷം രൂപ ചെലവഴിച്ചു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് സ്‌കീമിൽ 4315 വിദ്യാർഥികൾക്കായി 4.72 കോടി രൂപയാണ് ചെലവഴിച്ചത്. എസ്.എസ്.എൽ.സി. പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങിയ വിദ്യാർഥികൾക്ക് 10,000 രൂപയും ബിരുദത്തിന് 80 ശതമാനം മാർക്കും ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാർക്കും നേടിയവർക്ക് 15,000 രൂപയും അനുവദിക്കുന്ന സ്‌കോളർഷിപ്പ് ആണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്.സി. ഐ.എം.എസ്.സി എന്നിവയിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് ഇനത്തിൽ 32 പേർക്കായി 16 ലക്ഷം രൂപ ചെലവഴിച്ചു. ഇതിനു പുറമേ നിരവധി സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്.

വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ്, ഐ.ടി.സി ഫീ റീഇമ്പേഴ്സ്‌മെന്‍റ് സ്‌കോളർഷിപ്പ്, ഉറുദു സ്‌കോളർഷിപ്പ്, സി എച്ച് മുഹമ്മദ്‌കോയ സ്‌കോളർഷിപ്പ് (റിന്യുവൽ) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വകുപ്പ് മുഖേന വിതരണം ചെയ്യുന്ന മറ്റു സ്‌കോളർഷിപ്പുകളായ സി.എ/സി.എം.എ/സി.എസ് സ്‌കോളർഷിപ്പ്, സിവിൽ സർവീസ്, സി.എച്ച് മുഹമ്മദ്‌കോയ സ്‌കോളർഷിപ്പ് എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചു. ഫണ്ട് പൂർണ്ണമായി വിനിയോഗിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി നൽകിയിട്ടുണ്ട്. കൂടാതെ അസാപ് മുഖേന നൈപുണ്യ പരിശീലനം നടത്തുന്നതിനുള്ള പ്രാരംഭ നടപടികളുമെടുത്തു.

ഒക്റ്റോബർ-ഡിസംബർ മാസങ്ങളിലാണ് പ്രൊഫഷണൽ കോളെജുകളിൽ അഡ്മിഷൻ പൂർത്തിയാകുന്നത്. അതനുസരിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സ്‌കോളർഷിപ്പ് വിതരണം പൂർത്തീകരിച്ച് വരുന്നത്. ഇക്കൊല്ലവും സ്‌കോളർഷിപ്പ് വിതരണം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് വകുപ്പ് തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വകുപ്പ് മുഖേന നടപ്പാക്കുന്ന സ്‌കോളർഷിപ്പ് പദ്ധതികൾ മുൻവർഷത്തെ അപേക്ഷിച്ച് വളരെ ഫലപ്രദമായും സമയബന്ധിതമായും കൂടുതൽ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുംവിധം അനുവദിക്കാൻ സാധിക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന വിവിധ സ്‌കോളർഷിപ്പ് പദ്ധതികൾക്കായി ഈ സാമ്പത്തിക വർഷം 21.96 കോടി രൂപയാണ് ബജറ്റ് വിഹിതമായി ലഭിച്ചതെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്റ്റർ അറിയിച്ചു.

ഇന്‍റേൺഷിപ്പിന് അപേക്ഷിക്കാം

നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുമുള്ള നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നു സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്‍റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുമുള്ള പ്രൊവിഷണൽ രജിസ്‌ട്രേഷൻ നേടിയിട്ടുള്ള താൽപര്യമുള്ള FMG വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും www.dme.kerala.gov.in സന്ദർശിക്കുക.

കെൽട്രോണിൽ പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾ

സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്‍റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്‍ററുകളിലാണു പരിശീലനം. മൂന്നു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകൾ സൗജന്യമായിരിക്കും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപന്‍റും നൽകും. പരിശീലനം വിജയകരമായി  പൂർത്തിയാക്കുന്നവരെ തൊഴിൽ സജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്മെന്‍റ് അസിസ്റ്റന്‍റും കെൽട്രോൺ സർട്ടിഫിക്കറ്റും നൽകും.

താൽപര്യമുള്ളവർ കെൽട്രോൺ നോളജ് സെന്‍റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും ഫോട്ടോയും സഹിതം ഫെബ്രുവരി 17നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991/8714269861.

ഐ.ടി.ഐ. പ്രവേശനം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. യിൽ ഡ്രൈവർ കം മെക്കാനിക്ക് എന്ന എസ്.സി.വി.ടി. നോൺ മെട്രിക് ട്രേഡിൽ  2024 ജനുവരി ബാച്ചിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  https://det.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാകുന്ന അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 100/ രൂപ ഫീസ് ഒടുക്കി ഫെബ്രുവരി ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്യണം.  വിശദവിവരങ്ങൾക്ക്  വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങൽ ഗവ ഐ ടി ഐ യിൽ 2017-2019 കാലയളവിൽ സെമസ്റ്റർ സമ്പ്രദായത്തിൽ രണ്ടു വർഷ ട്രേഡിൽ പ്രവേശനം നേടിയതും ഇനിയും പരീക്ഷ വിജയിക്കാനുമുള്ള  ട്രെയിനികളിൽ നിന്നു 2024 മാർച്ചിൽ നടക്കുന്ന പ്രാക്റ്റിക്കൽ, എൻജിനീയറിങ് ഡ്രോയിംഗ് , CBT  സപ്‌ളിമെന്‍ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പ്രാക്റ്റിക്കൽ, എൻജിനിയറിങ് ഡ്രോയിങ് പരീക്ഷ ഫീസ്ട്രഷറിയിൽ ഒടുക്കി അസൽ ചെലാൻ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ, CBT ഫീസ് (തിയറി വിഷയങ്ങൾക്കുള്ള പരീക്ഷ ഫീസ്) എന്നിവ ഉൾപ്പെടെ ഫെബ്രുവരി 13നു വൈകിട്ട് അഞ്ചിനു മുൻപ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കണം.

എസ്.ആർ.സി കമ്മ്യൂണിറ്റി കോളെജിൽ കോഴ്‌സുകൾ

എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2014 ജനുവരി സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് – ഡിപ്ലോമ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

യോഗ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടികെയർ മാനെജ്‌മെന്‍റ്, മാനെജ്‌മെന്‍റ് ഓഫ് സ്‌പെസി ഫിക് ലേണിംഗ് ഡിസോഡേഴ്‌സ്, ആയുർവേദ പഞ്ചകർമ്മ അസിസ്റ്റൻസ് കൗൺസിലിങ്, സൈക്കോളജി എയർലൈൻ ആൻഡ് എയർപോർട്ട് മാനെജ്‌മെന്‍റ് അപ്ലൈഡ് കൗൺസിലിങ് ഫസ്റ്റ് എയ്ഡ്, ഫിറ്റ്‌നെസ് ട്രെയിനിംഗ്, അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ ഹോട്ടൽ മാനെജ്‌മെന്‍റ് ആൻഡ് കാറ്ററിങ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ്, മാർഷ്യൽ ആർട്‌സ്, ലൈഫ് സ്‌കിൽ എഡ്യൂക്കേഷൻ, ബാൻഡ് ഓർക്കസ്ട, സംസ്‌കൃതം ഫൈനാൻഷ്യൽ അക്കൗണ്ടിംഗ് ഡി.റ്റി.പി, വേഡ് പ്രോസസിംഗ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, പി.ജി.ഡി.സി.എ, ട്രയിനേഴ്‌സ് ട്രെയിനിംഗ്, മോണ്ടിസോറി, പെർഫോമിങ് ആർട്സ്, ഭരതനാട്യം, സോളാർ ടെക്‌നോളജി, അഡ്വാൻസ്ഡ് വെൽഡിംഗ് ടെക്‌നോളജി, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്റ്റ്രോണിക്‌സ് ടെക്‌നോളജി, ഇൻഡസ്ട്രിയൽ സേഫ്റ്റി മാനെജ്‌മെന്‍റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി മാനെജ്‌മെന്‍റ്, സേഫ്റ്റി ഓഫീസർ ട്രെയിനിംഗ്, ഫാർമസി, ഒഫ്താൽമിക് ഡെന്‍റൽ, സൗണ്ട് എൻജിനീയറിങ് ആൻഡ് സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയ മേഖലകളിലാണ് കോഴ്സുകൾ.

ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്. മൂന്ന് മാസത്തെ കാലാവധിയുള്ള ഹ്രസ്വകാല സർട്ടിഫിക്കറ്റ് കേഴ്‌സുകളും ഉണ്ട്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്റ്റസ്‌ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 18 വയസിനുമേൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ആപ്ലിക്കേഷൻ  ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ഫെബ്രുവരി 15 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്നും നേരിട്ടും ലഭ്യമാണ്.

എം.എസ്.സി നഴ്സിംഗ് പ്രവേശനം: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ  സമർപ്പിക്കണം

2023-24 അധ്യയന വർഷത്തെ എം.എസ്.സി നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർഹതയുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘M.Sc Nursing 2023 Candidate Portal’ എന്ന ലിങ്കിൽ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫെബ്രുവരി ഏഴിന് വൈകിട്ട് 5 മണി വരെ ഓലൈനായി സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. വിവരങ്ങൾ കൃത്യമായി നൽകാത്തവരുടെ തുക ഇനിയൊരറിയിപ്പില്ലാതെ തന്നെ സർക്കാരിലേക്ക് മുതൽകൂട്ടുന്നതാണ്. ഫോൺ: 0471 2525300

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com