
അന്തിമ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായുള്ള അന്തിമ അലോട്ട്‌മെന്‍റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുക്കേണ്ടതും അലോട്ട്‌മെന്‍റ് ലഭിച്ച കോളെജുകളിൽ സെപ്റ്റംബർ 11ന് വൈകിട്ട് മൂന്നിനു മുമ്പ് പ്രവേശനം നേടുകയും ചെയ്യണം. നിശ്ചിത തീയതിയ്ക്കകം ഫീസ് ഒടുക്കി കോളെജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ ലഭിച്ച അലോട്ട്‌മെന്‍റ് നഷ്ടമാകും. അലോട്ട്‌മെന്‍റിനു ശേഷം ഒഴിവുകൾ നിലനിൽക്കുന്ന പക്ഷം ഈ ഒഴിവുകൾ സ്‌ട്രേവേക്കൻസി അലോട്ട്‌മന്‍റിലൂടെ നികത്തും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക. ഫോൺ: 0471-2525300.
എം.ബി.ബി.എസ്, ബി.ഡി.എസ്: ഓപ്ഷൻ കൺഫർമേഷനും രജിസ്ട്രേഷനും ആരംഭിച്ചു
സംസ്ഥാനത്തെ സർക്കാർ കോളെജുകളിലെയും സ്വാശ്രയ കോളെജുകളിലെയും 2023 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്‍റ് നടപടികളും 2023-ലെ ആയുർവേദ/ ഹോമിയോ/സിദ്ധ/ യുനാനി/ ഫാർമസി/അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ഫിഷറീസ്/വെറ്ററിനറി/കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്‍റ ൽ സയൻസ്/ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്‍റ് നടപടികളും ആരംഭിച്ചു. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാം ഘട്ട അലോട്ട്മെന്‍റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ Confirm ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.
ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ/പുതിയതായി കൂട്ടിച്ചേർത്ത കോഴ്സുകൾ/കോളെജുകളിലേക്ക് ഓപ്ഷൻ രജിസ്ട്രേഷൻ എന്നിവയ്ക്കുള്ള സൗകര്യം സെപ്റ്റംബർ 11ന് വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in ൽ ലഭിക്കും. നീറ്റ് യു.ജി. 2023 മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ആയൂർവേദ കോഴ്സുകളിലേക്കും മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും ഫാർമസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഫാർമസി കോഴ്സുകളിലേക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ സെപ്റ്റംബർ 11ന് വൈകിട്ട് മൂന്നുവരെ ലഭിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
തളിര് സ്‌കോളർഷിപ്പ് പരീക്ഷ 2023: 30 വരെ രജിസ്റ്റർ ചെയ്യാം
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്‌കോളർഷിപ്പ് 2023 ന് രജിസ്റ്റർ ചെയ്യാനുള്ള തീയതി സെപ്റ്റംബർ 30ന് അവസാനിക്കും. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 250രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതതു മാസങ്ങളിൽ സൗജന്യമായി ലഭിക്കും.
16 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്. ജൂനിയർ(5,6,7ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160പേർക്ക് സ്‌കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാ തലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000രൂപയും പിന്നീടു വരുന്ന 50 സ്ഥാനക്കാർക്ക് 500രൂപയുമാണ് ജില്ലാതല സ്‌കോളെർഷിപ്പ്.
ജില്ലാതലത്തിൽ ജൂനിയർ, സീനീയർ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന വിദ്യാർഥിയെയാണ് സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കുക. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യ മൂന്നു റാങ്കുകാർക്ക് 10000, 5000, 3000രൂപ എന്നിങ്ങനെ സ്‌കോളെർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.
2023 നവംബറിലാണ് ജില്ലാതല പരീക്ഷ. ഡിസംബറിൽ സംസ്ഥാനതല പരീക്ഷയും നടക്കും. ജില്ലാതല പരീക്ഷ ഓൺലൈനായിട്ടാണ്. സംസ്ഥാനതല എഴുത്തുപരീക്ഷ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 100കുട്ടികളിൽ കൂടുതൽ തളിര് സ്‌കോളർഷിപ്പിനു ചേരുന്ന സ്‌കൂളുകൾക്ക് 1000രൂപയുടെ പുസ്തകങ്ങളും സമ്മാനമായി ലഭിക്കും.
കൂടുതൽ വിവരത്തിന്: 8547971483, 0471-2333790. email: scholarship@ksicl.org