ശാസ്ത്ര പ്രദര്‍ശനവുമായി ഗ്രാമീണ വിദ്യാർഥികള്‍

ഷെൽ ഇന്ത്യയുടെയും സംസ്ഥാന സർക്കാരിന്‍റെയും സഹകരണത്തോടെ സ്‌മൈല്‍ ഫൗണ്ടേഷൻ സംഘടിപ്പിച്ച എൻഎക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവല്‍ തൃശൂരിൽ നടത്തി
തൃശൂരിൽ സംഘടിപ്പിച്ച എൻഎക്സ്പ്ലോറേഴ്സ് കാർണിവലിൽനിന്ന്.
തൃശൂരിൽ സംഘടിപ്പിച്ച എൻഎക്സ്പ്ലോറേഴ്സ് കാർണിവലിൽനിന്ന്.
Updated on

കൊച്ചി: ഷെല്‍ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സഹകരണത്തോടെ സ്‌മൈല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവല്‍ തൃശൂര്‍ ഹോട്ടല്‍ മെര്‍ലിന്‍ ഇന്‍റര്‍നാഷണലില്‍ നടത്തി. ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്ക് തങ്ങളുടെ ശാസ്ത്രീയ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുകയെന്നതായിരുന്നു ഏകദിന കാര്‍ണിവലിന്‍റെ ലക്ഷ്യം.

19 സ്‌കൂളുകളില്‍ നിന്നുള്ള 116 വിദ്യാർഥികളുടെ ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനിയറിംഗ്, ഗണിതശാസ്ത്രം(സ്‌റ്റെം) എന്നീ മേഖലകളിലെ തെരഞ്ഞെടുത്ത 40 പ്രൊജക്ടുകള്‍ കാര്‍ണിവലില്‍ പ്രദര്‍ശിപ്പിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ നേരിടുന്നതിനും കാര്‍ഷിക മേഖലയുടെ നിലനില്‍പ്പിന് ആവശ്യമായതും കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനും ആവശ്യമായ പ്രവര്‍ത്തന മാതൃകകളും നൂതന ആശയങ്ങളുമായാണ് വിദ്യാർഥികള്‍ എത്തിയത്.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. അന്‍സാര്‍ കാര്‍ണിവലില്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സർവ ശിക്ഷാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശശീധരന്‍ ഇ. സെന്‍റ്. തോമസ് കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ഡെയ്‌സണ്‍ പനങ്ങാടന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഷെല്ലിന്‍റെ ആഗോള എസ്.ടി.ഇ.എം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സ്‌മൈല്‍ ഫൗണ്ടേഷന്‍ എന്‍എക്‌സ്‌പ്ലോറേഴ്‌സ് ജൂനിയര്‍ പ്രോഗ്രാം നടപ്പാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുപോലെ പ്രാദേശിക ആഗോള വെല്ലുവിളികള്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് മനസ്സിലാക്കികൊടുക്കുകയും അവ അഭിമുഖീകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്.

തൃശ്ശൂര്‍ ജില്ലയിലെ 77 സ്‌കൂളുകള്‍ കൂടാതെ ആന്ധ്രപ്രദേശിലെ തിരുപ്പതിയിലുള്ള 89 സ്‌കൂളുകളിലും, നെല്ലൂരിലെ 116 സ്‌കൂളുകളിലും തെലുങ്കാനയിലെ വാറങ്കല്‍, ഖമ്മാം, ഹനുമകോണ്ട, ജയശങ്കര്‍ ഭുപല്‍പള്ളി, ജംഗോവന്‍, മുളുഗു, മഹാബുബബാദ്, ഭദ്രാദ്രി കോതഗുഡെം ജില്ലകളിലും സ്‌മൈല്‍ ഫൗണ്ടേഷന്‍ ഇത്തരം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com