നീറ്റ് റദ്ദാകുമ്പോൾ വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | FAQ

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിൽ 22 ലക്ഷത്തിലധികം വരുന്ന വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ വിവരങ്ങൾ
FAQ Everything to know about NEET cancellation

നീറ്റ് പരീക്ഷാ പ്രതിസന്ധി

Freepik
Updated on

മേയ് മൂന്നിനു നടത്തിയ നീറ്റ് യുജി പരീക്ഷ ദേശീയ പരീക്ഷാ ഏജൻസി (NTA) റദ്ദാക്കിയത് 22 ലക്ഷത്തിലധികം വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയുമാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. വിദ്യാർഥികളുടെ പ്രധാന ആശങ്കകൾ പരിശോധിക്കാം:

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര സർക്കാർ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. എൻടിഎയുടെ പക്കലുള്ള രേഖകളും മറ്റ് വിവരങ്ങളും അന്വേഷണ ഏജൻസിക്ക് കൈമാറുമെന്നും പൂർണ സഹകരണം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Q

പുതിയ പരീക്ഷാ തീയതി എന്ന്?

A

പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഔദ്യോഗിക ചാനലുകൾ വഴി തീയതികൾ അറിയിക്കുമെന്ന് എൻടിഎ വ്യക്തമാക്കി.

Q

വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?

A

വേണ്ട. മേയ് 2026 സൈക്കിളിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ തന്നെ പുനഃപരീക്ഷയ്ക്കും ഉപയോഗിക്കും. വിദ്യാർഥികൾ പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതില്ല.

Q

പരീക്ഷാ ഫീസ് വീണ്ടും നൽകണോ?

A

വേണ്ട. അധിക ഫീസ് ഈടാക്കില്ലെന്നു മാത്രമല്ല, വിദ്യാർഥികൾ നേരത്തെ നൽകിയ ഫീസ് തിരികെ നൽകുമെന്നും എൻടിഎ അറിയിച്ചിട്ടുണ്ട്.

Q

അഡ്മിറ്റ് കാർഡ് പുതുതായി ലഭിക്കുമോ?

A

അതെ. പുനഃപരീക്ഷയ്ക്കായി പുതിയ അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാക്കും. ഇതിനായുള്ള സമയക്രമം പിന്നീട് അറിയിക്കും.

Q

പരീക്ഷാ കേന്ദ്രം മാറുമോ?

A

നേരത്തെ തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങൾ തന്നെ തുടരാനാണ് സാധ്യതയെന്ന് എൻടിഎ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, അന്തിമമായ മാറ്റങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.

Q

പരീക്ഷാ നടത്തിപ്പിൽ മാറ്റമുണ്ടോ?

A

പുറം ഏജൻസികളെ ഒഴിവാക്കി എൻടിഎയുടെ സ്വന്തം സംവിധാനങ്ങൾ (Internal Resources) ഉപയോഗിച്ചാകും പുനഃപരീക്ഷ.

ഇന്ത്യയിലെ ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് മുൻപും പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്:

  • 2013: നീറ്റ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധിക്കുകയും 2016ൽ ഇത് പുനഃസ്ഥാപിക്കുകയും ചെയ്തു.

  • 2017 (അനിത കേസ്, തമിഴ്നാട്): നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് തമിഴ്നാട് സ്വദേശിനി അനിത ജീവനൊടുക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.

  • 2019 (ആൾമാറാട്ട കേസ്): തമിഴ്നാട്ടിൽ പ്രോക്സി വിദ്യാർഥികളെ ഉപയോഗിച്ച് പരീക്ഷ എഴുതിയത് വലിയ തട്ടിപ്പായി പുറത്തുവന്നു. ഇത് ബയോമെട്രിക് പരിശോധനകൾ കർശനമാക്കാൻ കാരണമായി.

  • 2022 (കേരളത്തിലെ വിവാദം): പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് പെൺകുട്ടികളുടെ അടിവസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടത് കേരളത്തിൽ വലിയ വിവാദമായിരുന്നു.

  • 2024 (പേപ്പർ ചോർച്ചയും ഗ്രേസ് മാർക്കും): പരീക്ഷാ പേപ്പർ ചോർച്ചയും അസാധാരണമായി 67 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതും പ്രതിഷേധത്തിനു കാരണമായി. തുടർന്ന് 1563 പേർക്ക് പുനഃപരീക്ഷ നടത്തി.

രാധാകൃഷ്ണൻ കമ്മിറ്റി ശുപാർശകൾ

എൻടിഎയുടെ പ്രവർത്തനങ്ങളിൽ പരിഷ്കരണം ലക്ഷ്യമിട്ട് മുൻ ഐഎസ്ആർഒ മേധാവി കെ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. പരീക്ഷകൾ ഓൺലൈനായി നടത്തുക, സ്റ്റാഫ് വിന്യാസത്തിൽ പുറം ഏജൻസികളെ കുറയ്ക്കുക, പരീക്ഷാ എഴുതാവുന്ന തവണകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്.

വിദ്യാർഥികൾ ശ്രദ്ധിക്കാൻ: പുനഃപരീക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്കായി എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം പിന്തുടരുക. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളിൽ വഞ്ചിതരാകാതിരിക്കുക.

logo
Metro Vaartha
www.metrovaartha.com