

ആശങ്കപ്പെടുത്തുന്ന വൈദ്യുതി പ്രതിസന്ധി
file photo
കടുത്ത വേനൽച്ചൂടിൽ വെന്തുരുകുകയാണു കേരളം. അതിനൊപ്പം വൈദ്യുതി ആവശ്യവും കുതിച്ചുയർന്നിരിക്കുന്നു. വൈദ്യുതി നിയന്ത്രണത്തിന്‍റെ ദുരിതം അനുഭവിക്കുകയാണു ജനങ്ങളിപ്പോൾ. പീക്ക് അവറിൽ ഉപഭോഗം പരിധിവിട്ട് വർധിക്കുമ്പോൾ നിയന്ത്രണം അനിവാര്യമാണത്രേ. ആവശ്യകതയേറുമ്പോൾ പ്രസരണ, വിതരണ ശൃംഖലകളിലുണ്ടാവുന്ന സമ്മർദം വോൾട്ടേജ് കുറവ് അടക്കം പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഏതു വിധത്തിലായാലും വൈദ്യുതി പ്രശ്നത്തിന്‍റെ ദുരിതം അനുഭവിക്കേണ്ടിവരുന്നതു ജനങ്ങളാണ്.
സ്വാഭാവികമായും പഴി കേൾക്കേണ്ടതു വൈദ്യുതി ബോർഡുമാണ്. വേനൽച്ചൂടിനൊപ്പം പശ്ചിമേഷ്യൻ യുദ്ധവും വൈദ്യുതി പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ടെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു. പാചക വാതക വിതരണത്തിലെ തടസങ്ങൾ മൂലം ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചത് വൈദ്യുതി ആവശ്യവും കൂട്ടിയിരിക്കുന്നു. എസിയുടെ ഉപയോഗം വർഷം ചെല്ലുന്തോറും കേരളത്തിൽ വർധിച്ചുവരികയാണ്. അതിനനുസരിച്ച് വേനൽക്കാലത്തെ വൈദ്യുതി ആവശ്യവും കൂടുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ വൈദ്യുതി ആവശ്യം നിറവേറ്റാൻ വരും ദിവസങ്ങളിൽ പുറത്തുനിന്നു വലിയ തോതിൽ അധിക വൈദ്യുതി വാങ്ങേണ്ടിവരും. ഇതു മൂലം വരും മാസങ്ങളിൽ വൈദ്യുതി ചാർജ് ഉയർത്താനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇപ്പോൾ തന്നെ ഷോക്കടിപ്പിക്കുന്ന ബില്ലുകളാണു പലർക്കും കിട്ടുന്നത്. ഇനിയുമൊരു ചാർജ് വർധന എങ്ങനെ സഹിക്കാനാവുമെന്ന് ആശങ്കപ്പെടാതെ വയ്യ.
നാട്ടിലെ വൈദ്യുതി ഉത്പാദനം ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ തീരെ കുറവാണ്. പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിക്കു വലിയ വില കൊടുക്കേണ്ടിയും വരുന്നു. അതാണു താങ്ങാനാവാത്ത വൈദ്യുതി ബില്ലിനു കാരണമാകുന്നത്. ഈ സാഹചര്യം ഇനിയും വഷളാവുകയേയുള്ളൂ. സംസ്ഥാനത്ത് ഉത്പാദനം ആവശ്യത്തിനനുസരിച്ചു വർധിപ്പിക്കാതിരിക്കുക, ദീർഘകാലത്തേക്കു ഗുണം ചെയ്യുന്ന തരത്തിലുള്ള കരാറുകൾ ഇല്ലാതിരിക്കുക, കൃത്യമായ ആസൂത്രണം തന്നെ ഇല്ലാതിരിക്കുക തുടങ്ങി പ്രശ്നങ്ങൾ പലതുണ്ട് വൈദ്യുതി മേഖലയിൽ. അതെല്ലാം ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് ഒപ്പുവച്ച ദീർഘകാല കരാറുകൾ റദ്ദാക്കിയത് കെഎസ്ഇബിക്കു വലിയ തിരിച്ചടിയായി മാറിയെന്നു നേരത്തേ തന്നെ വിദഗ്ധർ ചൂണ്ടിക്കാണിച്ചതാണ്. കോടികളുടെ അധിക ബാധ്യത ഇതുമൂലമുണ്ടായി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചാണു റഗുലേറ്ററി കമ്മിഷൻ കരാറുകൾ റദ്ദാക്കിയത്. ഇതിനെതിരേ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നതാണ്.
യൂണിറ്റിനു ശരാശരി 4.29 രൂപ നിരക്കിൽ വൈദ്യുതി കിട്ടുന്നതിന് ഒപ്പുവച്ച കരാറാണ് റദ്ദാക്കപ്പെട്ടത്. പിന്നീട് അതിലധികം രൂപ നൽകി വൈദ്യുതി വാങ്ങി ഉപയോഗിക്കുകയാണ്. അതിന്‍റെ ഭാരം മുഴുവൻ ജനങ്ങളുടെ തലയിലാണു വന്നു ചേരുന്നതും. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ മേയ് 15 വരെ കൂടുതല്‍ വൈദ്യുതി പുറത്തു നിന്നു വാങ്ങാൻ വൈദ്യുതി ബോർഡിനു റഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിട്ടുണ്ട്.
ദിവസം 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാമെന്നാണു നിർദേശം. യൂണിറ്റിനു പരമാവധി 10 രൂപ വരെ നൽകാമെന്നാണു പറയുന്നത്. ഇപ്പോള്‍ വാങ്ങുന്ന വൈദ്യുതിയുടെ അധിക തുക വരും മാസങ്ങളില്‍ ഉപയോക്താക്കളില്‍ നിന്ന് റഗുലേറ്ററി കമ്മിഷന്‍റെ അനുമതി ലഭിക്കുമ്പോള്‍ സര്‍ച്ചാര്‍ജായി കെഎസ്ഇബിക്ക് ഈടാക്കാം എന്നതാണു വ്യവസ്ഥ. അതായത് വൈദ്യുതി ചാർജ് കൂട്ടാമെന്ന്. ബോർഡിനു കാര്യങ്ങൾ വളരെ സിംപിളാണ്. കൂടിയ വിലയ്ക്കു വാങ്ങുക, കൂടിയ ചാർജ് ഈടാക്കുക! ഈ കലാപരിപാടി എത്രകാലം വേണമെങ്കിലും തുടരാം. വൈദ്യുതിയില്ലാതെ ജനങ്ങൾക്കു ജീവിക്കാനാവില്ലല്ലോ.
വേനല്‍ക്കാലത്തെ അമിതമായ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി ബോധവത്കരണ പരിപാടികള്‍ നടത്തണമെന്നു റഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിക്കുന്നുണ്ട്. നല്ല കാര്യമാണ്. ഉപയോഗം നിയന്ത്രിച്ചാൽ അത്രയും പ്രതിസന്ധി ഒഴിവാകും. വൈകിട്ട് ആറു മുതൽ രാത്രി 11 വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് വൈദ്യുതി ബോർഡ് അഭ്യർഥിക്കുന്നുണ്ട്. അതും അത്യാവശ്യമുള്ള കാര്യം തന്നെയാണ്.
പമ്പ് സെറ്റ്, ഇൻഡക്ഷൻ കുക്കർ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും പീക്ക് സമയത്ത് ഒഴിവാക്കുക, എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുക, അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യുക എന്നതൊക്കെ ഓരോ ഉപയോക്താവും ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ, വൈദ്യുതി പ്രതിസന്ധിക്കു ദീർഘകാല പരിഹാരം ആവശ്യത്തിനു വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ഉറപ്പാക്കുകയാണ്. അതിനു ദീർഘവീക്ഷണമുള്ള നേതൃത്വം ബോർഡിനുണ്ടാവണം.