

IIMUN കൊച്ചി സമ്മേളനം 2026 ജനുവരി 9 മുതൽ 11 വരെ ദി ചോയ്‌സ് സ്‌കൂളിൽ.
കൊച്ചി: രാജ്യത്തെയും ലോകത്തെയും ഇന്ത്യൻ കാഴ്ചപ്പാടിൽ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'ഇന്ത്യാസ് ഇന്‍റർനാഷണൽ മൂവ്‌മെന്‍റ് ടു യുണൈറ്റ് നേഷൻസ്' (IIMUN) കൊച്ചി സമ്മേളനം 2026 ജനുവരി 9 മുതൽ 11 വരെ ദി ചോയ്‌സ് സ്‌കൂളിൽ. അറുനൂറിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ 'വിദ്യാഭ്യാസ മാമാങ്കം' യുവതലമുറയ്ക്ക് നയതന്ത്രം, ചർച്ചാപാടവം, പൊതുവേദിയിലെ സംഭാഷണം, ഗവേഷണപാടവം എന്നിവ അഭ്യസിക്കാൻ അവസരം നൽകും.
19 വയസുകാരനായ ഒരു വിദ്യാർഥിയുടെ സ്വപ്നമായി 2011ൽ പിറവിയെടുത്ത IIMUN, ഇന്നത്തെ വിദ്യാർഥികളെ നാളത്തെ ലോകനേതാക്കളായി വാർത്തെടുക്കുക എന്ന ദൗത്യമാണ് നിർവഹിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അഞ്ച് കോടിയിലധികം വിദ്യാർഥികൾ സംഘടനയുടെ കോൺഫറൻസുകളിൽ പങ്കെടുക്കുകയും മുപ്പതിനായിരത്തിലധികം വിദ്യാലയങ്ങൾ സഹകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 26,000ൽ അധികം വിദ്യാർഥികളുടെ ഒരു സംഘമാണ് കോൺഫറൻസുകൾ സംഘടിപ്പിക്കാൻ സഹായിക്കുന്നത്. മുൻ അംഗങ്ങളിൽ പലരും ഇന്ന് ജനപ്രതിനിധികളും അഭിഭാഷകരും എഴുത്തുകാരും വ്യവസായ പ്രമുഖരുമാണ്.
ജനറൽ വി.പി. മാലിക്, അഡ്മിറൽ ആർ.കെ. ധോവൻ, എസിഎം പി.വി. നായിക്, ഡോ. ശശി തരൂർ, അജയ് പിരാമൽ, ശബാന ആസ്മി, എ.ആർ. റഹ്മാൻ, പി.ടി. ഉഷ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്.
ഇന്ത്യയിലെ 220 നഗരങ്ങളിലും 35 രാജ്യങ്ങളിലുമായി നടത്തുന്ന മൂന്ന് ദിവസത്തെ സമ്മേളനങ്ങൾ, മാസിക, ഡിജിറ്റൽ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ ഇന്ത്യൻ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. രാഷ്ട്രത്തലവന്മാർ, നൊബേൽ സമ്മാന ജേതാക്കൾ, ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ ഇരുപതിനായിരത്തിലധികം പ്രമുഖർ ഇതിനോടകം സംഘടനയുടെ വേദികളിൽ അതിഥികളായി എത്തിയിട്ടുണ്ട്.
ദി ചോയ്‌സ് സ്‌കൂളിൽ നടത്തുന്ന IIMUN കൊച്ചി കോൺഫറൻസ് 2026ൽ അറുനൂറിലധികം വിദ്യാർഥികൾ പങ്കെടുക്കും. മോഡൽ യുണൈറ്റഡ് നേഷൻസ് (MUN) മാതൃകയിൽ വിവിധ കമ്മിറ്റികളിൽ ലോകനേതാക്കളുടെ റോളുകൾ കൈകാര്യം ചെയ്താണ് വിദ്യാർഥികൾ നയതന്ത്ര പാഠങ്ങൾ പഠിക്കുക. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ 50 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ചർച്ചകളിൽ പങ്കെടുക്കും.
ജനുവരി 10ന് ദി ചോയ്‌സ് സ്‌കൂളിൽ 10 ക്ലാസ് മുറികളിലായി 10 കമ്മിറ്റികളിൽ ചർച്ചകൾ ആരംഭിക്കും. തുടർന്ന് സ്പീക്കർ സീരീസും ടാലന്‍റ് ഹണ്ടും ഉണ്ടാകും.
സമാപനച്ചടങ്ങിൽ, ഓരോ കമ്മിറ്റിയിൽ നിന്നും പ്രകടനം, സംസാരപാടവം, നയതന്ത്രം, ഗവേഷണം എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്ന് വിജയികളെ പ്രഖ്യാപിക്കുകയും മികച്ച സ്കൂൾ പ്രതിനിധി സംഘത്തിന് ട്രോഫി നൽകുകയും ചെയ്യും.
IIMUN Kochi: https://www.instagram.com/iimun.kochi