

രാജ്യത്ത് ഒരു വർഷം നൂറിൽ 8 പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നു; കണക്കുകളും കാരണങ്ങളും നിരത്തി കേന്ദ്ര റിപ്പോർട്ട്!
file image
ന്യൂഡൽഹി: ഹൈസ്കൂൾ തലത്തിൽ പഠനം ഉപേക്ഷിക്കുന്ന പെൺകുട്ടികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇക്കര്യം വ്യക്തമാക്കുന്നത്.
എന്നാൽ പ്രാഥമിക വിദ്യാഭ്യാസ ഘടത്തിൽ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്കിൽ കുറവ് വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2025-2026 അധ്യായന വർഷത്തിൽ സെക്കണ്ടറി തലത്തിൽ 100 ൽ 8 പെൺകുട്ടികൾ പഠനം നിർത്തുന്നതാണ് കണക്കുകൾ പറയുന്നത്.
പ്രൈമറി തലത്തിൽ 0.1 ശതമാനം മാത്രം കൊഴിഞ്ഞു പോക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ സെക്കണ്ടറി തലത്തിലത് 8 ശതമാനമായി ഉയരുകയാണ്. എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. 2023 ൽ 12 ശതമാനമായിരുന്ന കൊഴിഞ്ഞ് പോക്ക് 2024 ൽ 9 ശതമാനമായും 2025 എത്തിയപ്പോഴേക്കും 8 ശതമാനമായും കുറഞ്ഞിട്ടുണ്ട്.
പെൺകുട്ടികൾ കൗമാരപ്രായത്തിലെത്തുന്നതോടെ കുടുംബത്തിന്‍റെ സാമ്പത്തിക ഭാരം കുറയ്ക്കാനുള്ള ഇരകളാവുന്നതാണ് പഠനം നിർത്താനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. വീട്ടുജോലികളിൽ പങ്കാളികളാവേണ്ടി വരുന്നതും പെൺകുട്ടികൾക്ക് വിദ്യാഭ്യാത്തിന്‍റെ ആവശ്യമില്ലെന്ന മാതാപിതാക്കളുടെ ചിന്താഗതിയുമാണ് ഇതിനുള്ള മറ്റ് കാരണങ്ങൾ.
ഏറ്റവുമധികം പെൺകുട്ടികൾ പഠനം നിർത്തുന്നത് ലഡാക്കിലാണ്. 15.6 ശതമാനം പെൺകുട്ടിയാണ് ഓരോ വർഷവും പഠനം നിർത്തുന്നത്. അസം, കർണാടക സംസ്ഥാനങ്ങളിൽ 13.09 ശതമാനം വീതവും, ഗുജറാത്തിൽ 13.3 ശതമാനവും അരുണാചൽ പ്രദേശ്, നാഗാലാൻഡ് ജില്ലകളിൽ 12.4 ശതമാനവും വീതം പെൺകുട്ടികളാണ് പഠനം നിർത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.