അമെരിക്കയിൽ സ്വന്തം പേരിൽ കോളെജ് തുടങ്ങാൻ 190 കോടി സംഭാവന നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ

വിദ്യാർഥികൾക്കും അധ്യാപകർക്കും പുതിയ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലെ പഠനവും ഗവേഷണവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം
Anuradha, Vikas Sinha

അനുരാധ, വികാസ് സിൻഹ

Updated on

വാഷിങ്ടൺ: അമെരിക്കയിലെ നോർത്ത് ടെക്സസ് സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് മേഖലകളിൽ പുതിയ കോളെജ് സ്ഥാപിക്കുന്നതിനായി 20 ദശലക്ഷം ഡോളർ (ഏകദേശം 190 കോടി രൂപ) സംഭാവന നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ. അനുരാധ, വികാസ് സിൻഹ എന്നിവരാണ് സംഭാവന നൽകിയത്. ദമ്പതികളുടെ പേരിലാണ് പുതിയ കോളെജ് അറിയപ്പെടുക.

അനുരാധ ആൻഡ് വികാസ് സിൻഹ കോളെജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്നാണ് കോളെജിന് പേര് നൽകുക. വിദ്യാർഥികൾക്കും അധ്യാപകർക്കും പുതിയ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലെ പഠനവും ഗവേഷണവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സൈബർ സുരക്ഷ, ഡാറ്റ സയൻസ്, അഡ്വാൻസ്ഡ് അനലിറ്റിക്സ്, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ഇൻഫർമേഷൻ സയൻസ്, ലൈബ്രറി സയൻസ്, ലേണിങ് ടെക്നോളജി തുടങ്ങിയ മേഖലകളെ പുതിയ കോളെജ് ഏകോപിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഇന്‍റലിജന്‍റ് സിസ്റ്റംസ്, ഡാറ്റ അനലിറ്റിക്സ് എന്നിവയിൽ അക്കാദമിക-ഗവേഷണ കേന്ദ്രമായും കോളെജ് പ്രവർത്തിക്കും.

കൂടാതെ സംഭാവന ഉപയോഗിച്ച് വിദ്യാർഥി സ്കോളർഷിപ്പുകൾക്കും പ്രൊഫസർഷിപ്പുകൾക്കും സംരംഭകത്വ പ്രവർത്തനങ്ങൾക്കും ഗവേഷണത്തിനും പുതിയ സാങ്കേതികവിദ്യകൾക്കുമായി ആറ് സ്ഥിര എൻഡോവ്മെന്‍റുകളും സ്ഥാപിക്കും.

ശ്രീ വെങ്കടേശ്വര സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷമാണ് ഉന്നത പഠനത്തിനായി അനുരാധയും വികാസും അമെരിക്കയിലെത്തിയത്. തുടർന്ന് ഇരുവരും ഫ്ലോറിഡ അറ്റ്ലാന്‍റിക് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. വികാസ് പിന്നീട് നോർത്ത്‌ വെസ്റ്റേൺ സർവകലാശാലയിലും പഠിച്ചു. 2023ൽ നോർത്ത് ടെക്സസ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി.

2024ൽ ദമ്പതികൾ ഡാറ്റ സയൻസ് വിഭാഗം സ്ഥാപിക്കുന്നതിനായി സർവകലാശാലയ്ക്ക് സംഭാവന നൽകിയിരുന്നു. 2025ൽ ഡാറ്റ സയൻസിനായുള്ള സിൻഹ ഇന്നൊവേഷൻ ലാബ് സ്ഥാപിക്കുന്നതിനും അവർ സംഭാവന നൽകി.

logo
Metro Vaartha
www.metrovaartha.com