
യുഎസ് പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ നല്ല കുട്ടികളായി അമെരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ. അനധികൃത കുടിയേറ്റക്കാർക്കെതിരേ നടപടി കർക്കശമാക്കിയതോടെ കോളെജിലെ പഠന സമയം കഴിഞ്ഞാൽ പാർട്ട്ടൈം ജോലി ചെയ്ത് താമസത്തിനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്തിയിരുന്ന ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോൾ കൂട്ടത്തോടെ പാർട്ട് ടൈം ജോലി ഉപേക്ഷിച്ചിരിക്കുകയാണ്.
വൻ തുക ബാങ്ക് വായ്പയെടുത്ത് അമെരിക്കയിൽ ഉന്നത പഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാൻ മാത്രമേ നിയമം അനുവദിക്കുന്നുള്ളു. എഫ് വൺ വിസയിലുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ തങ്ങളുടെ സ്വന്തം ക്യാംപസിൽ ലൈബ്രറി അസിസ്റ്റന്‍റ്, ഐ.ടി അസിസ്റ്റന്‍റ്, ബുക്ക് സ്റ്റോര്‍ അസിസ്റ്റന്‍റ്, ഫിറ്റ്നസ് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്‍റ് എന്നിങ്ങനെ ജോലി ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ട്.
എന്നാൽ പല ഇന്ത്യൻ വിദ്യാർഥികളും ക്യാംപസിനു പുറത്തുള്ള റസ്റ്റോറന്‍റുകൾ, ഗ്യാസ് സ്റ്റേഷനുകൾ, റീട്ടെയിൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളില്‍ കൂടുതൽ സമയം പാര്‍ട്ട് ടൈം ജോലി ചെയ്താണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നത് ചട്ടവിരുദ്ധമാണെങ്കിലും അധികൃതർ പലപ്പോഴും നടപടിയെടുക്കാറില്ല.
ട്രംപ് സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാർക്കെതിരേ നടപടി കർശനമാക്കിയതോടെയാണ് ഇത്തരത്തിൽ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികളും ആശങ്കയിലായത്.
നിയമ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും തടസങ്ങളില്ലാതെ പഠനം പൂർത്തിയാക്കാനുമാണ് പാർട് ടൈം ജോലി ഉപേക്ഷിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. പലരും ലക്ഷങ്ങള്‍ വായ്പയെടുത്താണ് പഠിക്കാനെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി തിരിച്ചയക്കുമെന്ന ഭയം മൂലാണ് ജോലി ഉപേക്ഷിക്കുന്നത്.
ജോലി ഉപേക്ഷിക്കുന്നത് പലരെയും സാമ്പത്തികമായി പ്രയാസത്തിലാക്കും. അതേസമയം, യുഎസില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കു മെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.