ജെയിന്‍ യൂണിവേഴ്‌സിറ്റി ഫ്യൂച്ചര്‍ കേരള മിഷന്‍: വേണു രാജമണി ചെയര്‍മാന്‍

ജെയിന്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വിഭാവനം ചെയ്തതാണ് പദ്ധതി
Jain university Venu Rajamani

ജെയിന്‍ യൂണിവേഴ്‌സിറ്റി ഫ്യൂച്ചര്‍ കേരള മിഷന്‍: വേണു രാജമണി ചെയര്‍മാന്‍

Updated on

കൊച്ചി: ലോകോത്തര നിലവാരമുള്ള വ്യാവസായികാധിഷ്ടിത വിദ്യാഭ്യാസം, വിദ്യാര്‍ഥികളെ തൊഴില്‍ അവസരങ്ങളുമായി ബന്ധിപ്പിക്കുക, സംരംഭകത്വം വളര്‍ത്തുക, സ്ത്രീ ശാക്തീകരണം, സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നിവയിലൂടെ കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന്‍ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജെയിന്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വിഭാവനം ചെയ്തതാണ് പദ്ധതി. മിഷന്‍ ചെയര്‍മാനായി മുന്‍നയതന്ത്ര ഉദ്യോഗസ്ഥനും നെതര്‍ലൻഡിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ വേണു രാജമണി ചുമതലയേറ്റു. ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി, ദുബായിലെ കോണ്‍സുല്‍ ജനറല്‍, ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയില്‍ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്‍റെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസറായും പ്രവര്‍ത്തിക്കും. 

ഒ.പി. ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഓഫ് ഡിപ്ലോമാറ്റിക് പ്രാക്റ്റിസ്, എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സിലെ കെ.പി.എസ്. മോനോന്‍ ചെയര്‍ ഫൊര്‍ ഡിപ്ലോമാറ്റിക്‌സ് സ്റ്റഡീസ്, ക്രൈസ്റ്റ് ഡീംഡ് ടുബി യൂണിവേഴ്‌സിറ്റിയുടെ ഐക്യുഎസി കൗണ്‍സില്‍ മെംബര്‍ എന്നീ തസ്തികകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി പ്രമുഖ വിദ്യാഭ്യസ സ്ഥാപനങ്ങളുടെ മുഖ്യ ഉപദേശകനായും സേവനമനുഷ്ഠിച്ചു വരുന്നു. 

വേണു രാജമണിയുടെ ദേശീയവും അന്തര്‍ദേശീയവുമായ അനുഭവപരിചയം, കേരളത്തിന്‍റെ വളര്‍ച്ചയിലും വികസനത്തിലുമുള്ള പ്രതിബദ്ധത, ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധവും പ്രവര്‍ത്തിപരിചയവും യൂണിവേഴ്‌സിറ്റിയുടെ ഭാവി വിദ്യാഭ്യാസ പദ്ധതികള്‍ക്കും ഫ്യൂച്ചര്‍ കേരള മിഷനും ഏറെ ഗുണകരമാകുമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടറും ഫ്യൂച്ചര്‍ കേരള മിഷന്‍ ചീഫ് ഫെസിലിറ്റേറ്ററുമായ ഡോ. ടോം ജോസഫ് പറഞ്ഞു. ഹോങ്കോങ്, ബീജിങ്, ജനീവ, ദുബായ്, വാഷിംഗ്ടണ്‍ ഡിസി എന്നിവടങ്ങളിലും കേരളത്തിനകത്തും പുറത്തും നയതന്ത്രരംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹത്തിന്‍റെ സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ ബന്ധങ്ങളിലെ വൈദഗ്ധ്യവും ധാരണയും ശ്രദ്ധേയമാണ്. ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാനായി അദ്ദേഹം ചുമതലയേല്‍ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും നയതന്ത്ര രംഗത്ത് തന്‍റേതായ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മികവും അറിവും കേരളത്തിന്‍റെ സുസ്ഥിരവികസനത്തിന് ഗുണം ചെയ്യുമെന്നും ടോം ജോസഫ് അഭിപ്രായപ്പെട്ടു. 

കേരളത്തിന്‍റെ സുസ്ഥിര വളര്‍ച്ച ലക്ഷ്യമാക്കി ജെയിന്‍ യൂണിവേഴ്സിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ദീര്‍ഘവീക്ഷണത്തോടെ വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനും ലക്ഷ്യം കൈവരിക്കുന്നതിനും യൂണിവേഴ്സിറ്റിക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വേണു രാജമണി പറഞ്ഞു. കേരളത്തിന്‍റെ സാധ്യതകള്‍ അനന്തമാണെന്നും ഭാവിതലമുറയെ ലക്ഷ്യമാക്കി സമഗ്ര മേഖലയിലും കൃത്യമായി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയാല്‍, കേരളത്തിനും  സംസ്ഥാനത്തെ യുവാക്കള്‍ക്കും ലോകോത്തര നിലവാരം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തെ, ഫ്യൂച്ചര്‍ കേരള മിഷന്‍റെ ഭാഗമായി 350 കോടിയുടെ പ്രാഥമിക നിക്ഷേപത്തില്‍ കോഴിക്കോട് ജെയിന്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ പുതിയ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുമെന്ന് ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മിഷന്‍റെ ഭാഗമായി പുതുതലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിര്‍ബന്ധമാക്കിയതും ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരത്തില്‍ കേരളത്തെ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ നിരവധി പദ്ധതികളാണ് യൂണിവേഴ്സിറ്റി നടപ്പാക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com