സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിറവിൽ കാശ്മീരയും കുടുംബവും

മൂന്നാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് പരീക്ഷയിൽ 25ാം റാങ്ക് നേടാൻ കാശ്മീരയ്ക്കു സാധിച്ചത്, ഒപ്പം മഹാരാഷ്ട്രയിൽ ഒന്നാം റാങ്കും
സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിറവിൽ കാശ്മീരയും കുടുംബവും

# ഹണി വി.ജി.

ഡോ. കാശ്മീര സംഖേ അഭിനന്ദനങ്ങൾക്കു നടുവിലാണ്; സിവിൽ സർവീസ് പരീക്ഷയുടെ ഫലമറിഞ്ഞ നിമിഷം മുതൽ ഇതുവരെയും. ഈ വർഷം രാജ്യത്തെ ഉന്നത പരീക്ഷ എന്ന കടമ്പ വിജയകരമായി പിന്നിട്ടതിൽ മാത്രമല്ല, മഹാരാഷ്ട്രയിലെ ഒന്നാം റാങ്കുകാരി ആകാൻ സാധിച്ചതിലും അഭിമാനത്തിന്‍റെ നിറവിലാണ് ഈ ഇരുപത്തേഴുകാരി. ഒപ്പം, പഠനത്തിൽ‌ മാർഗദർശികളായ അച്ഛനോടും അമ്മയോടും നന്ദിയും കടപ്പാടുമുണ്ട് ആ കണ്ണുകളിൽ. കാത്തിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ബോധ്യവുമുണ്ട്.

മൂന്നാമത്തെ ശ്രമത്തിലാണ് അഖിലേന്ത്യാ തലത്തിൽ 25ാം റാങ്ക് നേടാൻ കാശ്മീരയ്ക്കു സാധിച്ചത്. മെട്രൊ വാർത്തയ്ക്ക് അനുവദിച്ച അഭിമുഖത്തിനായി കാശ്മീരയെ കാണാനെത്തുമ്പോൾ, ഫലമറിഞ്ഞ് ഇത്ര ദിവസങ്ങളായിട്ടും അഭിനന്ദിക്കാനെത്തുന്നവരുടെ തിരക്ക് തന്നെ വീട്ടിൽ. നേരിട്ടെത്തുന്നവർക്കു നടുവിൽനിന്ന് ഫോൺകോളുകൾക്കു മറുപടി പറയുമ്പോൾ കാശ്മീരയുടെ മുഖത്ത് അഭിമാനമുണ്ട്, സന്തോഷമുണ്ട്. ഇതിനകം തന്നെ മുംബൈയിലും താനെയിലും മറ്റു പലയിടങ്ങളിലുമായി ഒരുപാട് പേരുടെ അനുമോദനങ്ങൾ ആദരവുകൾ ഏറ്റുവാങ്ങി കഴിഞ്ഞു കാശ്മീര.

താനെയിലെ വാഗ്‌ലെ എസ്റ്റേറ്റിൽ ശ്രീനഗറിലാണ് കാശ്മീര അച്ഛനോടും അമ്മയോടും സഹോദരനുമോടൊപ്പം താമസിക്കുന്നത്. ജനിച്ചുവളർന്നത് താനെയിൽ തന്നെ. ഭാണ്ഡൂപ്പിലെ പവാർ പബ്ലിക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മുളുണ്ടിലെ കെഇടി വി ജി വാസെ കോളേജിലായിരുന്നു തുടർ പഠനം. തുടർന്ന് മുംബൈയിലെ ഗവൺമെന്‍റ് ഡെന്‍റൽ കോളെജിൽ നിന്നു ബിഡിഎസ് എടുത്തു. ഇതിനു പുറമേ നെച്ചുറോപ്പതിയിൽ ഡിപ്ലോമ കോഴ്സും പൂർത്തിയാക്കി.

അച്ഛൻ ഓയിൽ കമ്പനിയിൽ വൈസ് പ്രസിഡന്‍റാണ്. അമ്മ കഴിഞ്ഞ 27 വർഷമായി താനെയിൽ പ്രകൃതി ചികിത്സാ കേന്ദ്രം നടത്തി വരുന്നു. സഹോദരിയും ദന്ത ഡോക്റ്ററായി സേവനമനുഷ്ഠിക്കുന്നു.

കുട്ടിക്കാലം മുതലേ ചിട്ടയോടെ പഠിച്ചാണ് കാശ്മീര അപൂർവനേട്ടം സ്വന്തമാക്കിയത്. സിവിൽ സർവീസിനു വേണ്ടി പ്രത്യേകം പരിശീലന ക്ലാസുകളിലൊന്നും പോയിട്ടില്ല.

കാശ്മീരയ്ക്കു മാത്രമല്ല, ആ കുടുംബത്തിന്‍റെയാകെ സ്വപ്നമായിരുന്നു സിവിൽ സർവീസ്. ആ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ആ വിജയത്തിന്‍റെ നിർവൃതിയിലാണ് ഈ കൊച്ചു കുടുബം.

''രണ്ടുതവണ പരാജയപ്പെട്ടിട്ടും ഞാൻ സ്വപ്നം കണ്ടിരുന്നു. ഇതിനു വേണ്ട കഠിനാധ്വാനം ചെയ്തിരുന്നു. എങ്കിലും അഖിലേന്ത്യാ തലത്തിൽ 25ാം റാങ്ക് കിട്ടുമെന്നൊന്നും കരുതിയില്ല'', വിനയത്തോടെ കാശ്മീര പറഞ്ഞു.

ഈ വർഷങ്ങളിലെല്ലാം കാശ്മീര സോഷ്യൽ മീഡിയയിൽ നിന്നൊക്കെ അകന്ന്, 50 മിനിറ്റ് പഠനവും 10 മിനിറ്റ് വിശ്രമവും എന്ന പാറ്റേൺ സ്ഥിരമായി പിന്തുടരുകയായിരുന്നു. യുപിഎസ്‌‌സി തയാറെടുപ്പുകൾക്ക് മതിയായ സമയം കണ്ടെത്തിയത് ഇങ്ങനെയാണ്. ഒന്നര വർഷമായി ദന്ത ഡോക്റ്ററെന്ന നിലയിൽ ജോലി ഒരു പരിധിവരെ വെട്ടിച്ചുരുക്കേണ്ടിയും വന്നു. അതും പഠിക്കാൻ കൂടുതൽ സമയം കണ്ടെത്തുന്നതിനു വേണ്ടിത്തന്നെ.

''ഞാൻ കുട്ടിയായിരുന്നപ്പോൾ, കിരൺ ബേദി യുപിഎസ്‌‌സിയിലും മറ്റ് ഉന്നതതല പരീക്ഷകളിലും ഉയർന്ന മാർക്ക് നേടുന്നത് അമ്മ പറഞ്ഞു തരുമായിരുന്നു. പിന്നീട് അവർ എനിക്ക് വലിയൊരു പ്രചോദനമായി മാറി. ഇതുപോലുള്ള മഹദ് വ്യക്തികളെക്കുറിച്ചുള്ള പത്രവാർത്തകൾ അമ്മ കാണിച്ചു തരുമായിരുന്നു'', കാശ്മീര തുടർന്നു, ''അങ്ങനെയാണ് യുപിഎസ്‌‌സിക്ക് ഹാജരാകാനുള്ള ആശയം എന്നിൽ ആദ്യം ഉണ്ടായത്.

താനെയിൽ ദന്ത ഡോക്റ്ററായി ജോലി ചെയ്യുന്നതിനിടയിലാണ് യുപിഎസ്‌‌സിക്കുള്ള തയാറെടുപ്പുകൾ ആദ്യമായി ആരംഭിക്കുന്നതും.''

മുൻ പരിശ്രമങ്ങളെ അപേക്ഷിച്ച് മൂന്നാമത്തെ ശ്രമത്തിനു ശേഷം താൻ കൂടുതൽ വിശ്രമത്തിലായിരുന്നുവെന്ന് കാശ്മീര പറഞ്ഞു. ''പരീക്ഷാ ഫലത്തിൽ എനിക്ക് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും, തീരെ പ്രതീക്ഷ കൈവിട്ടിരുന്നുമില്ല. നന്നായി പരിശ്രമിച്ചാൽ ആർക്കും ഈ കടമ്പ കടക്കാൻ സാധിക്കും, എല്ലാത്തിലുമുപരി ഇതിനോട് ആത്മാർഥതയും അർപ്പണമനോഭാവവും വേണം. പിന്നെ പാവപ്പെട്ട ജനങ്ങളെ സേവിക്കാനുള്ള മനോഭാവവും'', കാശ്മീര കൂട്ടിച്ചേർത്തു.

''ഇന്നത്തെ കാലത്ത് ഇതിനായി തയാറെടുക്കുന്നവർക്ക് ഒരുപാട് കാര്യങ്ങൾ സ്വയം കണ്ടെത്താൻ കഴിയും. ഗൂഗിൾ വഴിയും യൂട്യൂബ് വഴിയും എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ഇതെല്ലാം എല്ലാവരും ഉപയോഗിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്'', സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്നവരോട് കാശ്മീരയ്ക്കു പറയാനുള്ളത് ഇതായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com