Kerala school students assessment

കണക്കെടുപ്പിനൊരുങ്ങി സംസ്ഥാനത്തെ സ്കൂളുകൾ

പ്രതീകാത്മക ചിത്രം

കണക്കെടുപ്പിനൊരുങ്ങി സംസ്ഥാനത്തെ സ്കൂളുകൾ

ആധാർ ഇല്ലാത്ത കുട്ടികളെ കണക്കെടുപ്പില്‍ പരിഗണിക്കില്ലെങ്കിലും പ്രവേശനത്തിൽ നിന്ന് ഒഴിവാക്കില്ല. യുഐഡിയുടെ കാര്യം പ്രധാനാധ്യാപകൻ ശ്രദ്ധിക്കണം.
Published on

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ മാർഗനിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ആറാം പ്രവൃത്തി ദിനമാണ് കണക്കെടുപ്പ് നടത്തുന്നത്. ജൂണ്‍ 2ന് സ്‌കൂള്‍ തുറന്നതു പ്രകാരമാണ് ജൂൺ പത്തിന് ആറാം പ്രവൃത്തി ദിനമായി കണക്കാക്കുന്നത്.

ആധാർ ഇല്ലാത്ത കുട്ടികളെ കണക്കെടുപ്പില്‍ പരിഗണിക്കില്ലെങ്കിലും പ്രവേശനത്തിൽ നിന്ന് ഒഴിവാക്കില്ല. യുഐഡിയുടെ കാര്യം പ്രധാനാധ്യാപകൻ ശ്രദ്ധിക്കണമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കുട്ടികളുടെ കണക്ക് അനുസരിച്ചായിരിക്കും തസ്തിക നിര്‍ണയം. ഇന്ന് 5 മണി വരെ വിവരം ശേഖരിക്കും. അതിനു ശേഷം ഉണ്ടാകുന്ന കണക്കുകള്‍ നിര്‍ണയത്തിന് അനുവദിക്കില്ല. കണക്കെടുപ്പില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ ഉത്തരവാദിത്വം പ്രധാനാധ്യാപകർക്കും ഉണ്ടാകും.

രേഖപ്പെടുത്തുന്ന ആറാം പ്രവൃത്തിദിവസത്തെ കണക്കുകളുടെ കൃത്യത ഉറപ്പുവരുത്താൻ, പ്രധാനാധ്യാപകർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ബന്ധപ്പെട്ട എഇഒ- ഡിഇഒ മാർക്കും, എഇഒ/ ഡിഇഒമാർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ബന്ധപ്പെട്ട ജില്ലാ ഉപഡയറക്റ്റർമാർക്കും, ജില്ലാ ഉപഡയറക്റ്റർമാർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്റ്ററേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേക്കും നൽകേണ്ടതാണ്.

കൂടാതെ, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ പ്രോജക്റ്റ് തയാറാക്കുമെന്നും പ്രത്യേക അസംബ്ലികള്‍ കൂടി ലഹരി വിരുദ്ധ പ്രചാരണത്തിനായി അണിചേരുമെന്നും ശിവൻകുട്ടി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com