എംഎ കോളെജ് വിദ്യാർഥിനിക്ക് 1.3 കോടി രൂപയുടെ ഫെലോഷിപ്പ്

മാത്തമാറ്റിക്സിനോടുള്ള ഇഷ്ടം മുറുകെപ്പിടിച്ചു, മരിയ പീറ്റർ നേടിയത് മേരി ക്യൂറി ഫെലോഷിപ്പ്
എംഎ കോളെജ് വിദ്യാർഥിനിക്ക് 1.3 കോടി രൂപയുടെ ഫെല്ലോഷിപ്പ് | Malayali student 1.3 cr fellowship

മരിയ പീറ്റർ

Updated on

സ്വന്തം ലേഖകൻ

കോതമംഗലം: യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ 'മേരി ക്യൂറി' ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളെജിലെ 2023 - 25 ബാച്ച് എംഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥിനിയായ മരിയ പീറ്റർ.1.3 കോടി രൂപയാണ് മരിയക്ക് ഗ്രാന്‍റായി ലഭിക്കുന്നത്. കൂടുതല്‍ അവസരങ്ങള്‍ക്കായി പരിശ്രമിക്കുക എന്ന ചിന്തയോടെയാണ് പെരുമ്പാവൂർ സ്വദേശിനി മരിയ 2023ൽ എംഎ കോളെജിൽ എംഎസ്‌സി കോഴ്സിനു ചേർന്നതും ഇപ്പോൾ ലോകോത്തര ഗവേഷണ ഫെല്ലോഷിപ്പിലേക്ക് എത്തപ്പെട്ടതും.

​2025-ൽ മാർ അത്തനേഷ്യസ് കോളെജിൽ നിന്ന് എംഎസ്‌സി മാത്തമാറ്റിക്സ് പൂർത്തിയാക്കിയ മരിയക്ക്, സ്പെയിനിലെ പബ്ലിക് യൂണിവേഴ്സിറ്റി ഓഫ് നവാരയിൽ (യുപിഎൻഎ) മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിലെ ഡോക്റ്ററൽ പ്രോഗ്രാമിലാണ് പ്രവേശനം ലഭിച്ചത്. ഗവേഷണ പഠനത്തിനായി ജനുവരിയിലാണ് ഈ മിടുക്കി സ്പെയിനിലേക്ക് പറക്കുന്നത്. നാല് വർഷം ദൈർഘ്യമുള്ള ഈ ഡോക്റ്ററൽ പഠനത്തിന് സ്കോളർഷിപ്പായിട്ടാണ് 1.3 കോടി രൂപ ലഭിക്കുന്നത്.

ഡിഗ്രി പഠനക്കാലത്തുതന്നെ ഗവേഷണം എന്ന ആഗ്രഹം മുളപൊട്ടിയിരുന്നുവെന്നും, അതുകൊണ്ടാണ് കൂടുതൽ പഠന അവസരങ്ങൾക്കായി കോതമംഗലം എംഎ കോളെജിൽ പിജിക്ക് ചേർന്നതെന്നും, അന്വേഷിക്കാനും കണ്ടെത്താനും പഠിക്കാനും എത്രയോ കാര്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും മരിയ പറയുന്നു.

എംഎ കോളെജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. വി. ബിനോ സെബാസ്റ്റ്യൻ, ഡോ. രാജേഷ് കെ. തുമ്പക്കര എന്നിവർ നൽകിയ ശുപാർശ കത്തിൽ, മരിയയുടെ ഉന്നതമായ ഗണിതശാസ്ത്ര അറിവിനെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിങ് എന്നീ വിഷയങ്ങളിലെ ഗവേഷണ താത്പര്യത്തെയുമെല്ലാം പ്രശംസിക്കുന്നുണ്ട്. എംഎസ്‌സി പഠനകാലത്ത് മെഷീൻ ലേണിങ് സംബന്ധിച്ചുള്ള മരിയയുടെ പ്രോജക്റ്റ്, കോർ ഗണിതശാസ്ത്ര ആശയങ്ങളെ ഗവേഷണത്തിന്‍റെ വിവിധ മേഖലകളുമായി ബന്ധിപ്പിക്കാനുള്ള കഴിവിന്‍റെ തെളിവായിരുന്നു.

കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ ആസ്പയർ സ്കോളർഷിപ്പിന് മരിയ അർഹയായിട്ടുമുണ്ട്. ഇതിന്‍റെ ഭാഗമായി ആറ് മാസ ഇന്‍റേൺഷിപ്പ് പ്രോഗ്രാം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മാത്തമാറ്റിക്സ് വിഭാഗം അസി. പ്രൊഫ. ഡോ. ലിനു പിന്‍റോയുടെ കീഴിലാണ് ചെയ്തത്.

വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ അനുഭവസമ്പത്തുള്ള അധ്യാപകരാൽ സമ്പന്നമായ എംഎ കോളെജിലെ മത്താമറ്റിക്സ് വിഭാഗം മഹാത്മാഗാന്ധി സർവകലാശാലയുടെ റീജണൽ റിസർച്ച് സെന്‍റർ കൂടിയാണ്. വിവിധ അധ്യാപകരുടെ കീഴിൽ ഇവിടെ പതിനഞ്ചോളം റിസേർച്ച് സ്കോളേഴ്സ് അവരുടെ ഗവേഷണ പഠനം നടത്തുന്നു. മുൻകാലങ്ങളിലും മികച്ച വിദ്യാർഥികളെ കണ്ടെത്തി അവർക്കു ഉപരിപഠനത്തിനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിൽ മാത്തമാറ്റിക്സ് വിഭാഗം എന്നും മുൻപന്തിയിൽ ഉണ്ടെന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും, വകുപ്പ് മേധാവി ഡോ. ലത എസ് നായരും പറഞ്ഞു.

കൂവപ്പടി സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളൂപ്പേട്ട പി.ഡി. പീറ്ററിന്‍റെയും, കറുകുറ്റി നൈപുണ്യ കോളെജ് അസി. പ്രൊഫ. റോസ് ലാൻഡ് പീറ്ററിന്‍റെയും മൂന്നു മക്കളിൽ ഇളയമകളാണ് മരിയ. മൂത്ത സഹോദരി അന്ന പീറ്റർ അമേരിക്കയിൽ ഗവേഷക വിദ്യാർഥിനിയാണ്. സഹോദരൻ മാത്യു, സിഎ കഴിഞ്ഞ് ശേഷം പെരുമ്പാവൂരിൽ ജോലിചെയ്യുന്നു.

മരിയയുടെ മികച്ച നേട്ടത്തിൽ എംഎ കോളെജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ. ലത എസ് നായർ, മറ്റ് അധ്യാപകർ എന്നിവർ അഭിനന്ദനങ്ങൾ നേരുകയും,ഡോക്റ്ററൽ പഠന യാത്രയിൽ കൂടുതൽ വിജയങ്ങൾ നേടാൻ മരിയക്ക് സാധിക്കട്ടെയെന്ന് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com