
പിണ്ടിമന സ്കൂളിന് പുതിയ കെട്ടിടം; ഒരുങ്ങുന്നത് ഹൈ ടെക് സ്കൂൾ
കോതമംഗലം: ചേലാടിന്‍റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഹൈടെക് സ്‌കൂൾ മന്ദിരത്തിന്‍റെ നിർമ്മാണോൽഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആന്‍റണി ജോൺ എം എൽ എ ശിലസ്ഥാപനം നിർവ്വഹിച്ചു.
പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി സാമൂഹിക രാഷ്ട്രീയ പ്രമുഖർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിബി പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൽസൺ കെ ജോൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. കുമാരി, മെമ്പർമാരായ ലത ഷാജി ,എസ് എം അലിയാർ, ലാലി ജോയ്, സിജി ആന്‍റണി, ജിൻസ് മാത്യു എന്നിവർ പങ്കെടുത്തു. ബിപിസി ബിനിയത്ത്പി എച്ച്, എസ് എം സി ചെയർപേഴ്സൺ നിത്യാ വിൽസൺ, പിടിഎ പ്രസിഡന്‍റ് അനീഷ് തങ്കപ്പൻ, പൂർവ്വ വിദ്യാർഥി സംഘടന സെക്രട്ടറി എം.വി കുര്യാക്കോസ് , അസ്സി. എൻജിനീയർ മെജോ, അസ്സിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ സുമിത, കെട്ടിടനിർമ്മാണ കോൺട്രാക്ടർ ബേസിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്കൂൾ ഹെഡ്മിസ്‌ട്രസ് ലിജി വി പോൾ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് അതിഥികൾക്ക് ഉജ്വലസ്വീകരണം നൽകി. മികവിന്‍റെ കേന്ദ്രമായി അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പിണ്ടിമന സ്കൂളിന്‍റെ പുരോഗതിയുടെ പാതയിൽ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് പുതിയ സ്കൂൾ മന്ദിരം.