രണ്ട് കോടി വിദ്യാർഥികളുമായി 'പരീക്ഷാ പേ ചർച്ച'

രണ്ട് കോടി വിദ്യാർഥികളുമായി 'പരീക്ഷാ പേ ചർച്ച'

പരീക്ഷാ ഭീതിയകറ്റാൻ പ്രധാനമന്ത്രിയുടെ മാർഗദർശനം

വി.കെ. സഞ്ജു

രാജ്യത്തെ വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പരീക്ഷാ പേ ചർച്ച മുഖാമുഖം പരിപാടിയിൽ രണ്ടേകാൽ കോടിയിലധികം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കും. തിങ്കളാഴ്ച നടത്തുന്ന പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ MyGov പോർട്ടൽ വഴിയാണ് നടത്തിയത്.

പരീക്ഷകളെ എങ്ങനെ നേരിടാം, അതുമായി ബന്ധപ്പെട്ട സമ്മർദങ്ങൾ എങ്ങനെ മറികടക്കാം തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയിൽ ചർച്ച ചെയ്യുക. വിദ്യാർഥികൾക്ക് ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയോട് നേരിട്ട് ഉപദേശം തേടാനും സംവദിക്കാനും വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന അവസരമാണിത്.

ആറു വർഷമായി നടത്തിവരുന്ന പരിപാടിയിൽ നേരിട്ടും ഓൺലൈനായും വിദ്യാർഥികൾ പങ്കെടുത്തു വരുന്നു.

നേരിട്ട് പങ്കെടുക്കുന്നത് 3,000 പേർ

പരീക്ഷാ പേ ചർച്ചയുടെ വേദിയായ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപം.
പരീക്ഷാ പേ ചർച്ചയുടെ വേദിയായ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപം.

ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തിൽ തിങ്കളാഴ്ച രാവിലെ 11 മണി മുതലാണു പരീക്ഷാ പേ ചർച്ച നടത്തുന്നത്. ഇവിടെ മൂവായിരം വിദ്യാർഥികൾക്കാണ് നേരിട്ട് പങ്കെടുക്കാൻ അവസരമുള്ളത്. ഓരോ സംസ്ഥാനത്തുനിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നും രണ്ട് വീതം വിദ്യാർഥികളും ഓരോ അധ്യാപകരം പ്രത്യേക അതിഥികളായിരിക്കും. കലാ ഉത്സവ് ജേതാക്കളും പ്രത്യേകമായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ നിന്നുള്ള നൂറ് വിദ്യാർഥികളും നേരിട്ട് പങ്കെടുക്കും.

ഇതുകൂടാതെ, രാജ്യത്തെമ്പാടുമുള്ള സ്കൂളുകളിൽ പരിപാടി ലൈവ് സ്ട്രീം ചെയ്യാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശനിൽ തത്സമയ സംപ്രേഷണവും ഓൾ ഇന്ത്യ റേഡിയൊ വഴി തത്സമയ പ്രക്ഷേപണവുമുണ്ടാകും.

അവതാരകരിൽ മലയാളി വിദ്യാർഥിനിയും

Meghna N Nath
Meghna N Nath

പരിപാടിയുടെ രണ്ട് അവതാരകരിൽ ഒരാൾ മലയാളിയാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വാരാണസിയിൽ നിന്നുള്ള അനന്യ ജ്യോതി, കോഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനി മേഘന എൻ. നാഥ് എന്നിവരാണ് അവതാരകർ. പരീക്ഷാ പേ ചർച്ചയുടെ ആറ് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി വിദ്യാർഥി ഇതിന്‍റെ അവതാരകയാകുന്നത്.

കോഴിക്കോട് കോട്ട‌ുളി സ്വദേശിനിയായ മേഘന, അവതരണത്തിന്‍റെ പരിശീലനത്തിനായി ഇതിനകം ഡൽഹിയിലെത്തിക്കഴിഞ്ഞു. പരിപാടി അവതരിപ്പിക്കുന്നതിന്‍റെ വീഡിയോ തയാറാക്കി അപേക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മേഘന ഇതിനായി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് വീഡിയോ കോൺഫറൻസ് വഴി നടത്തിയ അഭിമുഖങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ടിൽ ഒരാളായി നിശ്ചയിക്കപ്പെടുകയായിരുന്നു.

മുന്നൊരുക്കങ്ങൾ സജീവം

ഇത്തവണത്തെ പരീക്ഷാ പേ ചർച്ച നടത്തുന്നതിനു മുന്നോടിയായി ജനുവരി 23ന് ദേശീയ തലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ അറുപതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. രാജ്യത്താകമാനമുള്ള 774 ജില്ലകളിലെ 657 കേന്ദ്രീയ വിദ്യാലയങ്ങളിലും 122 നവോദയ വിദ്യാലയങ്ങളിലുമായിരുന്നു മത്സരം. പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച 'എക്സാം വാര്യേഴ്സ്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഇതു നടത്തിയത്.

സംവാദ പരിപാടിയെക്കുറിച്ചുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ദേശീയതലത്തിൽ മാരത്തൺ ഓട്ടം, സംഗീത മത്സരം, മീം മത്സരം, നാടക മത്സരം, പോസ്റ്റർ ഡിസൈൻ, യോഗ സെഷനുകൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.

സമ്മർദരഹിതമായ യുവത്വം

രാജ്യത്തെ യുവത്വത്തിന് സമ്മർദരഹിതമായ പരിസ്ഥിതിയൊരുക്കുക എന്ന വിശാല ലക്ഷ്യത്തിന്‍റെ ഭാഗമാണ് പരീക്ഷാ പേ ചർച്ച സംവാദ പരിപാടി. ഓരോ കുട്ടിയുടെയും പ്രത്യേകമായ വ്യക്തിത്വം ആഘോഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തെയും ഒരേ പ്ലാറ്റ്‌ഫോമിൽ എത്തിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. 'എക്സാം വാര്യേഴ്സ്' എന്ന പ്രധാനമന്ത്രിയുടെ പുസ്തകം തന്നെയാണ് ഈ പരിപാടിയുടെ അടിസ്ഥാന ആശയം.

Trending

No stories found.

Latest News

No stories found.