Plus one admission single window
പ്ലസ് വൺ ഏകജാലകം: എന്ത്, എങ്ങനെ

പ്ലസ് വൺ ഏകജാലകം: എന്ത്, എങ്ങനെ

ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചേര്‍ത്ത് ഒരൊറ്റ അപേക്ഷ നല്‍കിയാല്‍ മതി. ഓരോ സ്‌കൂളിലേക്കും വെവ്വേറെ അപേക്ഷ വേണ്ട.

തയാറാക്കിയത്: എന്‍. അജിത് കുമാര്‍

എന്താണ് ഏക ജാലകം: ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചേര്‍ത്ത് ഒരൊറ്റ അപേക്ഷ നല്‍കിയാല്‍ മതി. ഓരോ സ്‌കൂളിലേക്കും വെവ്വേറെ അപേക്ഷ വേണ്ട. ഇതാണ് ഏകജാലക സംവിധാനം. കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ ഈ സംവിധാനമാണുള്ളത്.

അപേക്ഷ എങ്ങനെ?

hscap.kerala.gov.in എന്ന വെബ് സൈറ്റിലെ public ടാബിനു താഴെ കാണുന്ന Apply Online SWS ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. സ്വന്തം ജില്ലയിലെ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ട് പേജുളള പ്രിന്‍റെടുത്ത് ഒപ്പിട്ട് 25 രൂപ ഫീസ് സഹിതം ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനു നല്‍കി, രസീത് ഒപ്പിട്ടു വാങ്ങി സൂക്ഷിക്കണം. അതിലെ അപേക്ഷാ നമ്പര്‍ പിന്നീട് വേണ്ടി വരും. പ്രിന്‍റിനോടാപ്പം പ്രസക്ത രേഖകളുടെ പകര്‍പ്പ് വിദ്യാർഥി സ്വയം സാക്ഷ്യപ്പെടുത്തി വയ്ക്കണം. എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റിലുള്ള വിവരങ്ങള്‍ തെളിയിക്കാന്‍ വേറെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ബോണസ് പോയിന്‍റോ മറ്റ് ആനുകൂല്യങ്ങളോ അവകാശപ്പെടുന്നവര്‍ അതിനു വേണ്ടേ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടെ വയ്ക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സ്വയം സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അവര്‍ പഠിച്ച സ്‌കൂളിലേയോ, സ്വന്തം ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയോ സൗകര്യം പ്രയോജനപ്പെടുത്താം. നിങ്ങളുടെ സംശയനിവാരണത്തിനായി എല്ലാ സ്‌കൂളുകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുനുണ്ട്.

മാനേജ്‌മെന്‍റ് / അണ്‍ എയ്ഡഡ് കമ്മ്യൂണിറ്റി കോട്ട സീറ്റുകളിലേക്ക് അതതു മാനേജ്‌മെന്‍റുകള്‍ നല്‍കുന്ന ഫോം പൂരിപ്പിച്ചു നല്‍കണം.

അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞ് അതു രജിസ്റ്റര്‍ ചെയ്യുന്നതോടെ അപേക്ഷയെ സംബന്ധിച്ച വിവരങ്ങളെല്ലാം വെബ് സൈറ്റില്‍ വരും View your aplication ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അപേക്ഷാ നമ്പരും തീയതിയും ടൈപ്പ് ചെയ്താല്‍ വിവരങ്ങളറിയാം.

അപേക്ഷയില്‍ എന്തെല്ലാം?

അപേക്ഷയില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന സ്‌കൂളുകളും ഇഷ്ടമുള്ള ഐച്ഛിക വിഷയങ്ങളുടെ കോംബിനേഷനുകളും മുന്‍ഗണനാ ക്രമത്തില്‍ അടുക്കി സമര്‍പ്പിക്കാം

അലോട്ട്‌മെന്‍റ്

അപേക്ഷകള്‍ സമര്‍പ്പിച്ചതില്‍ വല്ല വീഴ്ചയും വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരമുണ്ട്. ഇതിനാണ് ട്രയല്‍ അലോട്ട്‌മെന്‍റ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത്. ഇഷ്ടപ്പെടാത്ത ഏതെങ്കിലും സ്‌കൂളിലോ കോംബിനേഷനിലോ അലോട്ട്‌മെന്‍റ് വന്നെന്നു കണ്ടാല്‍ പിശകു തിരുത്താന്‍ അപേക്ഷ നല്‍കാം. ഇത് പറഞ്ഞ സമയത്തിനു മുമ്പ് നല്‍കാന്‍ ശ്രദ്ധിക്കണം. ഇതിനു ശേഷമാണ് മുഖ്യ അലോട്ട്‌മെന്‍റ്. മുഖ്യ അലോട്ട്‌മെന്‍റിനു ശേഷവും കൂടുതല്‍ ഇഷ്ടപ്പെട്ട സ്‌കൂളിനും വിഷയ കോംബിനേഷനും വേണ്ടി അപേക്ഷ സമര്‍പിക്കാം. ഒഴിവുണ്ടെങ്കില്‍ മാറ്റം തരും. ഇതു കഴിഞ്ഞ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് ഉണ്ട്. മുൻപ് അപേക്ഷിക്കാത്തവര്‍ക്കും സേ പരീക്ഷ കഴിഞ്ഞവര്‍ക്കും സ്‌കൂള്‍തല സിബിഎസ്‌സികാര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കാം.

താത്കാലിക പ്രവേശനം

ആദ്യ അലോട്ട്‌മെന്‍റില്‍ തന്നെ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്‌കൂളും കോംബിനേഷനും കിട്ടിയെങ്കില്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. കിട്ടിയതില്‍ പൂര്‍ണ തൃപ്തിയില്ലെങ്കില്‍ ഫോമില്‍ എഴുതിക്കൊടുത്ത മുന്‍ഗണനാ ക്രമത്തില്‍ ആദ്യമുള്ളതല്ല താഴെയുള്ളതാണ് കിട്ടിയതെങ്കില്‍ പിന്നീട് ഒഴിവ് വന്നാല്‍ മാറിയാല്‍ കൊള്ളാമെന്ന് ആഗ്രഹമുള്ളവര്‍ പ്രിന്‍സിപ്പലിനോട് താത്കാലിക പ്രവേശനം മതിയെന്ന് പറഞ്ഞ് സര്‍ട്ടിഫിക്കറ്റുകള്‍ ഏൽപ്പിക്കണം. ഫീസടയ്‌ക്കേണ്ടെന്ന് വയ്ക്കുക. നിങ്ങള്‍ക്ക് താത്കാലിക പ്രവേശനം ലഭിക്കും. കാത്തിരുന്ന് ഇഷ്ടപ്പെട്ട മാറ്റം കിട്ടിയാല്‍ അസ്‌കൂളില്‍ ഇഷ്ട കോംബിനേഷനില്‍ സ്ഥിര പ്രവേശനം വാങ്ങുക.

ഒന്നിലേറെ ജില്ലകളില്‍ അപേക്ഷിച്ചാല്‍

ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ചവര്‍ ഏതെങ്കിലുമൊരു ജില്ലാതല സ്‌കൂളില്‍ ചേരുന്നതോടെ മറ്റു ജില്ലകളിലെ ഓപ്ഷനുകള്‍ സ്വയം റദ്ദാകും. ഒരു ജില്ലയില്‍ മാത്രമാണ് ആദ്യം പ്രവേശനം കിട്ടിയതെങ്കിലും തുടര്‍ന്ന് ഇഷ്ടമുള്ള ജില്ലയില്‍ അവസരം കിട്ടിയാല്‍ അങ്ങോട്ടുമാറാം. യഥാസമയം അപേക്ഷ നല്‍കിയിട്ടും മുഖ്യ അലോട്ട്‌മെന്‍റില്‍ സീറ്റ് കിട്ടാത്തവര്‍ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനായി അപേക്ഷ പുതുക്കണം. അപ്പോള്‍ നിലവിലുള്ള ഒഴിവുകള്‍ നോക്കി ഓപ്ഷനുകള്‍ ബുദ്ധിപൂര്‍വം പുതുക്കുകയും ചെയ്യാം.

logo
Metro Vaartha
www.metrovaartha.com