

ഇനി ഡിഗ്രി പഠിക്കാൻ പ്ലസ് ടു വേണ്ട; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് നൽകിയ ശുപാർശയ്ക്കാണ് ഇപ്പോൾ അംഗീകാരമായത്.
പത്താം ക്ലാസിന് ശേഷം ഐടിഐ, ഡിപ്ലോമ, മറ്റു ഭാഷ കോഴ്സുകൾ എന്നിവ എടുത്തവർക്കും ഇനി മുതൽ ബിരുദം പഠിക്കാം. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും പ്രവേശനം ലഭിക്കും.
2027–28 അധ്യയന വർഷം മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുക. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും പുതിയ ഉത്തരവ് നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്റർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.