

ആലിൻ ഇനിയും ജീവിക്കും കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും' മോഹൻലാലിന്‍റെ വൈകാരികമായ കുറിപ്പ്
file photo
അവയവദാനമെന്ന മഹാദാനത്തിലൂടെ ഈ നാടിന്‍റെ ഹൃദയത്തിൽ ചേക്കേറിയിരിക്കുകയാണ് പത്തുമാസം മാത്രം പ്രായമുണ്ടായിരുന്ന ആലിൻ ഷെറിൻ എന്ന പൊന്നോമന മകൾ. നാലുപേർക്കു പുതുജീവൻ നൽകിയാണ് ഈ കുഞ്ഞു മാലാഖ നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ അന്ത്യനിദ്ര കൊള്ളുന്നത്.
ഔദ്യോഗിക ബഹുമതികളോടെ നടന്ന അവളുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മന്ത്രിമാരടക്കം നൂറുകണക്കിനാളുകളെത്തി. അവൾക്ക് അന്ത്യോപചാരമർപ്പിക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ മഹാദാനത്തിന്‍റെ ഉദാത്ത മാതൃകയോടുള്ള നന്ദിയും ആദരവും സ്നേഹവും നിറഞ്ഞുനിന്നിട്ടുണ്ടാവണം.
ഒന്നാം പിറന്നാൾ പോലും ആഘോഷിക്കും മുൻപേ വാഹനാപകടത്തിൽ മകളുടെ ജീവൻ നഷ്ടമായതിന്‍റെ തീരാനോവിൽ ആയിരിക്കുമ്പോഴും അവളുടെ അവയവങ്ങൾ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി ദാനം ചെയ്യാൻ സന്നദ്ധരായ മാതാപിതാക്കൾ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും നാടിനൊന്നാകെ മാതൃകയായി മാറുകയായിരുന്നു. അവരുടെ തീരുമാനത്തിന്‍റെ മഹത്വം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാവുന്നതിലും അപ്പുറത്താണ്.
സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവെന്ന നിലയിലാണ് ആലിൻ ഷെറിൻ ഇനി അറിയപ്പെടുക. മുഴുവൻ മനുഷ്യ സ്നേഹികളും ആലിനും ആ കുടുംബത്തിനും മുന്നിൽ വിനയപൂർവം വണങ്ങുന്നു. അവയവ ദാനത്തിന്‍റെ മഹത്വത്തെക്കുറിച്ച് എത്രയൊക്കെ പറയുമ്പോഴും അതിൽ പലവിധത്തിലുള്ള സംശയങ്ങളുമുള്ളവരാണു പലരും.
ജീവിച്ചിരിക്കുമ്പോഴോ മരണശേഷമോ മറ്റൊരാൾക്കു ജീവൻ നൽകാൻ സാധിക്കുമെങ്കിലും അതിനു മാനസികമായി തയാറാവുക എന്നതു പ്രധാനമാണ്. മസ്തിഷ്ക മരണം സംഭവിച്ച ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനമെടുക്കുക എന്നതു തീരാദുഃഖത്തിൽ കഴിയുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യവുമാവില്ല. അവിടെയാണ് ആലിന്‍റെ കുടുംബം വിശ്വമാനവികതയുടെ ഉദാത്ത മാതൃകയാവുന്നത്.
കോട്ടയം പള്ളത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആലിൻ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് അവളുടെ കരൾ, വൃക്കകൾ, ഹൃദയവാൽവ്, നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കൾ തയാറാവുകയായിരുന്നു.
ആലിന്‍റെ ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കും എത്തിച്ചു. നേത്രപടലങ്ങൾ അമൃത ആശുപത്രിയിലെ നേത്രബാങ്കിനു കൈമാറി. വൃക്കകൾ ശ്രേയ എന്നു പത്തുവയസുകാരിക്കാണു നൽകിയത്. കരൾ ആറുമാസം പ്രായമുള്ള ധ്രിയ എന്ന കുട്ടിക്കു നൽകി.
സംസ്ഥാനത്ത് കരൾ സ്വീകരിച്ച ഏറ്റവും പ്രായംകുറഞ്ഞ ആളായി ഇതോടെ ധ്രിയ മാറി. സർക്കാർ സംവിധാനമായ കെസോട്ടോ വഴി അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എറണാകുളത്തെ അമൃത ആശുപത്രിയിൽ നിന്ന് ആലിന്‍റെ അവയവങ്ങൾ റോഡ് മാർഗം തിരുവനന്തപുരത്തേക്ക് അതിവേഗത്തിലാണ് എത്തിച്ചത്.
അതിന് ആവശ്യമായ തയാറെടുപ്പുകൾ നടത്തി യാത്ര സുഗമമാക്കാൻ പൊലീസും അതിനോടു പൂർണമായി സഹകരിക്കാൻ ജനങ്ങളും തയാറായി. പൊലീസിനു പുറമേ ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർ എന്നിവരും ഈ മഹത്തായ ദൗത്യത്തിൽ അവരുടേതായ സംഭാവനകൾ നൽകി.
എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്‍റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്‍റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾ കേരളം മുഴുവൻ ഏറ്റു പറയുകയാണ്.
"ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമകളിൽ മാത്രമല്ല, കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും' എന്നാണ് നടൻ മോഹൻലാൽ വൈകാരികമായ കുറിപ്പിൽ പറയുന്നത്.
ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കൾ മനുഷ്യ സ്നേഹത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്നും ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണെന്നും അദ്ദേഹം പറയുന്നുണ്ട്.
മാതാപിതാക്കളുടെ ധീരമായ തീരുമാനത്തെ സല്യൂട്ട് ചെയ്യുന്നുവെന്നാണ് കമൽ ഹാസൻ ഹൃദയസ്പർശിയായ കുറിപ്പിൽ പറയുന്നത്. ഈ നാടിന്‍റെ മുഴുവൻ പൊന്നോമനയായി ആലിൻ ജനഹൃദയങ്ങളിൽ ജീവിക്കട്ടെ. മനുഷ്യ സ്നേഹത്തിന്‍റെ മഹത്തായ സന്ദേശം ഒരുകാലത്തും നിറംമങ്ങിപ്പോവാതിരിക്കട്ടെ.