Preparing for exams
Preparing for examsFreepik

പരീക്ഷയ്ക്ക് തയാറെടുക്കാം; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

പഠനത്തിന്‍റെ ലക്ഷ്യം പരീക്ഷയല്ലെങ്കിലും പഠനത്തിനായുള്ള വിദ്യാര്‍ഥിയുടെ ഏറ്റവും ശക്തമായ പ്രേരണാശക്തികളിലൊന്ന് പരീക്ഷ തന്നെയാണ്

എൻ. അജിത്കുമാർ

ഓരോ കുട്ടിയുടെയും ബുദ്ധിപരമായ കഴിവുകളും വളര്‍ച്ചയും വിലയിരുത്താനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് പരീക്ഷ. പഠനത്തിന്‍റെ ലക്ഷ്യം പരീക്ഷയല്ലെങ്കിലും പഠനത്തിനായുള്ള വിദ്യാര്‍ഥിയുടെ ഏറ്റവും ശക്തമായ പ്രേരണാശക്തികളിലൊന്ന് പരീക്ഷ തന്നെയാണ്. പരീക്ഷയ്ക്കുവേണ്ടിയുള്ള ഒരുക്കം പഠനത്തെ സഹായിക്കുന്നു.

പരീക്ഷയ്ക്കുള്ള വായന

വായന എന്ന പ്രവൃത്തി എന്തിനുവേണ്ടിയാണ് അനുഭവശേഖരണത്തിനും വിജ്ഞാന സമ്പാദനത്തിനുമായുള്ള എളുപ്പവഴിയാണ് വായന.വായന രണ്ടുതരത്തിലുണ്ട്. സ്വരവായനയും മൗനവായനയും മൗനവായനയ്ക്ക് വേഗതകൂടുതലായിരിക്കും. ഉറക്കെവായിക്കുന്നത് പദങ്ങള്‍ ഉച്ചരിക്കാനുള്ള പരിശീനം കൂടിയാവും.ഇത് സംഭാഷണവേളയിലെ ശുദ്ധമായ ഉച്ചാരണത്തെസഹായിക്കും . വായിക്കുന്നതൊക്കെ മനസ്സില്‍ പതിയുമ്പോഴാണ് വായന ഫലപ്രദമാകുന്നത്. അതിന് ഏതുവായനയാണ് നിങ്ങള്‍ക്കനുയോജ്യമെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുക. പരീക്ഷയ്ക്കുള്ള പഠനത്തിന്‍റെ ഭാഗമായുള്ള വായനയെ ഗൗരവമായിതന്നെ കാണണം.

ആദ്യം പാഠപുസ്തകം ഒന്ന് ഓടിച്ചുവായിക്കുക. ഇതിനെ നമുക്ക് നിരീക്ഷണ വായന എന്നുവിളിക്കാം. രണ്ടാമതായി വായിച്ചഭാഗത്തെ അടിസ്ഥാനമാക്കി ഒരു ചോദ്യാവലി ഉണ്ടാക്കുക. മൂന്നാമതായി പാഠഭാഗം വിശദമായിവായിക്കുക. നമ്മള്‍ തയ്യാറാക്കിയ ചോദ്യാവലിക്ക് പുസ്തകം നോക്കാതെ ഉത്തരം പറയുക എന്നതാണ് വായനയുടെ നാലാമത്തെ ഘട്ടം. വായിച്ച ഭാഗത്തിലെ പ്രധാന ആശയങ്ങള്‍ ഒരിക്കല്‍കൂടി അവലോകനം ചെയ്യുക എന്നതാണ് അവസാനഘട്ടം. ഇതിന് റിവിഷന്‍ കുറിപ്പുകളും നോട്ടുകളുമൊക്കെ പ്രയോജനപ്പെടുത്താം. വായിക്കുന്നതോടൊപ്പം തന്നെ പ്രധാന പോയിന്‍റുകള്‍ കുറിച്ചുവെക്കാന്‍ മറക്കരുത്. വായിച്ച കാര്യങ്ങള്‍ മനസ്സില്‍ പതിപ്പിക്കാന്‍ എളുപ്പമുള്ള മാര്‍ഗമാണ് ഈ കുറിപ്പെഴുതല്‍.

ഓർമ ഒരു കത്തിയാണ്

Freepik

എന്താണോ ഓര്‍ക്കേണ്ടതില്ല എന്ന് നിങ്ങള്‍ കരുതുന്നത് അത് നിങ്ങള്‍ മറന്നുപോകും. എന്താണ് മറക്കരുതാത്തത് എന്ന് നമ്മള്‍കരുതുന്ന കാര്യം മറക്കുകയുമില്ല. ആധുനിക മനഃശാസ്ത്രത്തിന്‍റെ പിതാവായ സിഗ്മണ്ട് ഫ്രോയ്ഡ് മറവിയെകുറിച്ച് പറഞ്ഞതാണിത്. വായിച്ചു മനസ്സിലാക്കിയ ഒരു കാര്യത്തെപ്പറ്റി വീണ്ടും വീണ്ടും ഓര്‍ക്കുന്നതും പറയുന്നതും ആ കാര്യം എന്നും ഓര്‍ക്കാന്‍ സഹായിക്കും. ഒരു ആനയെക്കാണുമ്പോള്‍ ആനപ്പാപ്പാനെപ്പറ്റിയും ഉത്സവത്തെപ്പറ്റിയും കാടിനെപ്പറ്റിയുമൊക്കെ ഓര്‍ഡറായി ഓര്‍ത്തു വയ്ക്കാമല്ലോ. ഓര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ ഇങ്ങനെ ഒരു വിഷ്വലായി ഓർമയില്‍ പതിപ്പിക്കുക. പിന്നെ നിങ്ങളൊരിക്കലും മറക്കുകയില്ല.ഓർമ ഒരു കത്തിയാണ് . അത് എന്നും മൂര്‍ച്ചകൂട്ടി വെച്ചാല്‍ തുരുമ്പിക്കില്ല. ഓര്‍ക്കേണ്ട വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് ഓർമ എന്ന ആ കത്തി എന്നും രാകിമിനുക്കി വെയ്ക്കുക.

എഴുതിപ്പഠിക്കാം

പഠിക്കുമ്പോള്‍ പരീക്ഷയ്ക്കു പഠിക്കുകയാണെന്ന ഉത്കണ്ഠയോടെയുള്ള പഠനംവേണ്ട. പരീക്ഷ എഴുതുക എന്നത് മറ്റനേകം കാര്യങ്ങള്‍ പോലെ രസകരമായ, സ്വാഭാവികമായ കർമമാണെന്ന് തിരിച്ചറിയണം വായിച്ചു പഠിച്ചകാര്യങ്ങള്‍ എഴുതിപഠിക്കുകയും കൂടിവേണം. ഓരോ ചോദ്യമാതൃകയ്ക്കും അനുവദിച്ച സമയത്തിനുള്ളില്‍ ഉത്തരമെഴുതി പരിശീലിക്കണം.ഇങ്ങനെ പലതവണ എഴുതി പരിശീലിച്ചാല്‍ പ്രധാന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന,കാര്യമാത്ര പ്രസക്തമായ ഉത്തരങ്ങള്‍ കൃത്യസമയത്ത് എഴുതി തീര്‍ക്കാന്‍ കഴിയും. എഴുത്തിന് അടുക്കും ചിട്ടയും വരും. പാഠഭാഗത്തിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മുന്‍ പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഈപരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങള്‍ എന്നിങ്ങനെ പരീക്ഷയ്ക്ക്‌ ചോദിയ്ക്കാനിടയുള്ള ചോദ്യങ്ങളുടെ ഒന്നോ രണ്ടോ ഇരട്ടി ചോദ്യോത്തരങ്ങള്‍ എഴുതിപഠിക്കുക. ഇത് ഏതുതരം ചോദ്യങ്ങളെയും നേരിടാന്‍ നിങ്ങള്‍ക്ക് കരുത്ത് നല്കും തുടര്‍ച്ചയായി കൂടുതല്‍സമയം പഠിക്കുന്നതിനേക്കാള്‍ നല്ലത് ചെറിയ ചെറിയ ഇടവേളകളോടെ പഠിക്കുന്നതാണ് . ഈ ഇടവേളകള്‍ പഠനത്തെ കൂടുതല്‍ ഉന്മേഷമുള്ളതാക്കും

ഈ ഇടവേളയില്‍ വായിച്ചകാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. ഓര്‍ക്കാന്‍ കഴിയാത്ത ഭാഗം പുസ്തകത്തില്‍ നിന്നും ഒന്നുകൂടി വായിച്ച് വീണ്ടും വീണ്ടും ഓര്‍ത്തെടുക്കുക. ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴും ബസ്സില്‍ യാത്ര ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും പ്രയാസമുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇങ്ങനെ ഓര്‍ത്തെടുക്കുക. അവ അതോടെ എളുപ്പമുള്ളതാകും. ഒരിക്കലും മറക്കാതാകും.

ചര്‍ച്ചചെയ്ത് പഠിക്കാം

പ്രയാസമുള്ള വിഷയങ്ങള്‍ സമാനമനസ്‌കരുമായി, കൂട്ടുകാരുമായി ചര്‍ച്ചചെയ്ത് പഠിക്കുന്നതും നല്ലതാണ്. ഒരോ പാഠത്തില്‍നിന്നും ഓരോരുത്തരും പ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍, അവയ്ക്കുള്ള ഓരോരുത്തരുടേയും ഉത്തരങ്ങള്‍ എന്നിവ എല്ലാവരും പരസ്പരം പറയട്ടെ. ഇത് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും നിങ്ങളുടെ ധാരണയില്‍ എന്തെങ്കിലും പിശകുണ്ടായിരുന്നെങ്കില്‍ തിരുത്താനും സഹായിക്കും.

പഠിപ്പിച്ചുകൊണ്ട് പഠിക്കാം

പഠിച്ച കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയാണ് പഠനം എളുപ്പമാക്കാനുള്ള മറ്റൊരു മാര്‍ഗം. കൂട്ടുകാരേയോ അമ്മയെയോ ഒക്കെ ശിഷ്യരാക്കാം. വസ്തുതകള്‍ക്ക് വ്യക്തത വരുത്താനും പാളിച്ചകള്‍ മനസിലാക്കാനും ഇതു സഹായിക്കും. ഇനി പഠിപ്പിക്കാനൊരാളെ കിട്ടിയില്ലെങ്കില്‍ മറ്റൊരാള്‍ മുന്നിലുണ്ടെന്നു കരുതി പഠിപ്പിച്ചുകൊണ്ട് പഠിക്കുക. പാഠഭാഗങ്ങള്‍ മനസിലുറപ്പിക്കാന്‍ ഏറ്റവും നല്ല വഴിയാണിത്.

ചോദ്യങ്ങളുണ്ടാക്കി പഠിക്കാം

പഠനം എളുപ്പമാക്കാനുള്ള മറ്റൊരുവഴിയാണ് പാഠഭാഗത്തു നിന്നും ചോദ്യങ്ങളുണ്ടാക്കി പഠിക്കുക എന്നത്. ഈ ചോദ്യങ്ങള്‍ കൂട്ടുകാരോട് ചോദിക്കുക. ഉത്തരം പരസ്പരം പറയുക. ഇങ്ങനെ പഠിച്ചാലും പഠനം എളുപ്പമാകും, മറന്നു പോകില്ല.

കാണാപ്പാഠം

കണക്കിലേയും മറ്റും ഫോര്‍മുലകള്‍, ചരിത്രപരമായ തീയതികള്‍, പേരുകള്‍, നിര്‍വചനങ്ങള്‍, സയന്‍സിലെ നിയമങ്ങള്‍ തുടങ്ങിയവ കാണാപാഠം പഠിക്കാം. ഒരു കഥയായോ സിനിമപോലെയോ ഒക്കെ ഇതു മനസ്സില്‍ സൂക്ഷിക്കുക.

പരീക്ഷയില്‍ എന്തെല്ലാം വിലയിരുത്തപ്പെടും

  • പാഠഭാഗത്തിലെ പ്രസക്തമായ ഉള്ളടക്കം കുട്ടിക്ക് അറിയുമോ

  • അത് യുക്തി യുക്തമായി ഉത്തരത്തില്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞിട്ടുണ്ടോ?

  • ഇതുമായി ബന്ധപ്പെട്ട് കുട്ടിക്ക് സ്വന്തമായ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

ശാസ്ത്രവിഷയങ്ങളില്‍

  • ഉള്ളടക്കം പ്രായോഗിഗമായി വിദ്യാര്‍ത്ഥിക്ക് എത്രമാത്രം അറിയാം

  • അത് പ്രയോജനപ്പെടുത്തി പ്രശ്‌നാപഗ്രഥനം എത്രത്തോളം സാധ്യമാകുന്നു

ഇനിയുമുണ്ട് കാര്യങ്ങള്‍

  • ഭാഷാവിഷയങ്ങളില്‍ പാഠഭാഗത്തെ ആശയങ്ങള്‍ സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കണം.

  • ശാസ്ത്ര സാമൂഹികപാഠ വിഷയങ്ങളില്‍ തത്ത്വങ്ങള്‍ പ്രാക്ടിക്കലാക്കി പ്രയോജനപ്പെടുത്തേണ്ടതെങ്ങനെ എന്നു മനസ്സിലാക്കണം.

  • സ്വന്തമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉത്തരങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടണ്ട സന്ദര്‍ഭങ്ങളില്‍ ഉള്‍പ്പെടുത്തണം.

  • ഉത്തരം പരിശോധിക്കപ്പെടുന്ന മൂല്യനിര്‍ണയ സൂചകങ്ങള്‍ മനസ്സിലാക്കണം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com