
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ സംബന്ധിച്ച ബിൽ മാർച്ച് മൂന്നിന് നിയമസഭയിൽ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. സർവകലാശാല സംബന്ധിച്ച രണ്ട് ബില്ലുകളും ഉച്ചയ്ക്ക് ശേഷം ധനവിനിയോഗ ബില്ലും അന്നേദിവസം പരിഗണനയ്ക്കെത്തും.
കാര്യോപദേശക സമിതി റിപ്പോർട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച സഭയുടെ മേശപ്പുറത്തു വച്ചു. പുതിയ തീരുമാനം അനുസരിച്ച് മാർച്ച് 25ന് സഭാ സമ്മേളനം അവസാനിക്കും. മാർച്ച് 5, 6, 26, 27, 28 ദിവസങ്ങളിൽ നിശ്വയിച്ചിരുന്ന കാര്യപരിപാടികൾ, ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾ 25 വരെയുള്ള ദിവസങ്ങളിലേക്ക് ക്രമീകരിച്ചു. മാർച്ച് 4 മുതൽ 19 വരെ ബജറ്റുമായി ബന്ധപ്പെട്ട ചർച്ചയും വോട്ടെടുപ്പും ബാക്കിയുള്ള ദിവസങ്ങളിൽ വിവിധ ബില്ലുകളും പരിഗണനയ്ക്കെത്തും.
വ്യാഴാഴ്ച പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ അന്തിമ ധനാഭ്യര്‍ഥന, ചര്‍ച്ചയില്ലാതെ പാസാക്കുകയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അവതരിപ്പിച്ച വയോജന കമ്മിഷന്‍ ബില്ലും, വ്യവസായ മന്ത്രി പി. രാജീവ് അവതരിപ്പിച്ച വ്യവസായിക അടിസ്ഥാന സൗകര്യ വികസന ഭേദഗതി ബില്ലും ചര്‍ച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്കും വിടുകയുമായിരുന്നു.