ഡോ. രവി പിളള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ്: ധാരണാപത്രം ഒപ്പുവച്ചു

20 ശതമാനം സ്കോളര്‍ഷിപ്പുകള്‍ പ്രവാസികളുടെ മക്കള്‍ക്ക്

പഠനമികവുളള കേരളീയരായ വിദ്യാർഥികള്‍ക്കായുളള രവി പിളള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടത്തിയ ചടങ്ങില്‍ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്റ്ററുമായ ഡോ. ബി. രവി പിളളയും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അജിത് കോളശ്ശേരിയും തമ്മില്‍ ധാരണാപത്രം കൈമാറി.

ഹയര്‍സെക്കൻഡറി തലത്തില്‍ 1100 വിദ്യാർഥികള്‍ക്ക് അന്‍പതിനായിരം രൂപയുടെയും, ഡിഗ്രി തലത്തിൽ 200 പേർക്ക് ഒരു ലക്ഷം രൂപയുടെയും, പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തില്‍ 200 പേർക്ക് ഒന്നേകാല്‍ ലക്ഷം രൂപയുടെയും സ്കോളർഷിപ്പുകളാണ് ലഭിക്കുക. ആകെ 1500 വിദ്യാർഥികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളര്‍ഷിപ്പുകള്‍ പ്രവാസി കേരളീയരുടെ മക്കള്‍ക്കും, അഞ്ച് ശതമാനം ഭിന്നശേഷിയുള്ള വിദ്യാർഥികള്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്. പഠനമികവുളളവർക്കും, കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാകും സ്കോളര്‍ഷിപ്പിന് അര്‍ഹത. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴിയാണ് രവി പിളള ഫൗണ്ടേഷന്‍ രവി പിളള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ സഹകരണത്തോടെ തയാറാക്കുന്ന സ്‌കോളർഷിപ്പ് പോർട്ടൽ വഴി 2025 ജൂലൈയില്‍ സ്കോളര്‍ഷിപ്പിനായുളള അപേക്ഷ സ്വീകരിച്ചു തുടങ്ങും. 2025 സെപ്റ്റംബറില്‍ സ്കോളര്‍ഷിപ്പ് തുക കൈമാറും.

ബഹ്‌റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി നേടിയതിന് കേരളം നല്‍കിയ സ്വീകരണച്ചടങ്ങിലായിരുന്നു 50 വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി ഡോ. ബി. രവി പിള്ള അറിയിച്ചത്. പ്രതിവര്‍ഷം 10.5 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com