പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക വിപ്ലവത്തിൽ പുതിയ അധ്യായം
Robotics training for class 10 students

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം.

Image by rawpixel.com on Freepik
Updated on

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക വിപ്ലവത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന റോബോട്ടിക്സ് പരിശീലനം ബുധനാഴ്ച മുതൽ. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നാലര ലക്ഷത്തോളം വരുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനായി ജനുവരി 15-നകം എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സിന്‍റെ നേതൃത്വത്തിൽ ഈ റോബോട്ടിക് ശില്പശാലകൾ പൂർത്തിയാക്കും.

പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയാറെടുക്കാനുമാണ് ഇതിലൂടെ ഒരുങ്ങുന്നത്.രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ആദ്യ സെഷനിൽ റോബോട്ടിക്സിന്‍റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്‍റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും.

തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡിനോ ബോർഡ്, ബ്രെഡ്ബോർഡ്, എൽഇഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തും.

രണ്ടാമത്തെ സെഷൻ പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽഇഡി ബ്ളിങ്ക് ചെയ്യിക്കുക, ബസർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കും. പരിശീലനത്തിന്‍റെ അവസാന ഘട്ടത്തിൽ ഐആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർഥികൾ സ്വയം നിർമിക്കും.

ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്‍റർമാരുടെയും നേതൃത്വത്തിലാണ് ശില്പശാലകൾ നടക്കുക. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാംപുകൾ സംഘടിപ്പിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.

ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com