സിൽവർ ജൂബിലി വർഷത്തിൽ വൻകിട പദ്ധതികളുമായി സഹൃദയ

വിദ്യാഭ്യാസം, സ്പോർട്സ്, അടിസ്ഥാനസൗകര്യ വികസനം, പാർപ്പിട നിർമാണം തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികൾ ക്യാംപസിലും സമൂഹത്തിലുമായി നടപ്പാക്കും
സിൽവർ ജൂബിലി വർഷത്തിൽ വൻകിട പദ്ധതികളുമായി സഹൃദയ

സഹൃദയ കോളെജ് ഒഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി.

FIle

Updated on: 

കൊടകര: വിദ്യാഭ്യാസ രംഗത്ത് കാൽ നൂറ്റാണ്ട് (25 വർഷം) പിന്നിടുന്ന സഹൃദയ കോളെജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സിൽവർ ജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നു. 'ഒരു പാരമ്പര്യം, ഒരു കുടുംബം, ഒരു ഭാവി' എന്ന ആപ്തവാക്യത്തിലൂന്നി 2002 മുതൽ അക്കാഡമിക് മികവിലും കമ്മ്യൂണിറ്റി സേവനങ്ങളിലും മുന്നിട്ടുനിൽക്കുന്ന സഹൃദയ, തങ്ങളുടെ നാഴികക്കല്ലായ സിൽവർ ജൂബിലി വർഷത്തിൽ നിരവധി വൻകിട പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്.

സെപ്റ്റംബർ 26-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്ന ജൂബിലി വർഷത്തിൽ, വിദ്യാഭ്യാസം, സ്പോർട്സ്, അടിസ്ഥാനസൗകര്യ വികസനം, പാർപ്പിട നിർമാണം തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികളാണ് ക്യാമ്പസിലും സമൂഹത്തിലുമായി നടപ്പിലാക്കുന്നത്.

26, 28, 29 തീയതികളിലായി നടത്തപ്പെടുന്ന ജൂബിലി വർഷ ഉദ്ഘാടനത്തിൽ 26-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ റോജി എം. ജോൺ, ഒ.ജെ. ജനീഷ് എന്നിവരും കെടിയു വൈസ് ചാൻസിലർ ഡോ. സിസ തോമസും ജനപ്രതിനിധികളും പങ്കെടുക്കും.

സഹൃദയയിൽ നടത്തുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ ഐഇഡിസി സമ്മിറ്റ് 28-ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 29-ന് ഐഇഡിസി നോഡൽ ഓഫിസേഴ്സ് മീറ്റ്.

സഹൃദയ കോളെജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എക്സിക്യൂട്ടിവ് ഡയറക്റ്റർ റവ. ഡോ. ആന്‍റോ ചുങ്കത്ത്, പ്രിൻസിപ്പൽ ഡോ. എസ്. രാംകുമാർ, സഹൃദയ സിൽവർ ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ ഡോ. ജീസ് പോൾ, IEDC സമ്മിറ്റ് 2026 ഓർഗനൈസിങ് സെക്രട്ടറി ജിബിൻ ജോസ്, സഹൃദയ കോളെജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പിആർഒ വി. ഫ്രാൻസിസ് ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com