
മെഡിക്കൽ വിദ്യാർഥികൾക്ക് ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പും ഫെലോഷിപ്പുകളും
കൊച്ചി: വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളെജ്, ഡോ. മൂപ്പൻസ് നഴ്സിങ് കോളെജ്, ഡോ. മൂപ്പൻസ് കോളെജ് ഒഫ് ഫാർമസി എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളിൽ അർഹരായവർക്ക് സ്കോളർഷിപ്പും ഫെലോഷിപ്പും നൽകുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പും ഫെലോഷിപ്പുകളും പ്രഖ്യാപിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.
കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ മെഡിക്കൽ കോളെജ് അർഹരായ വിദ്യാർഥികൾക്ക് 100% ട്യൂഷൻ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
എംബിബിഎസ്, ബിഎസ്‌സി നഴ്സിങ്, ബിഫാം കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ 25 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഓരോ വർഷവും 5 എംബിബിഎസ്, 10 നഴ്സിങ്, 10 ബിഫാം വിദ്യാർഥികൾക്ക് വീതം ഇതിന്‍റെ പ്രയോജനം ലഭിക്കും. എംബിബിഎസ് സ്കോളർഷിപ്പുകൾക്കുള്ള തെരഞ്ഞെടുപ്പ് പൂർണമായും മികവിന്‍റെ അടിസ്ഥാനത്തിലായിരിക്കും. മികച്ച അക്കാഡമിക് ട്രാക്ക് റെക്കോഡുകളും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കുകളുമുള്ള വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുക.
എന്നാൽ, ബിഎസ്‌സി നഴ്സിങ്, ബിഫാം വിദ്യാർഥികളെ അക്കാഡമിക് മികവിന് പുറമെ സാമ്പത്തികസ്ഥിതി കൂടി കണക്കിലെടുത്താകും സ്‌കോളർഷിപ്പിന് തെരഞ്ഞെടുക്കുക. പഠനകാലയളവിൽ ഉടനീളം അക്കാഡമിക മികവ് പുലർത്തുകയും സ്‌കോളർഷിപ്പിന്‍റെ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് അവരുടെ ട്യൂഷൻ ഫീസിൽ നൂറു ശതമാനം ഇളവ് ലഭിക്കും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 125 വിദ്യാർഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ സ്‌കോളർഷിപ്പ് നൽകുന്നതിനായി പ്രതിവർഷം 3 കോടിയിലധികം രൂപയാണ് നീക്കിവയ്ക്കുന്നത്. സ്കോളർഷിപ്പിനുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. കൂടുതൽ വിവരങ്ങൾക്കും യോഗ്യതാ മാർഗനിർദേശങ്ങൾ അറിയുന്നതിനും www.dmscholarship.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും ഡോ. മൂപ്പൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്റ്ററും ഡിഎംഇആർഎഫ് മാനെജിങ് ട്രസ്റ്റിയുമായ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡയറക്റ്ററും ഡിഎംഇആർഎഫ് മാനെജിങ് ട്രസ്റ്റിയുമായ അനൂപ് മൂപ്പൻ, എക്‌സിക്യൂട്ടിവ് ഡയറക്റ്ററും ഗവേണന്‍സ് ആൻഡ് കോര്‍പ്പറെറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ. വില്‍സണ്‍, ഡോ. മൂപ്പൻസ് മെഡിക്കൽ കോളെജ് ഓപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു.