

നെടുനീളൻ പ്രസംഗമില്ല, ഘോഷയാത്രയില്ല; പ്രവേശനോത്സവത്തിലും ചെലവ് ചുരുക്കാൻ സർക്കാർ
file image
തിരുവനന്തപുരം: ഭരണമാറ്റത്തിലെ പുതിയ പരിഷ്ക്കാരങ്ങൾ സ്കൂൾ പ്രവേശനോത്സവത്തിലും പ്രതിഫലിപ്പിക്കാൻ വി.ഡി. സതീശൻ സർക്കാർ. പതിവുപോലെ, പ്രവേശനോത്സവം നടത്തി വിദ്യാർഥികളെ വരവേൽക്കുമെങ്കിലും നെടുനീളൻ പ്രസംഗമോ കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രകളോ ഉണ്ടാവില്ല. പകരം കുട്ടികളുമായി സംവാദിക്കുന്ന അവതാരണ പരിപാടികൾ നടത്താനാണ് നിർദേശം.
നവാഗതരെ വരവേൽക്കുന്ന പരിപാടികൾ സാമ്പത്തികച്ചെലവില്ലാതെ, സാമൂഹിക പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനും പ്രത്യേകം നിർദേശമുണ്ട്.
ജൂൺ ഒന്നിനാണ് സ്കൂളുകൾ തുറക്കുക. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരനും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണും അടക്കമുള്ളവർ പങ്കെടുക്കും. ജില്ലാതല ഉദ്ഘാടനം മന്ത്രിമാരാവും നിർവഹിക്കുക. പരിപാടികളിൽ ജനപ്രതിനിധികൾക്ക് പുറമേ വിദ്യാഭ്യാസ പ്രവർത്തകരും സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുക്കും.