നൂറു കോടി രൂപയുടെ സ്കിൽ ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് കളമശേരിയിൽ

മൂന്നു മാസം മുതൽ ആറു മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണ് ഉണ്ടാവുക. 1600 വിദ്യാർഥികളെ ഓരോ വർഷവും പ്രവേശിപ്പിക്കും
കളമശേരിയിൽ സ്കിൽ ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് | Skill development institute kochi

ബിപിസിഎൽ - ടിസിസി ധാരണാപത്രം കൈമാറുന്നു.

Updated on

കളമശേരി: നൂറുകോടി രൂപ ചെലവിൽ ബിപിസിഎല്‍ കൊച്ചി റിഫൈനറി കളമശേരിയിൽ സ്ഥാപിക്കുന്ന സ്കിൽ ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ധാരണാപത്രം ഒപ്പുവച്ചു. വ്യവസായ മന്ത്രി പി. രാജീവ് പദ്ധതി പ്രഖ്യാപനം നടത്തി. കളമശേരി കണ്ടെയ്നർ റോഡിന് സമീപമുള്ള ടിസിസിയുടെ ഭൂമിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

കളമശേരി വ്യവസായ മേഖലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളായ എഫ്എസിടി, ടിസിസി, ബിപിസിഎൽ, കൊച്ചിൻ ഷിപ്പ്യാർഡ് തുടങ്ങിയവയുടെ സാമീപ്യം കണക്കിലെടുത്ത് വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും നൈപുണ്യ വികസനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വിദ്യാർഥികളുടെ താമസം, ഭക്ഷണം, യൂണിഫോം എന്നീ ഇനങ്ങളിലായി 10 കോടി രൂപ വീതം പ്രതിവർഷം ആവർത്തനച്ചെലവും സ്ഥാപനത്തിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

കളമശേരി പുതിയ റോഡിന് സമീപം വ്യവസായ വകുപ്പിന് കീഴിലുള്ള ടിസിസി വിട്ടു നൽകിയ ഭൂമിയിൽ നാല് ഏക്കർ ക്യാമ്പസിൽ 1,10,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉയരുക. അഡ്വാൻസ്ഡ് വെൽഡിങ് വിത്ത് റോബോട്ടിക്സ്, പ്രിസിഷൻ മാനുഫാക്ചറിങ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഇലക്ട്രിക് ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ട്രാൻസ്പോർട്ടേഷൻ, വാട്ടർ മാനേജ്മെന്‍റ് ആൻഡ് മോഡേൺ പ്ലംബിങ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്, ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്‍റ് മാനെജ്മെന്‍റ്, മീഡിയ ആൻഡ് എന്‍റർടെയ്ൻമെന്‍റ്, സ്മാർട്ട് മാനുഫാക്ചറിങ് തുടങ്ങിയ വിഷയങ്ങളിലായിരിക്കും കോഴ്സുകൾ നടത്തുക.

മൂന്നു മാസം മുതൽ ആറു മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണ് ഉണ്ടാവുക. 1600 വിദ്യാർഥികളെ ഓരോ വർഷവും പ്രവേശിപ്പിക്കും. നൈപുണ്യ വികസന രംഗത്തുള്ള അസാപ്, എൻടിടിഎഫ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ബിപിസിഎൽ ചെയർമാൻ സഞ്ജയ് ഖന്ന, ജില്ലാ കലക്റ്റർ ജി. പ്രിയങ്ക, ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, ബിപിസിഎൽ എക്സിക്യൂട്ടിവ് ഡയറക്റ്റർ ഡി. പാർത്ഥസാരഥി, ടിസിസി എംഡി ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com