
കേംബ്രിഡ്ജ്: ഗുരുദേവ ദർശനം കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷണത്തിന്‍റെ ഭാഗമാകുന്നു. കേംബ്രിഡ്ജ് സർവകലാശാലയിലെ ദക്ഷിണ ഏഷ്യൻ റിസർച്ച് ആൻഡ് സ്റ്റഡീസ് ഗവേഷണ വിഭാഗത്തിൽ നടന്ന ചടങ്ങിൽ ഡോ. സുരേഷ് കുമാർ മധുസൂദനനും പ്രൊഫ. പ്രകാശ് ദിവാകരനും ചേർന്നു രചിച്ച ഹാർമണി അൺവീൽഡ് ശ്രീനാരായണ ഗുരുസ് ബ്ലൂ പ്രിന്‍റ് ഫോർ വേൾഡ് പീസ് & പ്രോഗ്രസ്സ് എന്ന ഇംഗ്ലീഷ് പുസ്തകം ഉൾപ്പെടെ പതിനഞ്ചോളം പുസ്തകങ്ങൾ ഗവേഷണത്തിന് കൈമാറി.
ശിവഗിരി ആശ്രമം യുകെയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഗ്രന്ഥങ്ങൾ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് അംഗം ശ്രീമദ് വീരേശ്വരാനന്ദ സ്വാമികൾ കേംബ്രിഡ്ജ് സർവകലാശാലയുടെ ഗവേഷണ വിഭാഗം മേധാവി ലൂയിസ് ബ്രിട്ടനു കൈമാറി.
ചടങ്ങിൽ ലണ്ടൻ യൂണിവേഴ്സിറ്റി പ്രൊഫസർ അലക്സ് ഗ്യത്ത് കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജോജി ജോസഫ് രചയിതാക്കളായ ഡോ. സുരേഷ് കുമാർ മധുസൂദനനും പ്രൊഫസർ പ്രകാശ് ദിവാകരനും ശിവഗിരി ആശ്രമം യുകെ പ്രസിഡന്‍റ് ബൈജു പാലക്കൽ, സെക്രട്ടറി സജീഷ് ദാമോദരൻ, ആശ്രമത്തിന്‍റെ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ സതീഷ് കുട്ടപ്പൻ, സിബി കുമാർ, അനിൽ കുമാർ ശശിധരൻ, അനിൽ കുമാർ രാലവൻ, കല ജയൻ, മധു രവീന്ദ്രൻ, അനിഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ശിവഗിരി മഠം ഗുരുദേവന്‍റെ സന്ദേശങ്ങളും ലോക ജനതയിലേക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചതെന്ന് വീരേശ്വരാനന്ദ സ്വാമികൾ പ്രസ്താവിച്ചു. ലോകത്തെ നിലവിലുള്ള ജാതി, മത, ദേശഭേദങ്ങളാൽ സൃഷ്ടമായ അനിശ്ചിതാവസ്ഥകൾക്കുള്ള പരിഹാരമായി ഗുരുവിന്‍റെ സന്ദേശങ്ങളും ദർശനവും പ്രചരിപ്പിക്കുന്നതിന് ഈ പുസ്തകങ്ങൾ സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രചനയുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ. സുരേഷ് കുമാർ മധുസൂദനനും പ്രൊഫസർ പ്രകാശ് ദിവാകരനും വിശദീകരിച്ചു. സന്തോഷവും സമാധാനവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിന് ശ്രീനാരായണഗുരുവിന്‍റെ ദർശനം ഒരു നാഴികക്കല്ലാണെന്നും ആ ദർശനത്തെ ലോകം മുഴുവൻ പ്രചാരത്തിലേക്ക് എത്തിക്കുന്നതിനായുള്ള ഒരു ശ്രമമാണെന്നും അവർ പറഞ്ഞു.
മുൻപും യു കെ ശിവഗിരി ആശ്രമം മുമ്പ് ഓക്സ്ഫോർഡ് സർവകലാശാലയിലും ബ്രിട്ടീഷ് ലൈബ്രറിയിലെ ഗവേഷണ വിഭാഗത്തിനും ഗുരുവിനെ സംബന്ധിച്ച ഗ്രന്ഥങ്ങൾ കൈമാറിയിരുന്നു. അതിന്‍റെ തുടർച്ചയായി നടന്ന ഈ ചടങ്ങ് ശിവഗിരി ആശ്രമത്തിന്‍റെ നിസ്വാർത്ഥ പരിശ്രമത്തിന്‍റെ തെളിവാണെന്ന് ശിവഗിരി ആശ്രമം യു കെ പ്രസിഡന്‍റ് ബൈജു പാലക്കൽ പറഞ്ഞു. ചടങ്ങിൽ ബൈജു പാലക്കൽ സ്വാഗതവും ഗണേഷ് ശിവൻ നന്ദിയും രേഖപ്പെടുത്തി.