
#വി. അജിത്കുമാർ
കേരളത്തിൽ മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൂടി വരികയാണ്. ന്യൂ ജനറേഷനിൽപ്പെട്ട രാസലഹരികളുടെ ഉപയോഗമാണ് ഏറ്റവും ഭയാനകം. ലഹരിയുടെ ഉപയോഗം മൂലം ഒട്ടനവധി സാമൂഹ്യ പ്രശ്നങ്ങളും അപകടങ്ങളും ലൈംഗിക ചൂഷണവുമൊക്കെ നടക്കുന്നു. നമ്മുടെ കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയകൾ വിദ്യാലയങ്ങളിലും കലാലയങ്ങളിലും കടന്നു കയറിയിട്ടുണ്ട്. ചെറിയ കുട്ടികളെപ്പോലും ലഹരിവസ്തുക്കളുടെ ക്യാരിയേഴ്സായി ഉപയോഗിക്കുന്ന സാഹചര്യവുമുണ്ട്. അനവധി കുട്ടികൾ ലഹരിയുടെ അപകടവഴിയിൽ സഞ്ചരിക്കുന്നു എന്നതൊരു യാഥാർഥ്യമാണ്. ഈ തിരിച്ചറിവിൽ നിന്നു വേണം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്.
ലഹരിക്കെണിയിൽ വീണതിനു ശേഷം തിരികെ കയറാൻ പറ്റാത്ത സ്ഥിതിയിലാണു പല കുട്ടികളും. കുട്ടികൾക്കു ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം ഇപ്പോൾ സജീവമാണെന്നതും മറന്നുകൂടാ. അതുകൊണ്ടു തന്നെ ലഹരിക്കെതിരായ പോരാട്ടം അത്ര എളുപ്പമല്ല. വിദ്യാലയങ്ങളിലേയും കലാലയങ്ങളിലേയും ലഹരി ഉപയോഗം അവസാനിപ്പിച്ചില്ലെങ്കിൽ പുതിയ തലമുറയുടെ നാശമായിരിക്കും ഫലം. പൊലീസ്, എക്സൈസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ യോജിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയാലേ ഈ വിപത്തിൽ നിന്നും കരകയറാനാകൂ. പൊലീസ്, എക്സൈസ് വകുപ്പുകൾ നടപ്പിലാക്കിയിട്ടുള്ള യോദ്ധാവ്, നേർവഴി എന്നീ പദ്ധതികൾ നിലവിലുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വർഷം ലഹരിക്കെതിര വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പുതിയ അധ്യയന വർഷത്തിലും വ്യക്തമായ ദിശാബോധത്തോടെ അതു തുടരേണ്ടതുണ്ട്.
എല്ലാ വിദ്യാലയങ്ങളിലും ലഹരിക്കെതിരായ ജാഗ്രതാ സമിതികൾ (പ്രവർത്തിക്കുന്നവ) ഉണ്ടാകണം. ജാഗ്രതാ സമിതിക്ക് കൃത്യമായ പ്രവർത്തന പദ്ധതിയും തയാറാക്കണം. രണ്ടാഴ്ച്ചയിൽ ഒരിക്കലെങ്കിലും ജാഗ്രതാ സമിതി വിലയിരുത്തലുകൾ നടത്തി തുടർനടപടികൾ സ്വീകരിക്കുന്നതാണു ഫലപ്രദം. നിതാന്ത ജാഗ്രത പുലർത്തുന്നതാകണം ഇത്തരം ജാഗ്രതാ സമിതികൾ.
കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം നേർവഴിക്ക് നയിക്കുക എന്ന വലിയ ഉത്തരവാദിത്തവും അധ്യാപകർക്കുണ്ട്. ക്ലാസ് അധ്യാപകർ ഓരോ കുട്ടിയേയും അടുത്തറിയണം. കുട്ടികളിലുണ്ടാകുന്ന ഓരോ മാറ്റവും തിരിച്ചറിയാൻ അധ്യാപകർക്കു കഴിയും. അസാധാരണ മാറ്റങ്ങൾ കണ്ടാൽ ഇടപെടലുകൾ നടത്തി, ലഹരി ഉപയോഗിക്കുന്നവരാണെങ്കിൽ അതിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ ആരംഭിക്കണം. ഇത്തരം കാര്യങ്ങളിൽ അധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകേണ്ടതുണ്ട്. കൗൺസിലിങ്ങിനുള്ള സംവിധാനം എല്ലാ വിദ്യാലയങ്ങളിലും അടിയന്തരമായി ഒരുക്കണം.
വിദ്യാലയങ്ങളിൽ ലഹരിക്ക് അടിമപ്പെടുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും വീട്ടിലെ അല്ലെങ്കിൽ വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം അസ്വസ്ഥതകൾ അനുഭവിക്കുന്നവരായിരിക്കും. കുട്ടികൾക്കു സാധാരണ പഠനപ്രവർത്തനങ്ങൾക്ക് പുറമെ കായിക പ്രവർത്തനങ്ങൾ, ഗെയിമുകൾ, മ്യൂസിക്, ചെസ്, ഡാൻസ്, ഇൻസ്ട്രുമെന്റ്സ് തുടങ്ങിയ ഏതെങ്കിലും ഇഷ്ടപ്പെട്ട വിഷയത്തിൽ പരിശീലനത്തിന് അവസരമൊരുക്കണം. ഇതു ലഹരി ഉപയോഗത്തിലേക്കു പോകുന്നതിനുള്ള സാധ്യത കുറയ്ക്കും.
ലഹരി ഉപയോഗത്തിന്റെ ദോഷങ്ങളെ പറ്റി ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്കൂളിൽ നടക്കണം. രക്ഷിതാക്കൾക്കും ഇതു സംബന്ധിച്ച കൃത്യമായ ബോധവൽക്കരണം സ്കൂളിൽ നിന്നു നൽകണം.
നമ്മുടെ വിദ്യാലയങ്ങളെ ലഹരി മുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനു സമൂഹത്തിലെ എല്ലാവരും ഒത്തുചേർന്നുള്ള പ്രവർത്തനം അനിവാര്യമാണ്. നമ്മുടെ കുട്ടികൾ ലഹരിക്കെണികളിൽ വീഴാതെ നോക്കുക സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് .
(തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് എൽപിഎസ് അധ്യാപകനാണ് ലേഖകൻ)