

സ്വന്തം ലേഖകൻ
അബുദാബി: സ്കൂളുകളിൽ പരീക്ഷകൾ ഒഴിവാക്കിയുള്ള പരീക്ഷണത്തിന് യുഎയിലെ വിദ്യാഭ്യാസ വകുപ്പ് തയാറെടുക്കുന്നു. രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥികൾക്കിടയിലാണ് വാർഷിക പരീക്ഷകൾക്ക് പകരം നൈപുണ്യ പരിശോധന നടത്തി മികവ് നിർണയിക്കുന്ന രീതി പരീക്ഷിക്കാനൊരുങ്ങുന്നത്.
അഞ്ച് മുതൽ എട്ട് ഗ്രേഡ് വരെയുള്ള ക്ലാസുകളിൽ രണ്ടാം ഘട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ സാങ്കേതിക വകുപ്പ് സഹ മന്ത്രി സാറ അൽ അമിരി വ്യക്തമാക്കി. മൂല്യനിർണയ രീതിയിൽ വരുത്തുന്ന മാറ്റം ക്രമാനുഗതമായ ഒരു സാംസ്‌കാരിക പ്രക്രിയയാണെന്നും ഒറ്റയടിക്ക് ഇത് സാധ്യമാവില്ലെന്നും മന്ത്രി വിശദീകരിച്ചു.
കുട്ടികളുടെ വിജയ ശതമാനം 70 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് മാറി ചിന്തിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സന്നദ്ധത അറിയുന്നതിന് രണ്ടാം ഘട്ടത്തിലാണ് ഇത് നടപ്പാക്കുക. ഫൈനൽ പരീക്ഷയിലെ പ്രകടനം പാഠ്യപദ്ധതി എത്രത്തോളം കൃത്യമായി വിദ്യാർഥികൾ ഉൾക്കൊണ്ടിട്ടുണ്ട് എന്നതിന്‍റെ പ്രതിഫലനമല്ലെന്നും മന്ത്രി.
അതേസമയം, നൈപുണ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള മൂല്യനിർണയ രീതിശാസ്ത്രം എന്താണെന്നും എങ്ങനെയാണ് ഇത് പ്രവർത്തികമാക്കുകയെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടില്ല.
കഴിഞ്ഞ വർഷം 20000 വിദ്യാർഥികൾ സ്വകാര്യ മേഖലയിലെ സ്കൂളുകളിൽ നിന്ന് പൊതു വിദ്യാലയങ്ങളിലേക്ക് മാറിയെന്നാണ് കണക്ക്. ഈ മാസം 26 ന് പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ 2,80,000 വിദ്യാർഥികൾ സർക്കാർ സ്കൂളുകളിൽ എത്തുമെന്നും അധികൃതർ വ്യക്തമാക്കി.
അവധി കഴിഞ്ഞ് അധ്യയനം പുനരാരംഭിക്കുമ്പോൾ 12 പുതിയ സ്കൂളുകളും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ 13 സ്കൂളുകളും തുറക്കും. ഈ വർഷം 5000 പുതിയ സ്കൂൾ ബസുകളും നിരത്തിലിറങ്ങും.