

യുജിസി-നെറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: യുജിസി-നെറ്റ് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ പുനഃപരീക്ഷ ഫലം ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ നിരവധി പിഴവുകളുണ്ടെന്ന പരാതിയെ തുടർന്നാണ് പുനഃപരീക്ഷ നടത്തിയത്.
ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാമെന്ന് എൻടിഎ എക്സിൽ അറിയിച്ചു. ഇംഗ്ലീഷ് പുനഃപരീക്ഷ സെപ്റ്റംബർ ഒൻപതിന് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് നടന്നത്. കൊമേഴ്സ് പുനഃപരീക്ഷ അന്നേദിവസം ഉച്ചയ്ക്ക് മൂന്ന് മുതൽ വൈകിട്ട് ആറ് വരെയും നടന്നു. സോഷ്യോളജി പുനഃപരീക്ഷ സെപ്റ്റംബർ 10ന് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു.
ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലാണ് യുജിസി-നെറ്റ് പരീക്ഷ നടത്തിയത്. എന്നാൽ പേപ്പറുകളിൽ പിഴവുകളുണ്ടെന്ന പരാതിയെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തുകയായിരുന്നു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യത നിർണയിക്കുന്നതിനാണ് നെറ്റ് പരീക്ഷ.