
ബ്രിട്ടിഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം.
ന്യൂഡൽഹി: ഇന്ത്യ-യുകെ ബന്ധങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് ഒമ്പത് ബ്രിട്ടിഷ് സർവകലാശാലാ കാമ്പസുകൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മുംബൈയിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സുപ്രധാന പ്രഖ്യാപനം.
വിദ്യാഭ്യാസ രംഗത്തെ ഈ സഹകരണം ഇരു രാജ്യങ്ങളിലെയും ആയിരക്കണക്കിന് ആളുകൾക്ക് മികച്ച തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ, ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയുടെ ബെംഗളൂരുവിലെ കാമ്പസിനായുള്ള ലെറ്റർ ഓഫ് ഇന്‍റന്‍റ്, ഗിഫ്റ്റ് സിറ്റിയിൽ സറേ യൂണിവേഴ്സിറ്റി കാമ്പസ് സ്ഥാപിക്കുന്നതിനുള്ള തത്വത്തിലുള്ള അംഗീകാരം എന്നിവ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ഈ സന്ദർശനത്തിന്‍റെ ഭാഗമായി ഉണ്ടായി.
ഏറ്റവും മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ ബ്രിട്ടൻ ഇന്ത്യയുടെ മുൻനിര അന്താരാഷ്ട്ര പങ്കാളിയായി മാറും എന്നും ഇത് വിഷൻ 2035-ന് കരുത്ത് പകരും എന്നും കീർ സ്റ്റാർമർ അഭിപ്രായപ്പെട്ടു.
'പ്രതിരോധം, സുരക്ഷ മുതൽ വിദ്യാഭ്യാസം, ഇന്നോവേഷൻ വരെ ഇന്ത്യ-യുകെ ബന്ധം പുതിയ മാനങ്ങൾ തേടുകയാണ്'- മോദി പറഞ്ഞു. ഏറ്റവും വലുതും സ്വാധീനമുള്ളതുമായ വിദ്യാഭ്യാസ പ്രതിനിധി സംഘമാണ് പ്രധാനമന്ത്രി സ്റ്റാർമറിനൊപ്പം ഇന്ത്യ സന്ദർശിച്ചത് എന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.