
യുഎസ് യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർഥികളുടെ പഠനം തടസപ്പെടും
വാഷിങ്ടൺ ഡിസി: യുഎസ് സർക്കാർ നിർദേശിച്ച നയം മാറ്റം അംഗീകരിച്ചില്ലെങ്കിൽ പ്രശസ്തമായ ഹാർവാർഡ് അടക്കമുള്ള യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം തടസപ്പെടും. ഡോണൾഡ് ട്രംപ് ഭരണകൂടം നിർദേശിച്ച മാറ്റങ്ങൾ പിന്തുടരാൻ തയാറാകാത്ത വിവിധ യൂണിവേഴ്സിറ്റികൾക്കെതിരേ നടപടി തുടരുകയാണ്.
ഐവി ലീഗ് യൂണിവേഴ്സിറ്റിയുടെ ഫെഡറൽ ഫണ്ടിങ്ങും രണ്ട് ബില്യൻ ഡോളർ മതിക്കുന്ന കരാറുകളും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് റദ്ദാക്കിക്കഴിഞ്ഞു. സമാന നടപടിയാണ് ഹാർവാഡ് യൂണിവേഴ്സിറ്റിയും അഭിമുഖീകരിക്കുന്നത്.
നിയമവിരുദ്ധവും ആക്രണോത്സുകവുമായ പ്രവർത്തനങ്ങൾ പല യൂണിവേഴ്സിറ്റികളിലും നടക്കുന്നുണ്ടെന്നാണ് സർക്കാരിന്‍റെ കണ്ടെത്തൽ. വിദേശ വിദ്യാർഥികൾ ഉൾപ്പെട്ട അക്രമ സംഭവങ്ങളുടെ വിശദമായ റിപ്പോർട്ട് ഏപ്രിൽ 30നുള്ളിൽ സമർപ്പിക്കാനും നിർദേശം.
ആകെ 53.2 ബില്യൻ ഡോളറിന്‍റെ എൻഡോവ്മെന്‍റാണ് ഹാർവാർഡ് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കു നൽകിവരുന്നത്. ഇതിൽ ഒമ്പത് ബില്യൻ സർക്കാർ സഹായമാണ്. ഈ പണം അമെരിക്കൻ വിരുദ്ധവും ഹമാസ് അനുകൂലവുമായ ആശയങ്ങളുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
യുഎസിലെ വിവിധ യൂണിവേഴ്സിറ്റി കാംപസുകളിൽ ഇസ്രയേലിന്‍റെ ഗാസ ആക്രമണത്തിനെതിരേ പലസ്തീൻ അനുകൂല പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. വിദേശ വിദ്യാർഥികൾ വ്യാപകമായി ഇവയിൽ പങ്കെടുത്തതാണ് യുഎസ് അധികൃതരെ പ്രകോപിപ്പിക്കുന്നത്. സ്റ്റുഡന്‍റ് വിസയിൽ വന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത പല വിദേശികളെയും യുഎസ് അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്.